2021-ൽ േമാട്ടോർ സ്പോർട്സ് റൈഡറായ ആതിര മുരളിയുടെ നാവിഗേറ്ററായി ജോർജ് വർഗീസ് ഐ.എൻ.ആർ.സി.യിലും പങ്കെടുത്തപ്പോൾ | ഫോട്ടോ: മാതൃഭൂമി
ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിട്ട നാവിഗേറ്റര്‍ ജോര്‍ജ് വര്‍ഗീസ് അന്ത്യയാത്ര പറയുമ്പോള്‍ കേരളത്തിലെ മോട്ടോര്‍ സ്പോര്‍ട്സ് പ്രേമികള്‍ക്ക് നികത്താനാകാത്ത നഷ്ടമാണ് ആ വിടവാങ്ങല്‍. നാഷണല്‍ റാലി നാവിഗേറ്റര്‍, ഓഫ് റോഡ് ഡ്രൈവര്‍, മത്സരങ്ങളുടെ സംഘാടകന്‍, സേഫ്റ്റി ഇന്‍സ്ട്രക്ടര്‍, ഫോട്ടോഗ്രാഫര്‍ മെക്കാനിക്ക്... അങ്ങനെ, അങ്ങനെ വാഹനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശത്തെ അദ്ദേഹം പലവഴികളില്‍ കണ്ടുമുട്ടി. അപ്പോഴൊക്കെ സാഹസികതയും വേഗവും അദ്ദേഹത്തിന് കൂട്ടായി. ആ അനുഭവപാഠമാണ് എന്നും കേരള മോട്ടോര്‍ സ്പോര്‍ട്സിന്റെ ചിരിക്കുന്ന മുഖമാകാന്‍ ജോര്‍ജ് വര്‍ഗീസിന് കഴിഞ്ഞത്.
അദ്ദേഹം നല്കിയ പ്രോത്സാഹനത്തിലൂടെയാണ് കേരളത്തില്‍ താനടക്കം പലര്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് മോട്ടോര്‍ സ്പോര്‍ട്സ് റൈഡറായ ആതിര മുരളി പറയുന്നു. കേരളത്തില്‍ അടുപ്പമുള്ളവര്‍ ജോര്‍ജ് ചേട്ടന് എന്ന് വിളിക്കുന്ന ജോര്‍ജ് വര്‍ഗീസിന്റെ സാന്നിധ്യമില്ലാത്ത റാലികള്‍ അടുത്തെങ്ങും കേരളത്തിലുണ്ടായിട്ടില്ല.
സി.എം.എസ്. കോളേജിലെ പഠനത്തിനുശേഷം വ്യോമസേനയില്ചേര്ന്ന അദ്ദേഹത്തിന്റെ റാലി കരിയര്‍ ആരംഭിക്കുന്നത് വ്യോമസേനയുടെ ഹിമാലയന്‍ റാലി ടീമിലെ നാവിഗേറ്ററായിട്ടാണ്. തുടര്‍ന്ന്, വ്യോമസേന ടീമിന്റെ സ്ഥിരംസാന്നിധ്യമായി. മടങ്ങിവന്ന് ആദ്യംചെയ്തത് 'പാസിയന്‍ അഡ്വഞ്ചര്‍' എന്ന പേരില്‍ ഒരു ക്ലബ്ബ് ആരംഭിക്കുകയായിരുന്നു. ഒപ്പം നിരവധി അഡ്വഞ്ചര്‍ സ്പോര്‍ട്സ്, മോട്ടോര്‍ സ്പോര്‍ട്സ് പരിപാടികള്‍ സംഘടിപ്പിച്ചു. 2010-ല്‍ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഐ.എന്‍.ആര്.സി.) റാലി ജോര്‍ജിന്റെ നേതൃത്വത്തില്‍ പാസിയന്‍ അഡ്വഞ്ചര്‍ ക്ലബ്ബ് കുട്ടിക്കാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
അഡ്വഞ്ചര്‍ സ്പോര്‍ട്സ് പാരാഗ്ലൈഡിങ്, മൗണ്ടന്‍ ക്ലൈമ്പിങ് തുടങ്ങി കൈവെയ്ക്കാത്ത മേഖലകള്‍ ചുരുക്കം. കേരള സര്‍ക്കാര്‍ വാഗമണില്‍ നടത്തിയ അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഇവന്റിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. ഇടക്കാലത്ത് നിന്നുപോയ പോപ്പുലര്‍ റാലി 2017-ല്‍ വീണ്ടും ആരംഭിക്കുന്നതിനും അദ്ദേഹം കാരണക്കാരനായി. കേരളത്തിലെ നിരവധി റാലികളുടെ സംഘാടകരായ സതേണ്‍ മോട്ടോര്‍ സ്പോര്‍ട്സിലും കോട്ടയം ജീപ്പേഴ്സിലും അംഗമായിരുന്നു. ഡോ. ബിക്കു ബാബുവിന്റെ നാവിഗേറ്ററായി നിരവധി നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ 2021-ല്‍ ആതിര മുരളിയുടെ നാവിഗേറ്ററായി ഐ.എന്‍.ആര്.സി.യിലും പങ്കെടുത്തു. 'അന്നാണ് അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയുന്നത്. എന്നിട്ടും അദ്ദേഹം എനിക്കൊപ്പമുണ്ടായി. പലപ്പോഴും എനിക്കും അച്ഛനുമൊപ്പം അദ്ദേഹം വലിയ യാത്രകള്‍ നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ വ്യോമസേനയില്‍ നടത്തിയ സാഹസിക റാലികളെക്കുറിച്ച് പറയുമായിരുന്നു. തീരെ വയ്യാതെ ആശുപത്രിയില്‍ കിടന്ന സമയത്തും റാലികള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുമായിരുന്നു. അത്രയും ആയാസപ്പെട്ട് മാത്രം ചെയ്യാന്‍ കഴിയുന്ന ആ ജോലി അദ്ദേഹത്തിന്റെ മനഃശക്തികൊണ്ട് മാത്രമാണ് നടത്താന്‍ കഴിഞ്ഞത്,' -ആതിര പറയുന്നു. അതൊരു ധൈര്യമായിരുന്നു.
Content Highlights: George Varghese, Off road driver, rally navigator, safety instructor, vehicle mechanic, off roader
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..