റോഡപകടങ്ങളില്‍പ്പെട്ട് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ ജീവന്‍ നഷ്ടപ്പെടുന്നവരേറെ. അപകടത്തില്‍ ഇടപെടുന്നതും വാഹനത്തില്‍ രക്തക്കറയും മറ്റ് അഴുക്കുകളും ഉണ്ടാകുമെന്ന ആശങ്കകളുമൊക്കെയാണ് പലരെയും രക്ഷാ പ്രവര്‍ത്തനത്തില്‍നിന്ന് പിന്നോട്ടു വലിക്കുന്നത്.

ഇതിനു മാറ്റം വരുത്താനാണ് രണ്ടു യുവാക്കളുടെ ശ്രമം. അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ വാഹനത്തില്‍ അഴുക്കോ രക്തക്കറയോ പുരണ്ടാല്‍ സൗജന്യ കാര്‍ വാഷ് എന്ന ആശയം ഇവര്‍ മുന്നോട്ടു വെയ്ക്കുന്നു. 2016-ല്‍ കാക്കനാട്ട് ആരംഭിച്ച 'ക്യാഗ്ഗോ സ്റ്റീം കാര്‍ വാഷ്' എന്ന സ്ഥാപനമാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. അജ്മല്‍ ഖാലിദും ജിതിനുമാണ് ഇതിനു പിന്നില്‍.

ജിതിന്‍ ഒരു അപകടത്തിന് സാക്ഷിയായതോടെയാണ് ഇതിലേക്ക് എത്തിയതെന്നും അജ്മല്‍ ഖാലിദ് പറഞ്ഞു. അപകടങ്ങളില്‍പ്പെടുന്നവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള ബോധവത്കരണമായാണ് സൗജന്യ സേവനം നല്‍കുന്നതെന്നും ഇവര്‍ പറയുന്നു.

നീരാവിയിലൂടെയുള്ള കാര്‍ വാഷിങ്ങിന് കൊറിയന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഒരു കാര്‍ കഴുകുമ്പോള്‍ സാധാരണ 100 മുതല്‍ 150 ലിറ്റര്‍ വരെ വെള്ളം പാഴാകും. ഒരു മണിക്കൂര്‍ സമയവും വേണം. എന്നാല്‍, നീരാവി ഉപയോഗിച്ച് കാര്‍ കഴുകാന്‍ 40 മിനിറ്റും അഞ്ചു ലിറ്റര്‍ വെള്ളവും മതി.

നീരാവി കൊണ്ടുള്ള ഗുണങ്ങള്‍

കാറിലെ രോഗാണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാന്‍ ശേഷിയുള്ള 135 ഡിഗ്രി നീരാവിയിലാണ് കാര്‍ വൃത്തിയാക്കുന്നത്. കോവിഡ്കാലത്ത് അണുനാശിനിയായും ഇത് പ്രവര്‍ത്തിക്കും. രക്തക്കറ മാറ്റുന്നതോടൊപ്പം, വാഹനത്തില്‍ നിറയാന്‍ സാധ്യതയുള്ള ദുര്‍ഗന്ധങ്ങളും നീരാവിയിലൂടെ ഇല്ലാതാകും.

സേവനം പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

അപകടത്തില്‍പെട്ട വ്യക്തിയെ ആശുപത്രിയിലെത്തിച്ചശേഷം 9137123456-ലേക്കു ലൊക്കേഷന്‍ വിവരങ്ങള്‍ വാട്സാപ് ചെയ്താല്‍ ഉടമയുടെ വീട്ടുപടിക്കലെത്തി വാഹനം വൃത്തിയാക്കും. സംസ്ഥാനത്താകെ നൂറിലധികം സെന്ററുകള്‍ വഴി 1300 പിന്‍കോഡുകളില്‍ സൗജന്യസേവനം ലഭ്യമാണ്.