ബേളയിൽ നിർമാണം പൂർത്തിയാക്കിയ ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷൻ | ഫോട്ടോ: മാതൃഭൂമി
കോടികള്‍ ചെലവിട്ട് ജര്‍മന്‍ സാങ്കേതികവിദ്യയില്‍ കാസര്‍കോട് ബേളയില്‍ നിര്‍മിച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ ആധുനിക ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനില്‍ വണ്ടി അനങ്ങാന്‍ ജര്‍മനിയില്‍നിന്ന് ആളെത്തെണം. കോവിഡില്‍ അന്താരാഷ്ട്രയാത്രകള്‍ നിലച്ചതോടെ പരിശീലനം നല്കാന് ജര്‍മനിയില്‍നിന്നുള്ള വിദഗ്ധര്‍ക്ക് കേരളത്തിലേക്ക് എത്താന്‍ കഴിയാഞ്ഞതാണ് ടെസ്റ്റ് സ്റ്റേഷന് തുറക്കാന്‍ വൈകുന്നത്.
കൂടാതെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷനേറ്റ് സ്റ്റേഷന്റെ നടത്തിപ്പ് ഏജന്‍സിക്ക് നല്‍കണം. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും തീരുമാനമായിട്ടില്ല. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തിയ കെ.ഐ.ടി.സി.ഒ. (കിറ്റ്കോ) സ്റ്റേഷന് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിട്ടുമില്ല.
ഉപകരണങ്ങള്‍ നിര്‍മിച്ച ജര്‍മന്‍ കമ്പനിക്ക് ഏജന്‍സിക്കും മോട്ടോര്‍ വാഹനവകുപ്പിനും പരിശീലനം നേരിട്ടുനല്കാനാണ് താത്പര്യം. രണ്ടുമാസത്തിനുള്ളില്‍ വിദഗ്ധസംഘത്തെ ജര്‍മനിയില്‍നിന്ന് നാട്ടിലെത്തിച്ച് പരിശീലനം നല്‍കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 4.2 കോടി ചെലവില്‍ സര്‍ക്കാര്‍ നല്കിയ ഒന്നരയേക്കറില്‍ നിര്‍മിച്ച ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനും കംപ്യൂട്ടര്‍വത്കൃത വാഹനപരിശോധനയും കെട്ടിടങ്ങളും ഫെബ്രുവരിയില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനല്ലേ... നല്ല റോഡൊക്കെ വേണ്ടേ?
അത്യാധുനിക ജര്‍മന്‍ സാങ്കേതികവിദ്യയിലാണ് സ്റ്റേഷന് നിര്‍മിച്ചതെങ്കിലും അവിടെയെത്താന്‍ നല്ലൊരു റോഡ് വേണ്ടേ. ബേള കുമാരമംഗലം ക്ഷേത്രത്തിന് പിറകുവശത്താണ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് മുന്നിലൂടെ ടാറിട്ട റോഡുണ്ട്. അവിടെനിന്ന് സ്റ്റേഷനിലേക്കുള്ള 50 മീറ്ററിലേറെ ദൂരം കുഴികള്‍ നിറഞ്ഞ മണ്‍പാതയാണ്. ലൈസന്‍സ് നേടി സ്വന്തം വണ്ടിയില്‍ ആവേശത്തില്‍ ചാടിക്കയറി ഓടിക്കുന്നവര്‍ ഉരുണ്ട് വീഴാന്‍ സാധ്യതകളേറെയുണ്ട്.
വൈകിയത് കോവിഡ് മൂലം
സ്റ്റേഷന് മോട്ടോര്‍ വാഹനവകുപ്പിന് കൈമാറിയിട്ടില്ല. കോവിഡ് മൂലമാണ് പരിശീലനമുള്‍പ്പെടെ വൈകുന്നത്. ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച മറ്റാരെയെങ്കിലും കൊണ്ട് പരിശീലനം നടത്താന്‍ കഴിയുമോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
എ.കെ. രാധാകൃഷ്ണന്, ആര്.ടി.ഒ. കാസര്‍കോട്
Content Highlights: German Technology Based Driving Test Track In Kasaragod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..