പൂത്തോട്ട-കലൂര്‍ റൂട്ടില്‍ കെ.പി. ട്രാവല്‍സ് ഓടുക സി.എന്‍.ജി. എന്‍ജിനിലായിരിക്കും. തെക്കന്‍ പറവൂര്‍ സ്വദേശിയായ പങ്കജാക്ഷനാണ് ബസ് നിരത്തിലെത്തിച്ചത്. സി.എന്‍.ജി. എന്‍ജിനോടെ ഓടുന്ന സംസ്ഥാനത്തെ ആദ്യ ബസാണിതെന്ന് പങ്കജാക്ഷന്‍ പറയുന്നു.

ഡീസല്‍ ബസുകളില്‍ എന്‍ജിന്‍ മാറ്റി ഘടിപ്പിച്ചുള്ള സി.എന്‍.ജി. ബസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇതിനായി അഞ്ചു ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നത്. ഇത്തരം ബസുകള്‍ക്ക് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, പൂര്‍ണമായും സി.എന്‍.ജി. സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ബസില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് പങ്കജാക്ഷന്‍ പറയുന്നു.

ഡീസല്‍ വില കത്തിക്കയറുന്നതുകണ്ടാണ് ടാറ്റയുടെ 'സ്റ്റാര്‍' വിഭാഗത്തില്‍പ്പെട്ട ബസ് പരീക്ഷിക്കാന്‍ പങ്കജാക്ഷന്‍ മുന്നിട്ടിറങ്ങിയത്. 34 സീറ്റുള്ള ബസിന് 31 ലക്ഷം രൂപ ചെലവായി. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സിറ്റി സര്‍വീസിനിറക്കാനുള്ള ഓട്ടത്തിലാണ് പങ്കജാക്ഷന്‍.

ബസുടമകള്‍ പലരും വിളിച്ച് ഇതിന്റെ വിവരം തിരക്കുന്നുണ്ട്. ഇന്ധന വിലക്കയറ്റവും കോവിഡ് പ്രതിസന്ധിയും മൂലം എട്ടു ബസുള്ളതില്‍ നാലെണ്ണം ജി ഫോം കൊടുത്ത് ഷെഡ്ഡിലിട്ടിരിക്കുകയാണ് പങ്കജാക്ഷന്‍.

ലാഭം, പ്രകൃതിസൗഹൃദം

ഇന്ധന വില വെച്ചു നോക്കുമ്പോള്‍ ബസ് ലാഭമാകുമെന്നാണ് പങ്കജാക്ഷന്റെ പ്രതീക്ഷ. മലിനീകരണ പ്രശ്‌നമില്ല, ശബ്ദമില്ലാത്ത സുഖയാത്രയും. വാഹനം ഓടിച്ചപ്പോള്‍ ഒരു കിലോ സി.എന്‍.ജി.ക്ക് 8.2 കിലോമീറ്റര്‍ മൈലേജുണ്ട്. സിറ്റി സര്‍വീസായി ഓടുമ്പോള്‍ ഇത് ആറാകും. ഡീസല്‍ ബസ് സിറ്റി സര്‍വീസ് നടത്തുമ്പോള്‍ അഞ്ചര കിലോമീറ്ററാണ് ശരാശരി മൈലേജ്. ഡീസല്‍ ലിറ്ററിന് 94.47 രൂപയാണ്. സി.എന്‍.ജി. കിലോഗ്രാമിന് 56 രൂപയും.

Content Highlights: First Ever CNG Bus In Kerala, K.P. Travels, Tata CNG Bus