പ്രതീകാത്മക ചിത്രം | Photo: Ford India
ഈ വര്‍ഷം ഇന്ത്യയില്‍ എല്ലാ ഭാഗത്തും കനത്ത മഴയാണ് പെയ്തത്. ഇപ്പോഴും മഴ അവസാനിച്ചെന്ന് പറയാറായിട്ടില്ല. മഴക്കാലമെന്നത് പൊതുവെ വാഹനങ്ങളുടെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്ന സമയമാണ്. എന്നാല്‍, മണ്‍സൂണ്‍ കാലത്ത് വാഹനങ്ങള്‍ക്ക് മികച്ച സംരക്ഷണമൊരുക്കാന്‍ ചില പൊടിക്കൈകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഫോര്‍ഡ് ഇന്ത്യ.
കാറിന്റെ അകത്തളത്തിന് വേണ്ട കരുതല്‍
വാഹനത്തിനുള്ളിലുണ്ടാകുന്ന ദുര്‍ഗന്ധമാണ് വാഹനങ്ങളെ സംബന്ധിച്ച് മഴക്കാലത്തെ പ്രധാന വില്ലന്‍. എയര്‍ സര്‍ക്കുലേഷന്റെ അഭാവത്തില്‍ സീറ്റിനുള്ളിലെ ഫോമില്‍നിന്നാണ് ഈ ദുര്‍ഗന്ധം പുറത്തെത്തുന്നത്. ഈ പ്രശ്നം ലളിതമായ മൂന്ന് മാര്‍ഗങ്ങളിലൂടെ പരിഹരിക്കാന്‍ സാധിക്കും.
1. കാര്‍ ഫ്ളോര്‍ ഉണക്കി സൂക്ഷിക്കുക: കാറിനുള്ളില്‍ റബ്ബര്‍ അല്ലെങ്കില്‍ ഫാബ്രിക് മാറ്റുകള്‍ നിര്‍ബന്ധമായും ഇടുക. ഡ്രൈവറിന്റെയോ യാത്രക്കാരുടെയോ ചെരുപ്പുകളിലും ഷൂകളിലും നിന്നുള്ള വെള്ളവും ചെളിയും വാഹനത്തിന്റെ ഫ്ളോറില്‍ പറ്റാതെ മാറ്റം സംരക്ഷണമൊരുക്കും. ഇവ ഇടക്കിടെ വൃത്തിയാക്കാന്‍ എളുപ്പമാണ്.
2. സീറ്റുകള്‍ കണ്ടീഷന്‍ ചെയ്യുക: ഗ്ലാസുകള്‍ തുറക്കുമ്പോഴോ ഈര്‍പ്പമുള്ള തുണികളില്‍ നിന്നോ സീറ്റുകളില്‍ വെള്ളം പിടിച്ചേക്കാം. വെറുതെ തുടച്ചാല്‍ ഇത് പോകില്ല. ആദ്യം ലൂസ് ഡേര്‍ട്ട് പാര്‍ട്ടിക്കിളുകള്‍ നീക്കണം. പിന്നീട് ക്ലീനര്‍ സ്പ്രോയോ കറകള്‍ നീക്കുന്ന ഫോം ബേസ്ഡ് പ്രൊഡക്ടുകളോ ഉപയോഗിക്കാം.
3. ഏസി സര്‍വീസ് ചെയ്യുക: മഴക്കാലത്ത് വാഹനത്തിലുണ്ടാകുന്ന ഈര്‍പ്പം കാറുകളിലെ എ.സിയുടെയും വില്ലനാണ്. വാഹനത്തിലെ എയര്‍ കണ്ടീഷ്ണര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ദുര്‍ഗന്ധമുണ്ടാക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് എ.സിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുക.
കാറിന്റെ പുറംഭാഗത്തെ പരിപാലനം
വാഹനങ്ങളുടെ എക്സ്റ്റീരിയറിലാണ് മഴ ഏറ്റവുമധികം ആഘാതമേല്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ കാറുകളുടെ പുറം ഭാഗത്തെ പരിപാലനത്തിന് വലിയ പ്രധാന്യം നല്‍കേണ്ടത് അനിവാര്യമാണ്. എക്സ്റ്റീരിയര്‍ പരിപാലനത്തിനുള്ള മൂന്ന് മാര്‍ഗങ്ങള്‍.
1. ആദ്യം ബോണറ്റും ബൂട്ടും: മഴയിലുള്ള ഓട്ടത്തില്‍ ബോണറ്റിന്റെയും ബൂട്ട് ഡോറിന്റെയും അടിഭാഗത്ത് ചെളി അടിഞ്ഞുകൂടുകയും വെള്ളം ഒഴുകി പോകാനുള്ള ദ്വാരങ്ങള്‍ അടയുകയും ചെയ്യും. പിന്നീട് ഇവിടെ വെള്ളം കെട്ടി നിന്ന് തുരുമ്പെടുക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ഈ ഭാഗങ്ങളും തുടയ്ക്കണം. ആവശ്യമെങ്കില്‍ ഡോര്‍ ജാമ്പുകളില് ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കാം.
2. അണ്ടര്‍ബോഡി കെയര്‍: ടയറുകളില്‍ നിന്നും മറ്റും തെളിക്കുന്ന ചെളിയും വെള്ളവും ബോഡിയുടെ അടിയില്‍ പിടിച്ചിരിക്കുകയും കാലക്രമേണ ഇവിടം തുരുമ്പെടുക്കുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതിനായി ഉപയോഗിച്ച ഓയിലും ഡീസലും കലര്‍ത്തി തേച്ച് പിടിപ്പിക്കുകയും ചെളി നീക്കം ചെയ്യുകയും പൊടി പിടിക്കാതെ സുക്ഷിക്കുകയും ചെയ്യാം.
3. കാര്‍ കവര്‍ സുരക്ഷിതമല്ല: കാറിനെ മഴയില്‍ നിന്ന് സംരക്ഷിക്കാന്‍ കവര്‍ ഉപയോഗിക്കുന്നത് അബദ്ധമാണ്. നനയുമ്പോള്‍ ബോഡിയുമായി ഒട്ടിപ്പിടിക്കുന്ന കവറുകള്‍ ഉണങ്ങുമ്പോള്‍ പെയന്റുമായും ഓട്ടിയേക്കാം. പിന്നീട് ഇത് നീക്കുമ്പോള്‍ പെയിന്റും ഇളകി പോകാനിടയുണ്ട്. വാഹനം ഷെഡിലോ മേല്‍ക്കൂരയുള്ള സ്ഥലത്തോ പാര്‍ക്ക് ചെയ്യുന്നതാകും ഉത്തമം.
Content Highlights: Ford Brings You Tips to Keep Your Car Clean this Monsoon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..