പ്രളയം കഴിഞ്ഞ് രണ്ടു മാസം കഴിയുമ്പോഴും സഞ്ചരിക്കാന്‍ വാഹനമില്ലാതെ ബുദ്ധിമുട്ടുകയാണ് പ്രളയബാധിത പ്രദേശവാസികള്‍. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമുള്ള, വെള്ളം കയറിയ വണ്ടി നന്നാക്കാന്‍ സാധിക്കാതെ ഉപേക്ഷിച്ചവരാണ് കൂടുതല്‍. ഇന്‍ഷുറന്‍സ് ഉള്ളവരുടെ കാര്യമാകട്ടെ അതിലും കഷ്ടം. ഇന്‍ഷുറന്‍സ് ക്ലെയിം നേടിയെടുക്കാനായി പല ഓഫീസുകള്‍ കയറിയിറങ്ങി മടുത്തവരാണേറെ.
പ്രളയം ബാധിച്ച് സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് പുതിയൊരു വണ്ടി എന്നത് അപ്രാപ്യമാണ്. ജീവിതോപാധിയായ ടാക്‌സി കാറുകളും ഓട്ടോറിക്ഷകളും വെള്ളത്തിലായത് പല കുടുംബങ്ങളെയുമാണ് തകര്‍ത്തത്.
അറ്റകുറ്റപ്പണികള്‍ തീരാതെ വാഹനങ്ങള്‍
പ്രളയം കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പറവൂരില്‍ പ്രളയത്തില്‍ മുങ്ങിയ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നന്നാക്കികിട്ടാന്‍ രണ്ടു മാസത്തിലേറെ കാലതാമസം. പറവൂര്‍ ടി.ബി. സ്റ്റാന്‍ഡില്‍ 22 വര്‍ഷമായി ടൂറിസ്റ്റ് ടാക്‌സി ഓടിച്ച് ഉപജീവനം നടത്തുന്ന കുട്ടന്റെ വാഹനം രണ്ട് മാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് നന്നാക്കിക്കിട്ടിയത്. ഒരു ലക്ഷത്തോളം രൂപ ചെലവായി. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ കൈയില്‍നിന്ന് പണം ചെലവാക്കേണ്ടി വന്നു. രണ്ട് മാസം പണിയില്ലാതെയായതും കഷ്ടതയുണ്ടാക്കി.
ഇതേ സ്റ്റാന്‍ഡിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ കട്ടത്തുരുത്ത് സ്വദേശി ദിലീപിന്റെ കാര്‍ ഇപ്പോഴും നന്നാക്കിക്കിട്ടിയിട്ടില്ല. പ്രളയം കഴിഞ്ഞ് രണ്ടു മാസത്തിലധികമായിട്ടും വര്‍ക്ഷോപ്പുകളില്‍ ഇടമില്ലാതെ പൂശാരിപ്പടിയിലും മെയിന്‍ റോഡിലും ഒക്കെയാണ് വെള്ളം കയറി തകരാറിലായ വാഹനങ്ങള്‍ വര്‍ക്ഷോപ്പ് ഉടമകള്‍ കൊണ്ടുവന്നിട്ടിരിക്കുന്നത്.
പഴയ മോഡല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചവരേറെ
പ്രളയത്തില്‍ മുങ്ങിയ പഴയ മോഡല്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ (കാറുകള്‍) അധികമൊന്നും വര്‍ക്ഷോപ്പില്‍ എത്തുന്നില്ല. അവ അറ്റകുറ്റപ്പണി നടത്തി ഓടിക്കാവുന്ന അവസ്ഥയിലെത്തിക്കുമ്പോള്‍ ഏറെക്കുറെ വാഹനത്തിന്റെ വിലയോളം വരും പണിക്കാശ്. അങ്ങനെ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയവര്‍ നിരവധിയാണ്. പഴയ വാഹനങ്ങള്‍ക്ക് 6,000 മുതല്‍ 10,000 രൂപ വരെയാണ് പൊളിക്കാന്‍ നല്‍കിയാല്‍ കിട്ടുന്നത്.
ഇലക്ട്രിക്കല്‍ വര്‍ക്കും അത്യാവശ്യം മോടി പിടിപ്പിക്കലുമായി കുറഞ്ഞ മോഡല്‍ വാഹനം (കാര്‍) പുറത്തിറക്കുമ്പോള്‍ 10,000 മുതല്‍ 30,000 രൂപ വരെ വരുന്നതായി വര്‍ക്ഷോപ്പ് ജീവനക്കാര്‍ പറയുന്നു. കാറുകള്‍ക്ക് 10,000 രൂപ മുതല്‍ 1.25 ലക്ഷം രൂപ വരെയാണ് കേടുപാട് തീര്‍ക്കാന്‍ ചെലവായതെന്ന് വര്‍ക്ഷോപ്പ് ഉടമകള്‍ തന്നെ പറഞ്ഞു.

സാധാരണ കാറുകള്‍ക്ക് 10,000 മുതല്‍ 20,000 രൂപയും ആഡംബര കാറുകള്‍ക്ക് 25,000 മുതല്‍ 1.25 ലക്ഷം രൂപ വരെയുമാണ് സ്‌പെയര്‍പാര്‍ട്സിനും മറ്റുമായി ചെലവായത്. ഇരുചക്രവാഹനങ്ങള്‍ നന്നാക്കാന്‍ 1,000 രൂപ മുതല്‍ 6,000 രൂപ വരെയാണ് ചെലവ് വന്നത്.
ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ താമസം
വാഹനങ്ങളില്‍ പഴവര്‍ഗങ്ങള്‍ കടയില്‍ എത്തിച്ചുനല്‍കുന്ന ചിറ്റാറ്റുകര സ്വദേശി ഷെമീറിന്റെ ചരക്കുവാഹനം നന്നാക്കിക്കിട്ടാന്‍ രണ്ട് മാസത്തോളമാണ് സമയമെടുത്തത്. 45,000 രൂപ ചെലവു വന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് തുക ഇപ്പോഴും ലഭിച്ചിട്ടില്ല. വാഹനങ്ങള്‍ പൂര്‍ണമായി മുങ്ങിയവര്‍ക്ക് മുഴുവന്‍ നഷ്ടം കണക്കാക്കി പണം നല്‍കുന്നുണ്ട്.
മൂന്ന് വിഭാഗമായി തിരിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തുക നല്‍കുന്നത്. ഇരുചക്ര വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക താരതമ്യേന വേഗത്തില്‍ ലഭിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കോതമംഗലത്ത് നൂറോളം കാറുകളും 150 ഇരുചക്ര വാഹനങ്ങളും 20 ഓട്ടോറിക്ഷകള്‍ക്കുമാണ് വെള്ളപ്പൊക്കത്തില്‍ പൂര്‍ണവും ഭാഗികവുമായ കേടുപാടുണ്ടായത്.
മിക്കവാറും വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. ഇന്‍ഷുറന്‍സ് ക്ലെയിം പലര്‍ക്കും സമയത്ത് ബന്ധപ്പെട്ട കമ്പനികളില്‍ അറിയിക്കാന്‍ സാധിക്കാത്തതുകൊണ്ട് നഷ്ടപരിഹാരത്തുക കിട്ടിയില്ലെന്ന് വാഹന ഉടമകള്‍ പറയുന്നു.

സര്‍വേയര്‍മാരില്ല; പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നു
പ്രളയം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹനങ്ങളുടെ സര്‍വേ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് സഹായം ലഭ്യമാക്കിക്കഴിഞ്ഞിട്ടില്ല. മൂവാറ്റുപുഴ മേഖലയില്‍ മാത്രം ആയിരം വാഹനങ്ങളെങ്കിലും പ്രളയത്തെത്തുടര്‍ന്ന് വിവിധ കമ്പനികളുടെ കീഴില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കെത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
അപകടത്തില്‍ പെടുകയോ വെള്ളത്തില്‍ മുങ്ങിപ്പോവുകയോ ചെയ്ത വാഹനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത് ഐ.ആര്‍.ഡി.എ. ലൈസന്‍സുള്ള സര്‍വേയര്‍മാരാണ്. പ്രളയം വലിയ തോതില്‍ വാഹനങ്ങളെ ബാധിച്ചപ്പോള്‍ അവ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള സര്‍വേയര്‍മാരില്ലാതെ വന്നതാണ് കമ്പനികളെ കുഴക്കുന്ന പ്രധാന പ്രശ്‌നം.
പല കമ്പനികളും ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നു വരെ സര്‍വേയര്‍മാരെ കൊണ്ടുവന്നു. വാഹനം സ്ഥലത്ത് പോയി പരിശോധിക്കുന്നത് താരതമ്യേന എളുപ്പമാണെങ്കിലും ഓരോ വാഹനത്തിന്റെയും കുഴപ്പങ്ങള്‍ മനസ്സിലാക്കി സാങ്കേതിക തികവോടെ റിപ്പോര്‍ട്ട് ഉണ്ടാക്കി സമര്‍പ്പിക്കുന്നതിന് സമയമെടുക്കും. ഇതാണ് പ്രധാനമായും സമയം വൈകാന്‍ കാരണം.
മാത്രമല്ല ഇത്ര വലിയ പ്രശ്‌നമുണ്ടായിട്ടും ജനങ്ങളെ പെട്ടെന്ന് സഹായിക്കാനുള്ള പ്രത്യേക കര്‍മപദ്ധതിയൊന്നും കമ്പനികള്‍ തയ്യാറാക്കിയിട്ടുമില്ല. ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങളില്‍ കടുത്ത ജാഗ്രത പാലിക്കുന്നുണ്ട്. ഇത് ക്ലെയിം കിട്ടാന്‍ കാലതാമസമുണ്ടാക്കുകയും ചെയ്യുന്നു. വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ വില കുറച്ച് വാങ്ങി ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചില സംഘങ്ങളും വര്‍ക്ഷോപ്പുകളെ കേന്ദ്രീകരിച്ച് വ്യാപകമായതും കാലതാമസമുണ്ടാക്കുന്നുണ്ട്.
വര്‍ക്ഷോപ്പുകളില്‍ വാഹനങ്ങള്‍ പണി തീര്‍ന്നിട്ടും എടുത്തുകൊണ്ടു പോകാത്തതിനു കാരണം ഇന്‍ഷുറന്‍സ് തുക കിട്ടാത്തതാണ്. ഇതുവരെ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയ ഇന്‍ഷുറന്‍സ് ഓഫീസുകളില്‍ ജനങ്ങള്‍ എത്തി ബഹളം കൂട്ടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.