പാലപ്പെട്ടി എ.എം.എല്‍.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഹാഫിസിന്റെ മൂന്നുമിനിറ്റും 11 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

'പ്രിയമുള്ളവരേ.. ഞാന്‍ മുഹമ്മദ് ഹാഫിസ് പാലപ്പെട്ടി' സ്വന്തമായി പരിചയപ്പെടുത്തിയശേഷം ഈ കൊച്ചുമിടുക്കന്‍ സംസ്ഥാനത്തെ 18 റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളും 61 ഉപ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളുമുള്‍പ്പെടെ വാഹനവകുപ്പിന്റെ സംസ്ഥാനത്തെ 79 ആര്‍.ടി.ഒ. ഓഫീസുകളുടെ പേരും അവയുടെ നമ്പറും കാണാതെപറയുന്ന വീഡിയോ ഇതിനോടകം നവമാധ്യമങ്ങളില്‍ ഒരുലക്ഷത്തോളംപേര്‍ കണ്ടുകഴിഞ്ഞു.

ഇതിനുപുറമെ സ്‌കൂളുകളിലെ ഓണ്‍ലൈന്‍ക്ലാസുകള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വീഡിയോ വൈറലായിട്ടുണ്ട്. കെ.എല്‍. 01 തിരുവനന്തപുരം മുതല്‍ 79 വെള്ളരിക്കുണ്ട് വരെയുള്ള ആര്‍.ടി.ഒ. ഓഫീസുകളുടെ പേരും നമ്പറും വീഡിയോയിലുണ്ട്.

സംവിധായകന്‍ സലാംബാപ്പു ഉള്‍പ്പെടെയുള്ളവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പിതാവ് പാലപ്പെട്ടി അജ്മീര്‍ നഗര്‍ സ്വദേശി പള്ളിയാകയില്‍ ബാദുഷ ഡ്രൈവിങ് ലൈസന്‍സ് എഴുത്തുപരീക്ഷയ്ക്ക് പഠിക്കാനായി കൊണ്ടുവന്ന പുസ്തകം നോക്കിയാണ് മുഹമ്മദ് ഹാഫിസ് പഠിച്ചത്.

പാലപ്പെട്ടി എ.എം.എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപിക ഷീബയാണ് ഈ കൊച്ചുമിടുക്കന്റെ കഴിവ് ആദ്യമായി ശ്രദ്ധിച്ചത്. പിന്നീട് ക്ലാസ് അധ്യാപിക ഭാമ പറഞ്ഞാണ് രക്ഷിതാക്കളും മകന്റെ ഈ കഴിവ് അറിയുന്നത്. പിതാവ് ബാദുഷയാണ് മകന്‍ മുഹമ്മദ് ഹാഫിസ് പറയുന്ന വീഡിയോ പകര്‍ത്തിയത്. പിന്നീട് അധ്യാപികയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇവരാണ് വീഡിയോ സമൂഹമാധ്യമങ്ങളിലിട്ടത്.