റോഡപകടങ്ങളില്‍ ലോകത്ത് മരിച്ചവരെയും ഗുരുതരമായി പരിക്കേറ്റ് ജീവിക്കുന്നവരെയും അനുസ്മരിക്കുന്ന അന്തര്‍ദേശീയദിനമായിരുന്നു നവംബര്‍ 18. എല്ലാ വര്‍ഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച വേള്‍ഡ് ഡേ ഓഫ് റിമമ്പറന്‍സ് ഓഫ് റോഡ് ട്രാഫിക് വിക്ടിംസ് ആയി ലോകമെമ്പാടും ആചരിക്കാറുണ്ട്. എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്നതും ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയുമാണ് റോഡ് ഗതാഗതത്തിന്റെ ഏറ്റവും വലിയ സവിശേഷത. 

ഇതിനാല്‍ മറ്റു ഗതാഗതമാര്‍ഗങ്ങളെ അപേക്ഷിച്ച് റോഡ് ഗതാഗതത്തെ കൂടുതലായി ആശ്രയിക്കുന്നു. എന്നാല്‍, റോഡുഗതാഗതത്തിലെ ഏറ്റവും വലിയ ദുരന്തമാണ് റോഡപകടങ്ങള്‍. പ്രതിവര്‍ഷം 13 ലക്ഷം ആളുകളാണ് റോഡപകടങ്ങളില്‍ ലോകത്ത് മരിക്കുന്നത്. രണ്ടുമുതല്‍ അഞ്ചുകോടി ആളുകള്‍ക്ക് റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നു. 

അഞ്ചിനും 44 വയസ്സിനും ഇടയിലുള്ള ആളുകളുടെ മരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കാരണം റോഡപകടങ്ങളാണ്. റോഡപകടങ്ങള്‍ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ മരണപ്പെടുന്നവരുടെ എണ്ണം 13 ലക്ഷത്തില്‍നിന്ന് 24 ലക്ഷം ആയി ഉയരുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ പ്‌ളാന്‍ ഫോര്‍ ദി ഡീക്കേഡ് ഓഫ് ആക്ഷന്‍ ഫോര്‍ റോഡ് സേഫ്റ്റി 2011-2020 റിപ്പോര്‍ട്ട് പറയുന്നു. 

Accident

ഇന്ത്യയും റോഡപകടങ്ങളും

റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. 2015-ല്‍ ഒരുലക്ഷത്തിലേറെപ്പേരാണ് ഇന്ത്യയില്‍ മരിച്ചത്. 2016-ല്‍ ഇത് ഒന്നരലക്ഷം കടന്നു. ചൈനയാണ് റോഡപകടമരണങ്ങളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ളത്. 

കേരളത്തില്‍

ഭൂവിസ്തൃതിയില്‍ ഇന്ത്യയുടെ 1.18 ശതമാനം മാത്രമാണ് കേരളം. പക്ഷേ, ഇന്ത്യയിലെ റോഡപകടങ്ങളില്‍ എട്ട് മുതല്‍ ഒമ്പത് ശതമാനംവരെ കേരളത്തിലാണ്. ഇന്ത്യയില്‍ മൊത്തം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന റോഡപകടങ്ങളില്‍ 2014 മുതല്‍ അഞ്ചാംസ്ഥാനത്താണ് കേരളം.

accident

അതേവര്‍ഷം 44,108 ആളുകള്‍ക്കാണ് കേരളത്തില്‍ റോഡപകടങ്ങളില്‍ പരിക്കേറ്റത്. ഇത് ഇന്ത്യയില്‍ മൊത്തം റോഡപകടങ്ങളില്‍ പരിക്കേറ്റവരില്‍ 8.9 ശതമാനമാണ്. പരിക്കേറ്റവരുടെ എണ്ണത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ആദ്യ നാലാംസ്ഥാനത്താണ് കേരളം. കേരളത്തില്‍ 2000 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട റോഡപകടങ്ങളുടെ എണ്ണം അതില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും സംഖ്യകള്‍ ചുവടെ കൊടുക്കുന്നു.

അപകടങ്ങളില്‍ പകുതിയും ദേശീയ-സംസ്ഥാന പാതകളില്‍

കേരളത്തിലെ റോഡ് സാന്ദ്രത (Road density) 528.8 കിലോമീറ്റര്‍/100 ചതുരശ്ര കിലോമീറ്റര്‍ ആണ്. ദേശീയ റോഡ് സാന്ദ്രതയായ 387 കിലോമീറ്റര്‍/100  ചതുരശ്ര കിലോമീറ്ററിനേക്കാളും കൂടുതലാണിത്. 2,19,000 കിലോമീറ്ററാണ് കേരളത്തിലെ ആകെ റോഡുകളുടെ   ദൈര്‍ഘ്യം. (കേരള സംസ്ഥാന പ്‌ളാനിങ് ബോര്‍ഡ്. ഇക്കണോമിക് റിവ്യൂ-2016). 

ഇതില്‍ 1781 കിലോമീറ്റര്‍ മാത്രമാണ് ദേശീയ പാതകളായിട്ടുള്ളത്. എന്നാല്‍, കേരളത്തില്‍ മൊത്തം സംഭവിക്കുന്ന റോഡപകടങ്ങളില്‍ 24 ശതമാനവും നടക്കുന്നത് ഈ പാതകളിലാണ്. മരിക്കുന്നവരില്‍ 32.6 ശതമാനവും പരിക്കേല്‍ക്കുന്നവരില്‍ 25 ശതമാനവും ഇവിടെത്തന്നെ. 

img

അതേസമയം, 4342 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ സംസ്ഥാനപാതകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന റോഡപകടങ്ങളുടെ 25 ശതമാനവും നടക്കുന്നു. അതായത്, കേരളത്തില്‍ നടക്കുന്ന 50 ശതമാനം റോഡപകടങ്ങളും അതില്‍ പരിക്കേല്‍ക്കേണ്ടിവരുന്നവരും മരണപ്പെടുന്നവരും ഏകദേശം മൂന്നു ശതമാനം മാത്രം വരുന്ന ദേശീയ-സംസ്ഥാന പാതകളിലാണ് സംഭവിക്കുന്നത്.

ഇരുചക്രവാഹനങ്ങളുടെ ബാഹുല്യം

2017 മാര്‍ച്ച് 31 വരെ 1,10,30,037 വാഹനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ സ്വകാര്യവാഹനങ്ങളാണ് പകുതിയില്‍ കൂടുതലും.  വാഹനങ്ങളും-ജനസംഖ്യയും തമ്മിലുള്ള അനുപാതം കേരളത്തില്‍ 330/1000 എന്നതാകുമ്പോള്‍ ദേശീയാനുപാതം 18/1000 മാത്രമാണ്.  

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളില്‍ 64 ശതമാനം ഇരുചക്രവാഹനങ്ങളാണ്. റോഡപകടങ്ങളുടെ കാര്യത്തില്‍ 38 ശതമാനത്തിലും  റോഡപകടങ്ങളിലും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. റോഡ് സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഇരുചക്രവാഹന ഉപഭോക്താക്കളെ പ്രത്യേകം പരിഗണന നല്‍കേണ്ടതാണ്. 

Balabhaskar Accident

മൊത്തം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 2574 വാഹനങ്ങളില്‍ 1802-ഉം ഇരുചക്രവാഹനങ്ങളാണ് എന്നതും അപകടങ്ങളില്‍ അവയുടെ സാന്നിധ്യവും പ്രത്യേകം പരിഗണിക്കണം.

സാമ്പത്തിക വളര്‍ച്ചയില്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞ (കേരള മോഡല്‍ വികസനം) ഒരു സംസ്ഥാനമെന്ന നിലയില്‍ ഈ മനുഷ്യദുരന്തത്തെയും കേരളം ഇല്ലായ്മ ചെയ്‌തേ പറ്റൂ.

റോഡപകടങ്ങളില്‍ കേരളത്തിന്റെ ഭാവി

2000 മുതല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട റോഡപകടങ്ങളുടെ എണ്ണത്തിലോ അതിലൂടെ സംഭവിച്ച മരണങ്ങളുടെയോ പരിക്കേറ്റവരുടെ എണ്ണത്തിലോ പ്രകടമായ കുറവ് സംഭവിച്ചിട്ടില്ല. നിലവിലെ റോഡ്സുരക്ഷാ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനോടൊപ്പം പുതിയ ചില പദ്ധതികളുടെ ആവശ്യകതയിലേക്കുകൂടി ഇത് വിരല്‍ചൂണ്ടുന്നു. 

Accident

പ്രധാനമായി കാണേണ്ട വസ്തുതകള്‍:

  • ആരോഗ്യം, പൊതുവിദ്യാഭ്യാസം, പോലീസ്, ഗവേഷണസ്ഥാപനങ്ങള്‍, എന്‍ജിനീയറിങ്, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്‌ളാനിങ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണം റോഡ് സുരക്ഷയ്ക്ക് ആവശ്യമാണ്.
  •  2007-ല്‍ പാസാക്കിയ കേരള റോഡ് സേഫ്റ്റി അതോറിറ്റി ബില്ലും തുടര്‍ന്നുവന്ന കേരള റോഡ് സേഫ്റ്റി അതോറിറ്റിയും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മറ്റു വകുപ്പുകള്‍ തമ്മിലെ യോജിപ്പില്ലായ്മ ഈ പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം പരിഹരിക്കേണ്ടതുണ്ട്.
  • ഹ്രസ്വവും ദീര്‍ഘവുമായ പദ്ധതികള്‍ റോഡ്സുരക്ഷയ്ക്കായി തയ്യാറാക്കണം. കേരളത്തിലെ റോഡുകള്‍ (ദേശീയ പാതകള്‍ ഉള്‍പ്പെടെ) ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും മോര്‍ത്തിന്റെയും (Ministry of Road Transport & Highways) മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉയര്‍ത്തണം. ഇത്തരം മാനദണ്ഡങ്ങള്‍ പുതിയ റോഡുകള്‍ക്കൊപ്പം നിലവിലുള്ള റോഡുകള്‍ക്കും ബാധകമാക്കണം. അതിനായി ഹ്രസ്വകാലത്തില്‍ റോഡ് സേഫ്റ്റി ഓഡിറ്റിങ് നടത്തണം.
  • റോഡ് ഗതാഗതത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള വിഷയങ്ങള്‍ സ്‌കൂള്‍തലം മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. സ്‌കൂള്‍-കോളേജ് തലങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കണം.
  • റോഡപകടങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്താനും റോഡപകടങ്ങളില്‍ പരിക്കേറ്റവരുടെ ശാരീരിക മാനസികവൈകല്യങ്ങള്‍ കണ്ടെത്താനും കഴിയുന്ന തരത്തില്‍ പോലീസ്സേന സജ്ജമാകണം. വിവിധ വിഷയങ്ങളില്‍ (എന്‍ജിനീയറിങ്, ആരോഗ്യം) പ്രാവീണ്യം നേടിയവര്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലുണ്ടാകണം.
  • റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാനുള്ള ശാസ്ത്രീയമായ ആംബുലന്‍സ് കോഡ് ഇല്ല. ഇത് മിക്കപ്പോഴും ചെറിയ പരിക്കേറ്റവരെ പോലും വലിയ ശാരീരികവൈകല്യങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇത് ഉടനെ പരിഹരിക്കണം.

Content Highlights: Need To Prevent Man Made Road Accidents