തിജീവനത്തിന് പുതുവഴിതന്നെ വേണം. ജില്ലയിലെ സ്വകാര്യബസുകള്‍ സി.എന്‍.ജി.യിലേക്ക്. ഡീസല്‍വില താങ്ങാനാവാത്തതിനാല്‍ ജില്ലയിലെ സ്വകാര്യബസുകള്‍ സി.എന്‍.ജി.യിലേക്കൊരു ഗിയര്‍മാറ്റത്തിന് ഒരുങ്ങുന്നു. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദപരവുമായ ദ്രവീകൃത പ്രകൃതിവാതകം സഹായിക്കുമെന്നാണ് ബസ്സുടമകള്‍ കണക്കുകൂട്ടുന്നത്. സി.എന്‍.ജി.യില്‍ ചെലവ് പകുതിയായി കുറയും. ഒരുലിറ്റര്‍ ഡീസലിന് 95 രൂപ ചെലവുവരുമ്പോള്‍ സി.എന്‍.ജി. കിലോഗ്രാമിന് 67 രൂപ മാത്രമേ ചെലവാകൂ.

സുരക്ഷിതമായ ഇന്ധനം

സി.എന്‍.ജി. കത്തുമ്പോള്‍ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിനു വായുവിനെക്കാള്‍ ഭാരം കുറവായതിനാല്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായാലും വായുവില്‍ പെട്ടെന്ന് ലയിച്ചുതീരും. അതിനാല്‍ മറ്റ് ഇന്ധനങ്ങളെക്കാള്‍ സുരക്ഷിതമാണ്.

വാഹനങ്ങള്‍ പ്രകൃതിസൗഹൃദപരമാവുന്നു ഹരിയാനയില്‍ ബസുകളും ലോറികളും ഉള്‍പ്പെടെ പതിനായിരത്തോളം വാഹനങ്ങള്‍ സി.എന്‍.ജി.യില്‍ ഓടുന്നുണ്ട്. വരുന്ന മാര്‍ച്ചോടെ രാജ്യത്തെ മിക്ക പെട്രോള്‍ പമ്പുകളിലും സി.എന്‍.ജി. ഇന്ധനം നിറയ്ക്കാന്‍ സംവിധാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതബസുകള്‍ പരിസ്ഥിതിസൗഹൃദപരമെങ്കിലും അതിന് സി.എന്‍.ജി.യെക്കാള്‍ ചെലവുകൂടും. സ്വകാര്യ ബസ് മേഖലയില്‍ ഇപ്പോള്‍ ഒട്ടേറെപ്പേര്‍ തൊഴില്‍രഹിതരായിട്ടുണ്ട്. വ്യവസായംതന്നെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് മാറ്റം പ്രതീക്ഷയുണര്‍ത്തുന്നത്.

മൈലേജ്

ഒരു ലിറ്റര്‍ ഡീസലിന് ഇപ്പോള്‍ മൂന്നുകിലോമീറ്റര്‍ മൈലേജാണ് ബസുകള്‍ക്ക് കിട്ടുന്നത്. ഇത് സി.എന്‍.ജി.യാവുമ്പോള്‍ കിലോഗ്രാമിന് 5-7 കിലോമീറ്റര്‍ ആവും. നാലുലക്ഷം രൂപയാണ് ഒരു ബസ് സി.എന്‍.ജി.യിലേക്ക് മാറ്റുന്നതിന് ചെലവുവരുന്നത്. ആര്‍.സി. ബുക്കില്‍ ഇന്ധനം ഡീസല്‍ എന്നതുമാറ്റി സി.എന്‍.ജി. എന്നാക്കിയാല്‍ ഏഴുദിവസംകൊണ്ട് ബസുകളില്‍ പുതിയ സംവിധാനം സജ്ജീകരിക്കാം. ബസിന് 20 വര്‍ഷത്തിലധികം പഴക്കമുണ്ടാവരുതെന്നുമാത്രം. സി.എന്‍.ജി. വാഹനങ്ങള്‍ക്ക് മെയിന്റനന്‍സ് ചാര്‍ജും കുറവാണ്.

മാറ്റംവരുത്തിയത് ഡല്‍ഹി കേന്ദ്രമായുള്ള സ്ഥാപനം

സി.എന്‍.ജി. വാഹനരംഗത്ത് പ്രവര്‍ത്തനപരിചയമുള്ള ഡല്‍ഹി കേന്ദ്രമായുള്ള സ്ഥാപനമാണ് കോഴിക്കോട്ടെത്തി ബസുകള്‍ക്ക് മാറ്റംവരുത്തുന്നത്. ഗ്രീന്‍ ഫ്യുവല്‍ എനര്‍ജി സൊല്യൂഷന്‍സ് എന്നാണ് സ്ഥാപനത്തിന്റെ പേര്.

ഉദ്ഘാടനം ഇന്ന് 

സി.എന്‍.ജി.യിലേക്ക് ജില്ലയിലെ സ്വകാര്യബസുകള്‍ മാറ്റുന്നതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മൂന്നിന് ഗതാഗതമന്ത്രി ആന്റണി രാജു ബാലുശ്ശേരിയില്‍ നിര്‍വഹിക്കും. പനായി ഗ്രീന്‍ ഹണ്ടേഴ്സ് ട്രാവല്‍ യാര്‍ഡില്‍ നടക്കുന്ന യോഗത്തില്‍ കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ. അധ്യക്ഷനാവും. രണ്ടുമണിക്ക് സി.എന്‍.ജി. ബസുകളുടെ പ്രവര്‍ത്തനമികവിനെക്കുറിച്ച് അത്തരം സംവിധാനം ബസുകളിലൊരുക്കുന്ന കമ്പനിയായ ഗ്രീന്‍ ഫ്യുവലിന്റെ എം.ഡി. അക്ഷയ് കശ്യപ്, ബിസിനസ് ഹെഡ് അശോക് ചൗധരി എന്നിവര്‍ വിശദീകരിക്കുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി ടി.കെ. ബീരാന്‍ കോയ അറിയിച്ചു. കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ 10 വര്‍ഷമായി സര്‍വീസ് നടത്തുന്ന എ.സി. ബ്രദേഴ്സ് ബസാണ് ആദ്യമായി സി.എന്‍.ജി.യിലേക്ക് മാറുന്നത്.

Content Highlights: First CNG Converted Bus In Calicut, CNG Bus, Private Bus, Diesel Bus Converted Into CNG