"കട തുടങ്ങുമ്പോള്‍ മെക്കാനിക്കല്‍ ഡൈനമോയടക്കം മികച്ചയിനം 'ഹെര്‍ക്കുലീസ്' സൈക്കിളിന് 155 രൂപയാണ്. 'റാലി' സൈക്കിളിനാണെങ്കില്‍ 180 രൂപയും. ഇന്ന് എല്‍.ഇ.ഡി. ലൈറ്റ് (ഇപ്പോള്‍ പഴയ മോഡല്‍ ഡൈനമോ കിട്ടാനില്ല) ഘടിപ്പിച്ച മികച്ചയിനം ഹെര്‍ക്കുലീസ് സൈക്കിളിന്റെ വില 5,530 രൂപയാണ്'' - എറണാകുളത്തിന്റെ 'ലതാ സ്വാമി' പറയുന്നത് കേവലം ജീവചരിത്രമല്ല. ഒരു ദേശത്തിന്റെയും രീതിയുടെയും വ്യാപാരത്തിന്റെയും നഗരത്തിന്റെയും ഒക്കെ കഥയാവുകയാണത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഒരു സൈക്കിള്‍ ജീവിതം...

പാലക്കാട് നെച്ചൂര്‍ ഗ്രാമത്തിലെ കൃഷ്ണയ്യര്‍, എറണാകുളത്തേക്കെത്തിയത് കുടുംബത്തിന്റെ അന്നവഴി തേടിയാണ്. കോടതിക്കു സമീപം സ്റ്റാമ്പ് വെണ്ടറുടെ തൊഴിലാണ് അദ്ദേഹത്തെ കാത്തിരുന്നത്. മകനായ ശിവരാമകൃഷ്ണന്‍ എസ്.ആര്‍.വി. സ്‌കൂളില്‍ പത്താംതരം പാസാകുമ്പോഴേക്കും കുടുംബപ്രാരബ്ധങ്ങളേറെയായി. വീട്ടിലെ ബുദ്ധിമുട്ടിന്റെ സാഹചര്യം മനസ്സിലാക്കിയ മകന്‍ 1959-ല്‍ എം.ജി. റോഡിലെ 'ഇംഗ്ലീഷ് സൈക്കിള്‍സ്' എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായി ചേര്‍ന്നു. അന്നുമുതല്‍ തുടങ്ങിയതാണ് ആ പ്രണയം... സൈക്കിളെന്ന വാഹനത്തോടുള്ള കമ്പം...


കടയുടമയിലേക്ക്

പ്രണയം തുടങ്ങിയപ്പോള്‍ ശിവരാമകൃഷ്ണന് സൈക്കിള്‍ ചവിട്ടാന്‍ പോലും അറിയില്ലായിരുന്നു. പതിനാറുവര്‍ഷം കൊണ്ട് സൈക്കിള്‍പ്പണിയുടെയും വില്പനയുടെയുമെല്ലാം മര്‍മം ഗ്രഹിച്ചു. അതിനിടെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ചെറിയ കട സഹപാഠി വാടകയ്ക്കായി വിട്ടുനല്‍കിയത്. അങ്ങനെ 1976-ല്‍ 'ലതാ സൈക്കിള്‍സ്' പിറന്നു, ശിവരാമകൃഷ്ണന്‍ എറണാകുളത്തിന്റെ ലതാ സ്വാമിയുമായി.


ബ്രാന്‍ഡേതായാലും സൈക്കിളായാല്‍ മതി

കടയിലെ ജോലിക്കാരനായിരുന്നപ്പോള്‍ കുടുംബം താമസിച്ചിരുന്ന തൃപ്പൂണിത്തുറയിലേക്ക് സൈക്കിളിലായിരുന്നു മിക്കവാറും യാത്ര. അവിടെ നിന്ന് കടയിലെത്താന്‍ വേണ്ടിവന്നിരുന്നത് അര മണിക്കൂര്‍ മാത്രം. വാഹനങ്ങളുടെ തിരക്കേറെ ഇല്ലായിരുന്നു എന്നതാണ് കാരണം. ഇന്നും പ്രിയപ്പെട്ട ബ്രാന്‍ഡായ ഹെര്‍ക്കുലീസ് തന്നെയായിരുന്നു ആദ്യ സൈക്കിള്‍. പിന്നീട് ഇടയ്ക്കിടെ ബ്രാന്‍ഡുകള്‍ മാറിവന്നു. ഇന്നും സ്വാമി സ്വയം ഓടിക്കുന്ന വാഹനം സൈക്കിള്‍ തന്നെ. 

രണ്ടു പെണ്‍മക്കള്‍ക്കും കാറൊക്കെയുണ്ട്. ഒരു സ്‌കൂട്ടര്‍ വാങ്ങാനുള്ള പലരുടെയും ഉപദേശം സ്വാമി ഇതുവരെ കണക്കിലെടുത്തിട്ടുമില്ല. പല ആവശ്യങ്ങള്‍ക്കായി അങ്കമാലിയിലും മറ്റും പോയിരുന്നതും സൈക്കിളിലാണ്. നഗരത്തില്‍ രണ്ടിടങ്ങളിലായി താമസിക്കുന്ന മക്കളുടെ വീടുകളിലേക്ക് ഇപ്പോഴും അച്ഛന്റെ യാത്ര സൈക്കിളില്‍ത്തന്നെ.


ഇടപാടുകാര്‍ ലക്ഷദ്വീപില്‍ വരെ

മികച്ചയിനം സൈക്കിളുകളും അനുബന്ധ വസ്തുക്കളും കച്ചവടം ചെയ്യുന്നതാണ് മാറാത്ത രീതി. കടം കൊടുക്കാറില്ല. അതുകൊണ്ട് മുഷിയലും കുറവ്. കട ചെറുതാണെങ്കിലും ഉപഭോക്താക്കളുടെ നിര ഏറെയാണ്. ആലുവ, അശോകപുരം, പിറവം, പാമ്പാക്കുട, കിഴക്കമ്പലം, തിരുവാങ്കുളം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ ഇടപാടുകാര്‍ ഇന്നും വരുന്നുണ്ട്. ലക്ഷദ്വീപില്‍നിന്ന് വര്‍ഷങ്ങളായി സ്ഥിരം ഉപഭോക്താക്കളുമുണ്ട്. മാസം ശരാശരി 120 സൈക്കിള്‍ വരെയായിരുന്നു കച്ചവടം. എന്നാല്‍, മെട്രോ പണി തുടങ്ങിയതോടെ വില്പനയില്‍ കാര്യമായ ഇടിവുവന്നു.


സൈക്കിള്‍ ചവിട്ടിയാല്‍ പലതുണ്ട് കാര്യം

79 വയസ്സ് പൂര്‍ത്തിയാവുന്ന ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിന്റെ ക്രെഡിറ്റും സൈക്കിള്‍യാത്ര തന്നെ. രക്തസമ്മര്‍ദമോ പ്രമേഹമോ തൊട്ടിട്ടില്ല. വയറാണെങ്കില്‍ തീരെക്കുറവ്. മുട്ടുവേദനയോ നടുവേദനയോ ആക്രമിച്ചിട്ടുമില്ല. രണ്ടുവര്‍ഷം മുന്‍പ് ഹൃദയശസ്ത്രക്രിയ വേണ്ടിവന്നതാണ് ഒരപവാദം. ഒരാവശ്യവുമുണ്ടായിരുന്നില്ല എന്നാണ് സ്വാമിയുടെ ഇന്നത്തെയും അഭിപ്രായം. മുട്ടുവേദനയും കുടവയറുമായി സമീപിച്ച പല കൂട്ടുകാര്‍ക്കും 'സൈക്കിള്‍മരുന്ന്' നല്‍കിയിട്ടുമുണ്ട് ഇദ്ദേഹം.


ടയറും ട്യൂബും റേഷന്‍

കാലങ്ങളിലൂടെ പല പല മാറ്റങ്ങളാണ് വന്നത്. സൈക്കിളിന്റെ ടയറും ട്യൂബും റേഷനായിരുന്ന കാലവുമുണ്ട്. 1970-കളിലാണ്. ഡണ്‍ലപ്പ് ടയറുകള്‍ക്കായിരുന്നു അന്ന് ഏറെ പ്രിയം. ടയറുകള്‍ക്ക് ക്ഷാമം വന്നതോടെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സൈക്കിളുകള്‍ക്ക് നല്‍കുന്ന വാര്‍ഷിക ലൈസന്‍സുള്ളവര്‍ക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്തി. വര്‍ഷം ഒരാള്‍ക്ക് രണ്ടുവീതം ടയറും ട്യൂബുമാണ് ഇത്തരത്തില്‍ വിറ്റിരുന്നത്. ആറര രൂപയായിരുന്നു അന്ന് ഇതിന്റെ വിലയെന്നും സ്വാമി ഓര്‍ക്കുന്നു. ഇന്നിപ്പോള്‍ നൈലോണ്‍ ടയറുകള്‍ക്ക് 165 മുതല്‍ 220 രൂപ വരെയാണ് വില. സൈക്കിളുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുന്ന പതിവ് 1985-കളോടെയാണ് നിന്നുപോയത്.


ഇഷ്ടമുണ്ട് പക്ഷേ, എങ്ങനെ പോകും

സൈക്കിളില്‍ നഗരവും അടുത്ത പ്രദേശങ്ങളും അളന്നുതീര്‍ത്തിരുന്ന സ്വാമിക്ക് പക്ഷേ, ഇന്ന് വലിയ പ്രയാസമുണ്ട്. സൗത്തില്‍നിന്ന് കടവന്ത്രയിലേക്കും മറ്റും സന്ധ്യ മയങ്ങിയാല്‍ ഒറ്റയ്ക്കു പോകാന്‍ ആളുകള്‍ മടിച്ചിരുന്ന എറണാകുളം ഇന്ന് വലിയതോതില്‍ മാറിപ്പോയി. ഏതു വഴികളിലൂടെയും കൈവിട്ട് സൈക്കിള്‍ ചവിട്ടാന്‍ കഴിയുമായിരുന്ന കാലം ഒരിക്കലും തിരിച്ചുവരാത്ത ഓര്‍മയാണ്. തെരുവുവിളക്കുകള്‍, പുതിയ റോഡുകള്‍, ഇപ്പോഴിതാ മെട്രോയും. 

സൗകര്യങ്ങള്‍ ഏറുമ്പോഴും സൈക്കിള്‍ യാത്രക്കാരനോ കാല്‍നടക്കാരനോ തീരെ സുരക്ഷിതമല്ലാത്ത വിധത്തില്‍ നഗരം മാറിപ്പോയി. സൈക്കിള്‍ ചവിട്ടണമെന്നുണ്ടെങ്കിലും എവിടെയെന്ന ചോദ്യത്തിനുത്തരമില്ല. നഗരത്തിന്റെ ഭാവി ആസൂത്രണത്തില്‍ അത്തരം സൗകര്യങ്ങള്‍ വരട്ടെയെന്നും സ്വാമി പ്രത്യാശിക്കുന്നുണ്ട്. താന്‍ ജോലി ചെയ്തിരുന്ന ഇംഗ്ലീഷ് സൈക്കിള്‍സ് പോലെയുള്ള പല സ്ഥാപനങ്ങളും പലപ്പോഴായി പൂട്ടിപ്പോയി. അന്നുമുതല്‍ ബ്രോഡ്വേയിലുണ്ടായിരുന്ന 'കൊച്ചിന്‍ സൈക്കിള്‍ എംപോറിയം' ഇന്നും നിലനില്‍ക്കുന്നുണ്ടെന്നതും വസ്തുതയാണ്. 

ആദ്യകാലത്ത് ഇടത്തട്ടുകാരന്റെ വാഹനമായിരുന്ന സൈക്കിളിന് വലിയ ഡിമാന്‍ഡുതന്നെയായിരുന്നു. പലപ്പോഴും ആവശ്യക്കാര്‍ക്ക് കൊടുക്കാനാകാത്ത അവസ്ഥയുണ്ടായി. ഇരുചക്രവാഹനങ്ങളുടെ കടന്നുവരവോടെ വലിയ തിരിച്ചടിയായി. എന്നാല്‍, വ്യായാമമില്ലാത്ത ജീവിത രീതി കേരളത്തെ രോഗങ്ങളുടെ കലവറയാക്കിയപ്പോള്‍ സൈക്കിളിന്റെ കാലം വീണ്ടും തെളിഞ്ഞു. ഇടക്കാലത്തെ ക്ഷീണം മാറിയതിന്റെ കാരണവും സ്വാമി നിരത്തുകയാണ്.


എറണാകുളത്തപ്പന്‍ ശരണം

ചെറിയ ജീവിതത്തിനിടയ്ക്ക് എറണാകുളത്തിന്റെ സാമൂഹിക മണ്ഡലത്തിലും സംഭാവനകള്‍ നല്‍കാന്‍ സ്വാമിക്കായിട്ടുണ്ട്. പല ശ്രേണികളിലുള്ളവരുമായി ബന്ധപ്പെടാന്‍ പറ്റിയ ഈ ജീവിതത്തില്‍ ഏറ്റവും വലിയ പുണ്യമായി ഇദ്ദേഹം കാണുന്നത് എറണാകുളത്തപ്പന്റെ കടാക്ഷമാണ്.

ക്ഷേത്രത്തിലെ ഭരണസമിതിയുടെ ട്രഷററായി സാധാരണക്കാരനായി തനിക്ക് 17 വര്‍ഷം സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ഇദ്ദേഹം പറയുന്നു. തുടക്കകാലത്ത് വ്യാപാരത്തിലും തുണയായി നിന്ന ഭാര്യ തൈലാംബാളിനൊപ്പം കാരക്കാട് റോഡിലെ വീട്ടിലാണ് സ്വാമിയുടെ വാസം. വ്യാപാര കാര്യത്തില്‍ സഹായിയായി കൂടെയുള്ളത് മരുമകനായ ഗോപാലകൃഷ്ണനാണ്.