സീതത്തോട് നീലിപിലാവ് കോയിക്കലേത്ത് വിനീതിന് ടൂറിസ്റ്റ് ബസുകളും നാഷണല്‍ പെര്‍മിറ്റ് ലോറികളും ജീപ്പും കാറുമൊക്കെയായി അനേകം വാഹനങ്ങളുണ്ട്. ഒരു വലിയ മുതലാളിയുടെ സെറ്റപ്പുകളെല്ലാം സ്വന്തം. പക്ഷേ, വീടു കഴിയുന്നതിന് ബുദ്ധിമുട്ടിലാണെന്ന് മാത്രം. വാഹനങ്ങളില്‍നിന്നെല്ലാം വലിയ വരുമാനമുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. പ്ലാസ്റ്റിക്കിലും ചിരട്ടയിലുമൊക്കെയായി നിര്‍മിച്ചിരിക്കുന്ന ഈ വാഹനങ്ങളെല്ലാം നീലിപിലാവ് മലമുകളിലുളള വിനീതിന്റെ വീടിനുള്ളിലെ മുറിയില്‍ കിടക്കുകയാണ്.

സ്വകാര്യ ബസ് ഡ്രൈവറായിരുന്ന വിനീതിന് കരളിന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി കാര്യമായ ജോലികളൊന്നും ചെയ്യാന്‍ കഴിയില്ല. ഇതിനിടെയാണ് ലോക്ഡൗണ്‍ വന്നുപെട്ടത്. ചെറുപ്പം മുതലെ വാഹനങ്ങളോട് ഏറെ കമ്പമാണ് വിനീതിന്. വീട്ടില്‍ വെറുതെ ഇരുന്നപ്പോഴാണ് വാഹനങ്ങള്‍ നിര്‍മിച്ചാലെന്തെന്ന ചിന്ത ഉടലെടുത്തത്. അപ്പോഴും അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തത് പ്രശ്നമായി. അതിനും വിനീത് പരിഹാരം കണ്ടെത്തി. ഇതോടെ പണി തുടങ്ങി.

വീട്ടിലെ ഉപയോഗശൂന്യമായ പഴയ ചെരിപ്പുകള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, ഗുളിക, മരുന്നുകുപ്പികള്‍, കുപ്പിയുടെ അടപ്പ്, മാല, മുത്തുകള്‍, ചീട്ട്, ചിരട്ട എന്നിവയെല്ലാം വിനീതിന്റെ കരവിരുതില്‍ ഒന്നാംതരം ബസുകളും ടിപ്പര്‍ലോറികളും ജീപ്പുകളുമൊക്കെയായി മാറി. പൂര്‍ത്തിയായ വണ്ടികളെല്ലാം ഒറിജിനലിനെ വെല്ലുന്ന തനിമ. പണമില്ലാത്തതിനാല്‍ പുറത്തുനിന്ന് ആകെ വാങ്ങിയത് അല്പം ചായവും പശയും മാത്രം. വണ്ടികള്‍ക്ക് പുറമെയുള്ള കാഴ്ചതന്നെയാണ് ഉള്ളിലും. ടൂറിസ്റ്റ് ബസിനുള്ളില്‍ ടി.വി.യും സീറ്റുകളും ഹാന്‍ഡ്റെസ്റ്റുമൊക്കെയുണ്ട്.

കൂടുതല്‍ വാഹനങ്ങളൊക്കെ നിര്‍മിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പണമില്ലാത്തതും ജീവിത സാഹചര്യവും വിനീതിനെ പിന്നോട്ടടിക്കുകയാണ്. കരള്‍ രോഗബാധിതനായ വിനീതിന് മരുന്നിന് വലിയൊരുതുക വേണം. വിനീതിന്റെ രണ്ട് സഹോദരങ്ങള്‍ രോഗബാധിതരായി മരിച്ചത് ഏതാനും വര്‍ഷം മുന്പാണ്. പിന്നീട് അച്ഛനും മരിച്ചു. ഇപ്പോള്‍ കുടുംബത്തിന്റെ ഏകാശ്രയമാണ് വിനീത്. ഭാര്യ മാളുവും മകള്‍ രണ്ടാം ക്ലാസുകാരി മീനാക്ഷിയും സഹായികളായുണ്ട്.

Content Highlights: Former Driver Vineeth Makes Miniature Bus, Lorry, Car, Jeep Etc