കൈപൊള്ളുന്ന വിലയുള്ള എസ്.യു.വി.കള്‍ക്ക് ബദലായാണ് നാലുമീറ്ററില്‍ താഴെയായി കോംപാക്ട് എസ്.യു.വി. എന്ന പേരില്‍ ഇക്കോസ്‌പോര്‍ട്ടിനെ ഫോര്‍ഡ് അവതരിപ്പിച്ചത്. ആ സമയത്ത് ഒരു എതിരാളിയേ ഇല്ലായിരുന്നു. നാലുമീറ്ററില്‍ താഴെയുള്ള നികുതിയിളവും ഇന്‍ഷുറന്‍സും കൂടിയായാകുമ്പോള്‍ ഹാച്ച്ബാക്കിനെക്കാള്‍ കുറച്ച് പണംകൂടി കൊടുത്താല്‍ എന്തിനുംപോന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം. 

ecosport

കമ്പനി വിചാരിച്ചതുപോലെ ഫോര്‍ഡിന്റെ ഇന്ത്യയിലെ തലവര ഇക്കോസ്‌പോര്‍ട്ട് മാറ്റിവരച്ചു. ഗ്രൗണ്ട് ക്ലിയറന്‍സും ഉയര്‍ന്ന സീറ്റിങ്ങുമായി ഇക്കോസ്‌പോര്‍ട്ട് ഇന്ത്യന്‍ ജനതയുടെ മനസ്സിലുറച്ചു. വില്‍പന കുതിച്ചു. ഇന്ത്യയിലെ നിര്‍മാണ ഫാക്ടറിയില്‍നിന്ന് വിദേശത്തേക്കും ഇക്കോസ്‌പോര്‍ട്ട് പറന്നു. എന്നാല്‍, പിന്നീട് കളിമാറി. കോപാംക്ട് എസ്.യു.വി. വിഭാഗത്തിലും മത്സരച്ചൂടേറി. ഇപ്പോള്‍ ഈ വിഭാഗത്തില്‍ മിക്കവാറും എല്ലാവര്‍ക്കും വണ്ടികളുണ്ട്. പുതിയവ വീണ്ടും വരുന്നുമുണ്ട്. മാരുതി സുസുക്കി ബ്രെസ വന്നു. ഇപ്പോഴിതാ ടാറ്റയുടെ നെക്‌സണ്‍. അപ്പോഴാണ് കാലത്തിനനുസരിച്ച് മാറാന്‍ ഫോര്‍ഡ് തയ്യാറായത്. എതിരാളികള്‍ക്ക് മുന്നറിയിപ്പാണിത്. സൗന്ദര്യവത്കരണമല്ല, അടിമുടി പുതുക്കിപ്പണിതാണ് വരവ്. പെട്രോളില്‍ മികച്ച ഇന്ധനക്ഷമതയും കരുത്തും വാഗ്ദാനം ചെയ്യുന്ന ഡ്രാഗണാണ് തുറുപ്പുചീട്ട്. 

# പുറംവിശേഷം...

പഴയ മോഡലും സൗന്ദര്യത്തിന് ഒട്ടും പിന്നിലല്ല. എന്നാല്‍ പുതുതലമുറക്കാരന് ഗൗരവം കുറച്ച് കൂടുതലാണ്. കാരണം പുതിയ ഗ്രില്‍ തന്നെ. എന്‍ഡവറിലും മറ്റും നമ്മള്‍ കണ്ട കരുത്തു തോന്നിക്കുന്ന വീതിയേറിയ ക്രോം ഗ്രില്ലുകളാണ് മുന്നില്‍ എടുത്തുപിടിച്ചു നില്‍ക്കുന്നത്. പഴയ ഇക്കോസ്‌പോര്‍ട്ടിന്റെ യത്ര മുന്‍ഭാഗത്തെ സ്ഥലം ഗ്രില്ലുകള്‍ കവരുന്നില്ല. ക്രോം ബാറുകള്‍ക്ക് വീതി കൂടിയിട്ടുണ്ട്. ഇതിനു നടുക്കാണ് ഫോര്‍ഡിന്റെ ലോഗോ. ഗ്രില്ലിനെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഹെഡ്ലാമ്പ് ക്ലസ്റ്റര്‍. പ്രൊജക്ടഡ് ഹെഡ്ലാമ്പിന് അഴകായി എല്‍.ഇ.ഡി. ഡി.ആര്‍.എല്ലുമുണ്ട്. താഴെ ഫോഗ്ലാമ്പുകള്‍.  

Ecosport

വശങ്ങളില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍ക്ക് താഴെ പതിനേഴിഞ്ചിന്റെ ടയറുകളില്‍ കണ്ണുടക്കുമെന്നത് തീര്‍ച്ചയാണ്. ചെറിയ തട്ടുംതടവുമൊക്കെ തടുത്തുനിര്‍ത്താനായി വശങ്ങളില്‍ താഴെ ക്ലാഡിങ്ങുണ്ട്. വീല്‍ ആര്‍ച്ചില്‍ നിന്നുതുടങ്ങി ടെയില്‍ ലാമ്പില്‍ അവസാനിക്കുന്ന ഷോള്‍ഡര്‍ ലൈനിങ്ങും റൂഫ് റെയിലുമെല്ലാം വാഹനത്തിന്റെ അഴകുകൂട്ടുന്നുണ്ട്. പിന്നില്‍, വലിയമാറ്റങ്ങള്‍ കാണുന്നില്ല. സ്‌പെയര്‍വീലിന്റെ അടപ്പില്‍ ചെറിയ മാറ്റമുണ്ട്, അത്രമാത്രം. മുകളിലെ ലൈനിങ്ങ് കൂടാതെ ക്രോസ് ബാറുകള്‍കൂടിയുണ്ട്. ഇതില്‍ ചെറിയ ലഗേജുകള്‍ കൂടി ഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്. 

# അകത്തളം...

അകത്തളം മൊത്തമായി മാറിയിട്ടുണ്ട്. പ്രധാനമായും സെന്‍ട്രല്‍ കണ്‍സോള്‍. എട്ടിഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ തന്നെയാണ് കേമം. സിങ്ക് ത്രീ സാങ്കേതികതയിലാണിത് പ്രവര്‍ത്തിക്കുക. റിയര്‍വ്യൂ ക്യാമറ, ഓഡിയോ, ബ്ലൂടൂത്ത് ഹാന്‍ഡ്ഫ്രീ, വോയിസ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് മൊബൈല്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് കണ്‍ട്രോള്‍ സ്റ്റിയറിങ് എന്നിവയെല്ലാം ഇതിലുണ്ട്. തൊട്ടുതാഴെയായി എ.സി. വെന്റുകളും താഴെ എ.സി. കണ്‍േട്രാളുമുണ്ട്. അതിന് താഴെയായാണ് രണ്ട് യു.എസ്.ബി. പോര്‍ട്ടുകളുള്ളത്. കറുപ്പിനഴകുതന്നെയാണ് അകം. മികച്ച ലെതര്‍ സീറ്റുകളും ത്രീ സ്‌പോക്  സ്റ്റിയറിങ് വീലും ഗിയര്‍ ഷിഫ്റ്റും തുകല്‍ പൊതിഞ്ഞിരിക്കുന്നു. സ്റ്റിയറിങ് വീലില്‍ ഓഡിയോയടക്കമുള്ള സ്വിച്ചുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചും ഇതിനടിയില്‍ തന്നെയാണ്. 

Ecosport

മുന്നിലെ ഹാന്‍ഡ് റെസ്റ്റിനടിയിലും അത്യാവശ്യം സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്.  സ്പീഡോമീറ്ററടക്കമുള്ള ഡിസ്പ്ലേ യൂണിറ്റിന് നല്ല കാഴ്ചയുണ്ട്. ഇതില്‍ത്തന്നെ ചക്രങ്ങളിലെ കാറ്റിന്റെ കണക്കുവരെ കാണാം. കീ ലെസ് എന്‍ട്രിയും സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടനുമുണ്ട്. 'ഫോര്‍ഡ് മൈ കീ' സാങ്കേതികതയാണ് താക്കോല്‍. വാഹനത്തിന്റെ എല്ലാ പ്രവര്‍ത്തനവും ഇതിലൂടെ നിയന്ത്രിക്കാം. വേഗം സെറ്റ് ചെയ്യാം, അമിതവേഗമായാല്‍ മുന്നറിയിപ്പു തരും. സീറ്റ് ബെല്‍ട്ടില്ലെങ്കിലും മുന്നറിയിപ്പു തരും. വണ്ടിയിലെ ഓഡിയോ സിസ്റ്റത്തിലെ ശബ്ദം വരെ ഇതില്‍ സെറ്റ് ചെയ്യാം. അഥവാ ഓടിക്കാന്‍ മറ്റൊരാള്‍ക്ക് കൈമാറുകയാണെങ്കില്‍ താക്കോൽ ഉപയോഗിച്ച് സ്പീഡ് സെറ്റ് ചെയ്തുവയ്ക്കാം. അതിനുമുകളിലേക്ക് വേഗമെടുക്കാന്‍ ഡ്രൈവര്‍ക്ക് കഴിയില്ല. ഇതൊക്കെയാണ് താക്കോല്‍ വിശേഷങ്ങള്‍. 

പിന്‍സീറ്റിലും കാല്‍ നീട്ടിയിരിക്കാനുള്ള സൗകര്യമുണ്ട്. മികച്ച നിലവാരമുള്ള സീറ്റുകള്‍ യാത്ര സുഖകരമാക്കുന്നുണ്ട്. അകത്ത് ഏഴു നിറങ്ങള്‍ വാരിവിതറാം. ഗ്ലൗബോക്‌സിന് താഴെയുള്ള ഭാഗത്താണ് ഏഴുനിറങ്ങളില്‍ നമുക്കിഷ്ടമുള്ളത് നല്‍കാന്‍ കഴിയുന്നത്. റെയിന്‍ സെന്‍സിങ് വൈപ്പറുകളുമുണ്ട്.  ആവശ്യത്തിന് ബൂട്ട് സ്‌പേസ് അല്ലാതെതന്നെ വണ്ടിയിലുണ്ട്. 352 ലിറ്ററാണ് ലഗേജ് വയ്ക്കാനുള്ള സ്ഥലം. പിന്നിലെ സീറ്റുകള്‍ പൂര്‍ണമായും മടക്കിയിടാനും കഴിയും. ഇങ്ങനെ മടക്കിയാല്‍ 1178 ലിറ്ററായി വര്‍ധിപ്പിക്കാം. 

# കരുത്തിന്റെ കഥ...
 
ഗുജറാത്തിലെ സാനന്ദ് ഫാക്ടറിയിലാണ് ഫോര്‍ഡ് എന്‍ജിന്‍ നിര്‍മിക്കുന്നത്. ഡ്രാഗണ്‍ എന്ന വിളിപ്പേരുള്ള ത്രീ സിലിന്‍ഡര്‍ 1.5 ലിറ്റര്‍ ടി.ഐ. വി.സി.ടി. എന്‍ജിനാണ് പുതിയ ഇക്കോസ്‌പോര്‍ട്ടിന് കരുത്താവുന്നത്. കമ്പനി പറയുന്നപ്രകാരം ഇതിന്റെ മൈലേജ്, ലിറ്ററിന് 17 കിലോമീറ്ററാണ്. അതുതന്നെയാണ് ഇക്കോസ്‌പോര്‍ട്ടിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. 150 എന്‍.എം. ടോര്‍ക്കില്‍ 123 പി.എസാണിതിന്റെ കരുത്ത്. സിക്‌സ് സ്പീഡ്  ഓട്ടോമാറ്റിക്കും ഫൈവ് സ്പീഡ് മാന്വലുമാണ് ട്രാന്‍സ്മിഷന്‍. സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക്കില്‍ പാഡില്‍ ഷിഫ്റ്റും നല്‍കിയിട്ടുണ്ട്. 

Ecosport

ഓടിക്കാന്‍കിട്ടിയത് പെട്രോള്‍ വേരിയന്റിലെ ഫൈവ് സ്പീഡ് മാന്വലാണ്. പുതിയ എന്‍ജിന്‍ കേമം. എന്തായാലും ഓടിച്ചു  നോക്കുമ്പോള്‍ ഒരുതരത്തിലുമുള്ള വലിവും തോന്നിയില്ല. കയറ്റത്തിലും മികച്ച പ്രതികരണമാണ് വ്യാളി നല്‍കുന്നത്. പിന്നെ ഷിഫ്റ്റിങ്ങും സ്മൂത്താണ്. സെക്കന്‍ഡില്‍ നിന്ന് തേര്‍ഡിലേക്കുള്ള മാറ്റത്തിലാണ് യഥാര്‍ഥ മൂല്യം മനസ്സിലാകുക. അത്യാവശ്യം കാര്യങ്ങളൊക്കെ തേര്‍ഡ് ഗിയറില്‍ത്തന്നെ നടക്കും. ഇതോടെ പഴയ ഇക്കോസ്‌പോര്‍ട്ടിലുണ്ടായിരുന്ന 1.0 ലിറ്റര്‍ 1.5 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിനുകള്‍ പഴങ്കഥയാവും. ഡീസലില്‍ പഴയ 1.5 ടി.ഡി.സി.ഐ. എന്‍ജിന്‍ തന്നെയാണ്. 

# സുരക്ഷ...

സുരക്ഷയ്ക്ക് ഒട്ടും പിന്നിലല്ല പുതിയ ഇക്കോസ്‌പോര്‍ട്ട്. സോഫ്റ്റ് ക്ലച്ച് സ്റ്റാര്‍ട്ട്, ഇ.ബി.ഡി.യോടുകൂടിയ എ.ബി.എസ്., ആറ് എയര്‍ബാഗുകള്‍, ക്രാഷ് അണ്‍ലോക്കിങ് സിസ്റ്റം. ഇത് അപകടത്തില്‍പ്പെട്ടാല്‍ ഡോര്‍ ലോക്കാകുന്നത് തടയും. എമര്‍ജന്‍സി ബ്രേക്ക് ലൈറ്റ് ഫ്‌ലാഷിങ്, ഹൈ സ്പീഡ് വാണിങ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ ലോഞ്ച് അസിസ്റ്റ്, എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

Ecosport

ഏഴുനിറങ്ങളിലാണ് പുതിയ  ഇക്കോസ്‌പോര്‍ട്ട് ലഭ്യമാവുക. രൂപത്തിലും ഭാവത്തിലും തികഞ്ഞ ഒരു എസ്.യു.വി.യായി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ജനപ്രിയ വാഹനമായി മാറാന്‍ ഇക്കോസ്‌പോര്‍ട്ടിന് കഴിഞ്ഞതും ഇതുകൊണ്ടുതന്നെയാണ്.

Vehicle Provided By PVS FORD Kozhikode

Content Highlights: Ford Ecosport Test Drive, Ecosport Features, Ecosport First Drive, Ecosport Specs