പകടം ഏത് നിമിഷവും പ്രതീക്ഷിക്കാവുന്ന മത്സരം. കുഴികളും വെള്ളവും വഴുക്കലും നിറഞ്ഞ ട്രാക്ക്. അസാമാന്യ ധൈര്യവും ബുദ്ധിയും വേണം വിജയത്തിന്. അന്താരാഷ്ട്രതലത്തില്‍ ഗോവയില്‍ നടന്ന റെയിന്‍ ഫോറസ്റ്റ് ചലഞ്ച് ഓഫ് റോഡ് ഡ്രൈവിങ്ങില്‍ കരുത്തറിയിക്കുകയാണ് മലയാളികളും. അതില്‍ മൂന്നാംസ്ഥാനം നേടിയിരിക്കുകയാണ് പെരിന്തല്‍മണ്ണ അരക്കുപറമ്പ് പുത്തൂര്‍ സ്വദേശി ഡോ. മുഹമ്മദ് ഫഹദ്.

ആദ്യമായാണ് ഗോവയിലെ മത്സരത്തിനെത്തിയത്. സഹസാരഥിയായി കോഴിക്കോട് പെരുമണ്ണ പി.എച്ച്.സി. യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവ് ലാലും ഉണ്ടായിരുന്നു. ഓഫ് റോഡ് മത്സരങ്ങളില്‍ ലോകത്തിലെ ഏറ്റവും ദുര്‍ഘടമായ ട്രാക്കുകളില്‍ മൂന്നാം സ്ഥാനത്താണ് ഗോവ. അതിനാല്‍തന്നെ ഓവറോള്‍ മൂന്നാം സ്ഥാനവും 1600-3,000 സി.സി. ഡീസല്‍ വിഭാഗത്തിലെ വ്യക്തിഗത ജേതാവെന്ന നേട്ടത്തിനും മൂല്യമേറുന്നു.

സാഹസികനായ ഡോക്ടര്‍

മലപ്പുറം ജില്ലാ ആയുര്‍വേദാശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടറാണ് ഈ 35-കാരന്‍. ചെറുപ്പത്തിലേ വാഹനക്കമ്പമേറെയുണ്ടായിരുന്ന ഡോ. ഫഹദ് ആറുവര്‍ഷത്തോളമായി കേരളത്തിലെയും പുറത്തെയും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നു.

Off Road Race
ഡോ. മുഹമ്മദ് ഫഹദും രാജേഷ് ലാലും വാഹനവുമായി മത്സരത്തില്‍ | ഫോട്ടോ: ബേസില്‍ സണ്ണി

26 ഘട്ടങ്ങള്‍, 7 ദിവസം

21 ടീമുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പല വിഭാഗങ്ങളിലായി മത്സരിച്ചത്. 26 ഘട്ടങ്ങളായി ഏഴുദിവസമായിരുന്നു മത്സരം. ചണ്ഡീഗഢില്‍ നിന്നുള്ള കബീര്‍-ദുഷ്യന്ത് ടീം ഒന്നാമതെത്തിയ മത്സരത്തില്‍ മലയാളികളായ കോട്ടയം സ്വദേശി ആനന്ദ് മാഞ്ഞൂരാനും പെരുമ്പാവൂര്‍ സ്വദേശി വിഷ്ണുരാജുമടങ്ങുന്ന ടീം രണ്ടാം സ്ഥാനം നേടി. ഇവര്‍ക്ക് പിന്നിലായാണ് ഡോ. മുഹമ്മദ് ഫഹദിന്റെയും രാജീവ് ലാലിന്റെയും നേട്ടം. മലയാളികളായ സാം കുര്യന്‍-സഖറിയ ടീം നാലാം സ്ഥാനത്തെത്തി. മുഹമ്മദ് ഷഫിന്‍-അബ്രഹാം പോള്‍സണ്‍ ടീം 1600-3000 സി.സി. ഡീസല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.

ദുബായിലെ ഷിപ്പിങ് കമ്പനിയായ ഗള്‍ഫ് ഫസ്റ്റിന്റെ ഉടമയും മലയാളിയുമായ ഷെമി മുസ്തഫ-മുഹമ്മദ് നബില്‍ ടീം 3000 സി.സി. ക്ക് മുകളിലെ പെട്രോള്‍ വാഹന വിഭാഗത്തില്‍ ഒന്നാമതെത്തി. ഈ കമ്പനിയുടെ സ്‌പോണ്‍സറിങ്ങിലാണ് ഡോ. ഫഹദ് മത്സരത്തിനെത്തിയത്. മലപ്പുറം ഓഫ് റോഡ് ക്ലബ്ബിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ടായി. മലേഷ്യയില്‍ പ്രധാനമായി നടക്കുന്ന റെയിന്‍ ഫോറസ്റ്റ് ചലഞ്ച് 2014-ലാണ് ഇന്ത്യയില്‍ തുടങ്ങിയത്. 'കൂഗര്‍ മോട്ടോര്‍ സ്പോര്‍ട്സ്' ആണ് ഗോവയില്‍ മത്സരം സംഘടിപ്പിച്ചത്.

Content Highlights: Goa Rain Forest Challenge Off Road Drive Winners Form Malappuram