വാഹനങ്ങളുടെയും മറ്റും ഇന്‍ഷുറന്‍സ് എടുക്കുന്നതിന് ഏജന്റുമാരെ തേടുന്ന ആളുകളാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍, കീഴ്‌വഴക്കം മാറ്റാനുള്ള നീക്കത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍. വാട്‌സ്ആപ്പിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് അതിവേഗ ഇന്‍ഷുറന്‍സ് സേവനം ഒരുക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. 

ഇന്ത്യയിലെ 200 മില്ല്യണ്‍ ആളുകള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ഇത്തരം സൗകര്യം ഒരുക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയാറായത്. ആദിത്യ ബിര്‍ളയുടെ സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലൈഫ്, ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ ഈ സൗകര്യം ഒരുക്കികഴിഞ്ഞു.

ലിബര്‍ട്ടി ഇന്‍ഷുറന്‍സ് കമ്പനി ഇരുചക്ര വാഹന ഇന്‍ഷുറന്‍സുകള്‍ വാട്‌സ്ആപ്പ് വഴി അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉടന്‍തന്നെ ഇന്‍ഷുറന്‍സുകള്‍ ക്ലെയിം ചെയ്യുന്നതിന് അപകടം സംഭവിച്ച വാഹനത്തിന്റെ ഫോട്ടോയും വീഡിയോയും വാട്‌സ്ആപ്പ് പരിശോധിക്കാനുള്ള നടപടിയും സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

പോളിസി വിവരങ്ങളും മുടങ്ങിയ പ്രീമിയവും സംബന്ധിച്ച വിവരങ്ങളും സണ്‍ ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കളുടെ പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും മറ്റുമുള്ള സേവനങ്ങള്‍ വൈകാതെ ഒരുക്കുമെന്ന് സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് മേധാവി അറിയിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പ് വഴിയുള്ള ഇന്‍ഷുറന്‍സ് സേവനം മറ്റ് ഏത് മാര്‍ഗത്തെക്കാള്‍ സുരക്ഷിതമാണന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. പോളിസി, ക്ലെയിം തുടങ്ങിയ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് നേരിട്ട് ഉപയോക്താവിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ തട്ടിപ്പിനുള്ള സാധ്യതകള്‍ കുറവാണെന്നും കമ്പനികള്‍ പറയുന്നു.

Content Highlights: Forget the agent, soon claim insurance through WhatsApp