ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഗുജറാത്തിലും തമിഴ്‌നാട്ടിലും ഉള്ള അവരുടെ രണ്ട് ഫാക്ടറികളും അടച്ചുപൂട്ടി അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെ കാര്‍ നിര്‍മാണം നിര്‍ത്തുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആഗോളീകരണത്തിന് വിധേയമായ 1990-കളുടെ രണ്ടാം പാതിയില്‍ ഏറെ പ്രതീക്ഷകളോടെ വാഹനവിപണിയിലേക്ക് പ്രവേശിച്ച ഫോര്‍ഡ് കാല്‍ നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നഷ്ടം കുമിഞ്ഞുകൂടുന്നു, ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ഡിമാന്റില്ല എന്നീ കാരണങ്ങളാലാണ് ഫാക്ടറികള്‍ പൂട്ടുന്നത്. 

രണ്ട് ബില്യണ്‍ ഡോളര്‍ (14700 കോടിയോളം രൂപ) ആണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനഷ്ടം. മൂല്യം എഴുതിത്തള്ളിയിന്റെ പേരില്‍ ഉണ്ടായ നഷ്ടവും ഒരു ബില്യനിലേറെയുണ്ട്. ഗുജറാത്തിലെ സാനന്ദിലും തമിഴ്‌നാട്ടിലെ മാരൈമലൈ നഗറിലുമുള്ള രണ്ട് നിര്‍മാണശാലകള്‍ക്കും കൂടി ഒരു വര്‍ഷം നാലര ലക്ഷം കാറുകളും അതിലുമേറെ എഞ്ചിനുകളും നിര്‍മിക്കാം - പക്ഷേ, മാസങ്ങളായി, അല്ലെങ്കില്‍ ഒരു വര്‍ഷത്തിലേറെയായി സ്ഥാപിതശേഷിയുടെ 20 ശതമാനം മാത്രമേ ഉത്പാദനമുള്ളു.

Ford Plant
ഫോര്‍ഡ് പ്ലാന്റ് | Photo: Ford India

എല്ലാ മാസവും ഇന്ത്യയില്‍ വിറ്റഴിയുന്ന ലക്ഷക്കണക്കിന് കാറുകളില്‍ ഫോര്‍ഡിന്റേതായി ചെലവാകുന്നത് ഏതാനും ആയിരങ്ങള്‍, ഏറിയാല്‍ പതിനായിരങ്ങള്‍ മാത്രമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ വിപണിയുടെ പാതിയും ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡായ മാരുതി-സുസുക്കിയുടെ നിയന്ത്രണത്തിലാണ്. അതിന്റെ പാതിയിലും കുറഞ്ഞ വിഹിതവുമായിട്ടാണ് രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായ്, പിന്നെ മഹീന്ദ്ര, ടാറ്റ, ഹോണ്ട, ടൊയോട്ട... ഇവരൊക്കെ കഴിഞ്ഞു മാത്രമേ  ലോകത്തിന് ചക്രങ്ങള്‍ സമ്മാനിച്ചവരെന്ന് സ്വയം അഭിമാനിക്കുന്ന ഫോര്‍ഡ് മോട്ടോര്‍ കമ്പനിക്ക് ഇന്ത്യന്‍ വിപണിയില്‍ സ്ഥാനമുള്ളു, വിപണിയുടെ വെറും മൂന്ന് ശതമാനം മാത്രം. 

fORD eCOSPORT
ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് | Photo: Ford India

അല്‍പ്പകാലമായി ഇന്ത്യയില്‍ കാറുകള്‍ നിര്‍മിച്ച് വില്‍ക്കുന്നതിനേക്കാള്‍ ഇവിടെ നിര്‍മിച്ച എഞ്ചിനുകളും കാറുകളും അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ഫോര്‍ഡ്. മഹാമാരിക്കാലത്ത് ഉത്പാദനം എല്ലായിടത്തും സ്ഥാപിതശേഷിയുടെ 20 ശതമാനമായി ചുരുങ്ങിയിരിക്കുകയുമാണ്. സാനന്ദിലെ ഉത്പാദനം ഈ വര്‍ഷവും മാരൈമലയിലേത് അടുത്ത വര്‍ഷം രണ്ടാം പാദത്തിലുമാണ് നിര്‍ത്തുക. 

എല്ലായിടത്തുമായി 4000 പേരെയാണ് ഫോര്‍ഡ് നിയമിച്ചിട്ടുള്ളത്. ഫോര്‍ഡ് തൊഴിലാളികളുടെ എണ്ണം അത്രയേ ഉള്ളുവെങ്കിലും ഫോര്‍ഡിന്റെ ഡീലര്‍മാരുടെ തൊഴിലാളികള്‍ അതിന്റെ പത്തിരട്ടി വരുമെന്നാണ് ഫാഡ (ഫെഡറേഷന്‍ ഓഫ് ഓട്ടമോബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ്) പറയുന്നത്. രാജ്യത്തൊട്ടാകെ 170-ലേറെ ഫോര്‍ഡ് ഡീലര്‍മാരുണ്ട്, എല്ലാവരും ചേര്‍ന്ന് മൊത്തം 2000 കോടിയിലധികം രൂപ ഡീലര്‍ഷിപ്പുകളില്‍ മുടക്കിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍പോലും ഫോര്‍ഡ് പുതിയ ഡീലര്‍ഷിപ്പുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അവരെയെല്ലാം ഈ തീരുമാനം രൂക്ഷമായി ബാധിക്കുമെന്നും ഫാഡ പ്രസിഡന്റ് വിങ്കേഷ് ഗുലാട്ടി പറഞ്ഞു.

Ford Figo
ഫോര്‍ഡ് ഫിഗോ | Photo: Ford India

ഫോര്‍ഡിന്റെ ഫാക്ടറിക്ക്, ഘടകങ്ങള്‍ കരാറായി നല്‍കുന്ന സപ്ലൈ ചെയിനിലെ എത്രയോ ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ഈ അടച്ചുപൂട്ടല്‍ ഗുരുതരമായി ബാധിക്കും. കാറുകള്‍ക്ക് വേണ്ട അപ്‌ഹോള്‍സ്ട്രി, ലെതര്‍, ഡാഷ്‌ബോര്‍ഡുകള്‍, ക്ലച്ച്, ബ്രേക്ക്, ഗിയര്‍ ബോക്‌സുകള്‍, ടയര്‍ എന്നിവ നല്‍കുന്ന ഒരു വലിയ സംരംഭങ്ങള്‍ ചെന്നൈക്കടുത്തുള്ള ടൗണ്‍ഷിപ്പായ ഇരുങ്ങാട്ടുക്കോട്ടൈയിലുണ്ട്. ചെറുകിടസംരംഭങ്ങളുടെ സംഘടനയിലുള്ള ഒരാള്‍ പറഞ്ഞത് ഫോര്‍ഡ് പോകുമ്പോള്‍ ഇരുങ്ങാട്ടുക്കോട്ടൈയില്‍ 4000 ചെറുസംരംഭങ്ങള്‍ അടച്ചുപൂട്ടും എന്നാണ്.

Ford Aspire
ഫോര്‍ഡ് ആസ്പയര്‍ | Photo: Ford India

ഫോര്‍ഡ് ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍. ഇക്കോസ്‌പോര്‍ട്, എന്‍ഡീവര്‍ മോഡലുകള്‍ ഡീലര്‍മാരുടെ പക്കല്‍ സ്‌റ്റോക്ക് തീരുംവരെ വില്‍പ്പനയയിലുണ്ടാകും. ഇന്ത്യയില്‍ വിറ്റഴിച്ച ഫോര്‍ഡ് മോഡലുകള്‍ക്ക് സര്‍വീസും സ്‌പെയര്‍പാര്‍ട്ടുകളും അടുത്ത ഒമ്പത് വര്‍ഷം കൂടി ലഭിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് ഫോര്‍ഡ് ഇന്ത്യ അറിയിച്ചു. നിലവിലുള്ള മോഡലുകളുടെ ഉത്പാദം അവസാനിപ്പിക്കുകയാണെങ്കിലും കയറ്റുമതി ലക്ഷ്യത്തോടെ എഞ്ചിന്‍ നിര്‍മാണം മാത്രം ഇന്ത്യയില്‍ തുടര്‍ന്നേക്കുമാണ് ഫോര്‍ഡ് തന്നെ സൂചിപ്പിക്കുന്നത്. 

ഫോര്‍ഡിന്റെ വാഹനശ്രേണിയിലെ വിലകൂടിയ മോഡലുകള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നതിലും കമ്പനി ഇനി ശ്രദ്ധിക്കും. ലോകത്തെല്ലായിടത്തുമുള്ള ഫോര്‍ഡ് നിര്‍മാണശാലകള്‍ക്കാവശ്യമായ സാങ്കേതികവിദ്യാ ഗവേഷണം, സോഫ്റ്റ്‌വെയര്‍ തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇന്ത്യയിലാരംഭിച്ച ഫോര്‍ഡ് ബിസിനസ് സൊല്യൂഷന്‍സ് പ്രവര്‍ത്തനം തുടരും.

Ford Mustang
ഫോര്‍ഡ് മസ്താങ്ങ് | Photo: Ford India

വാഹനവ്യവസായ രംഗത്ത് ലോകവ്യാപകമായുണ്ടാകുന്ന മാറ്റങ്ങള്‍ക്കൊത്തുപോകാന്‍ വേണ്ടി ഫോര്‍ഡ് വൈദ്യുതവാഹന നിര്‍മാണരംഗത്ത് 30 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 2.2 ലക്ഷം കോടി രൂപ) മുതല്‍മുടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മസ്താങ്ങ് മാക്ക്-ഇ പോലുള്ള വൈദ്യുതമോഡലുകള്‍ ഭാവിയില്‍ ഇവിടെ നിര്‍മിക്കാന്‍ പോവുകയാണെങ്കില്‍ ആ തുകയിലൊരു പങ്ക് ഇന്ത്യയില്‍ നിക്ഷേപിക്കാനും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും സാധ്യതയുണ്ട്.

Content Highlights: Ford India, Ford Cars, Ford Takes The Exit Route From India