ഫോര്‍ട്ടുകൊച്ചി: 'കൊച്ചി സുന്ദരിയാണ്, പക്ഷേ, ഈ 'ടക് ടക്കു'കളുടെ ശല്യമാണ് പ്രശ്‌നം... കൊച്ചിയുടെ തെരുവിലൂടെ നടക്കാനിറങ്ങിയാല്‍ അവര്‍ സമ്മതിക്കില്ല... നിര്‍ബന്ധിച്ച് അവര്‍ 'ടക് ടക്കി'ല്‍ കയറ്റും... പിന്നെ ചുറ്റിക്കും...'

-രണ്ടുമാസം മുമ്പ് കൊച്ചി സന്ദര്‍ശിച്ച് മടങ്ങിയ രണ്ട് നെതര്‍ലന്‍ഡ്സ് വനിതകള്‍ കൊച്ചിയിലെ ഓട്ടോറിക്ഷകളെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്. നെതര്‍ലന്‍ഡ്സ് സ്വദേശിനികളായ നാന്‍ നൈബര്‍, നെല്‍ ഫ്രെഡറിക്‌സ് എന്നിവര്‍ ചേര്‍ന്നെഴുതിയ കത്താണിത്. ഓട്ടോറിക്ഷകളെയാണ് അവര്‍ 'ടക് ടക്' എന്ന് വിളിക്കുന്നത്.

കൊച്ചിയിലെ ചിലര്‍ക്കാണ് ഇവര്‍ കത്തുകളയച്ചത്. പക്ഷേ, കത്ത് ഒടുവില്‍ മുഖ്യമന്ത്രിയുടെ കൈയിലെത്തി. അദ്ദേഹം അന്വേഷണത്തിന് നിര്‍ദേശവും നല്‍കി.

'കേരളത്തില്‍ ഞങ്ങള്‍ 17 ദിവസമുണ്ടായിരുന്നു. മനോഹരമായ യാത്രയായിരുന്നു അത്. യാത്രയില്‍ ഞങ്ങള്‍ നല്ല മനുഷ്യരെ കണ്ടു. നിങ്ങളുടെ ഹോംസ്റ്റേകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമായി. മനസ്സില്‍ തങ്ങിനില്‍ക്കുന്ന അനുഭവമായിരുന്നു അത്. എന്നാല്‍, നിങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഓട്ടോറിക്ഷകളുടെ കാര്യത്തിലാണ്. 

ഓട്ടോഡ്രൈവര്‍മാരുടെ പെരുമാറ്റത്തെക്കുറിച്ചാണ് പറയുന്നത്. അവര്‍ ഞങ്ങളെ കയറ്റി, കടകളിലേക്ക് കൊണ്ടുപോയി. നടന്നുപോകാനാണ് ഇഷ്ടമെന്ന് പറഞ്ഞാലും നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റുന്നു. അസുഖകരമായ ഈ അനുഭവമില്ലെങ്കില്‍, എത്ര സുന്ദരമായ നാടാണത്. ഈ പ്രശ്‌നം ബന്ധപ്പെട്ടവര്‍ ഗൗരവമായെടുക്കണം' -വനിതകള്‍ കത്തില്‍ ആവശ്യപ്പെടുന്നു.

'ഞങ്ങള്‍ക്ക് കേരളത്തോട് താത്പര്യമുണ്ട്. കേരളത്തെക്കുറിച്ച് നല്ല കഥകള്‍ പ്രചരിപ്പിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കേരളത്തിന്റെ നന്മകളെക്കുറിച്ച് തന്നെ ഞങ്ങള്‍ പറയും' എന്നും കത്തില്‍ പറയുന്നു.

കത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. ഫോര്‍ട്ടുകൊച്ചി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേസമയം, സഞ്ചാരികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് ഫോര്‍ട്ടുകൊച്ചി സി.ഐ. മനുരാജ് പറഞ്ഞു.

Content Highlights: Foreigners Complaint About Kochi Auto Rickshaw