ടോള്‍ പ്ലാസകളില്‍ കാത്തുനിന്ന് ഇനി നേരം കളയേണ്ട. ഡിസംബര്‍ 15 മുതല്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാകുകയാണ്. ഡിസംബര്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും 15 ദിവസത്തെ കൂടി സാവകാശം ലഭിച്ചിരിക്കുകയാണ്.
ഡിജിറ്റല്‍ ഇന്ത്യയിലേക്ക്
ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനമാണിത്. പ്രീ പെയ്ഡ് സിം കാര്‍ഡ് പോലെയാണ് ഫാസ്ടാഗിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗുള്ള വാഹനങ്ങള്‍ ടോള്‍ പ്ലാസകള്‍ വഴി കടന്നുപോകുമ്പോള്‍ ഫാസ്ടാഗ് വാലറ്റില്‍നിന്ന് ഓട്ടോമാറ്റിക്കായി പണം പിന്‍വലിക്കപ്പെടും. ഇതുവഴി ടോള്‍ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തുനില്‍പ്പും ഇന്ധന ഉപഭോഗവും കുറയ്ക്കാനാകും. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്.
ഒരു വാഹനത്തിന് ഒരു ടാഗ്
ഒരാള്‍ക്ക് പത്ത് വാഹനങ്ങള്‍ ഉണ്ടെങ്കില്‍ പത്തെണ്ണത്തിനും ഫാസ്ടാഗ് വേണം. ഒരു വാഹനത്തിന്റെ ടാഗ് പറിച്ച് മറ്റൊന്നിന് ഒട്ടിക്കാനാകില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ഫാസ്ടാഗ് ഓട്ടോമാറ്റിക്കായി റദ്ദാകും. മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ ടോള്‍ പ്ലാസകളില്‍നിന്ന് എളുപ്പത്തില്‍ മനസ്സിലാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഒരു ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് ഒന്‍പത് വാഹനങ്ങള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. പത്തിനു മുകളില്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ മറ്റൊരാളുടെ ആധാറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് ഫാസ്ടാഗ് എടുക്കണം.
പത്തില്‍ കൂടുതല്‍ വാഹനങ്ങളുള്ള കമ്പനികള്‍ ഫാസ്ടാഗ് എടുക്കാന്‍ കോര്‍പ്പറേറ്റ് രജിസ്ട്രേഷന്‍ ചെയ്യണം. ഇത്തരം കമ്പനികള്‍ ഫാസ്ടാഗ് എടുക്കുമ്പോള്‍ ആധാര്‍ കാര്‍ഡിനും മൊബൈല്‍ നമ്പറിനും പുറമെ ജി.എസ്.ടി. സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, കമ്പനി രേഖകള്‍ എന്നിവ സമര്‍പ്പിക്കണം.
റീചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഫാസ് ടാഗ് എടുക്കുമ്പോള്‍ ഒരു യൂസര്‍ നെയിമും പാസ്വേര്‍ഡും കിട്ടും.
ഉദാ: എസ്.ബി.ഐ. ഫാസ്ടാഗ് എടുക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന യൂസര്‍ നെയിം അവരുടെ മൊബൈല്‍ നമ്പര്‍ തന്നെയായിരിക്കും. ഇതുപയോഗിച്ച് fastag.onlinesbi.com എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം. ഈ പോര്‍ട്ടല്‍ വഴി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാനാകും. സിം കാര്‍ഡ് ഉപയോഗിക്കുന്ന പോലെ തന്നെ ഫാസ് ടാഗും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. ബാങ്ക് അക്കൗണ്ടുമായി ഫാസ്ടാഗ് അക്കൗണ്ട് ബന്ധിപ്പിക്കേണ്ടതില്ല.
- ഫാസ്ടാഗ് സര്‍വീസ് നല്‍കുന്ന മറ്റ് ബാങ്കുകളുടെ വെബ്സൈറ്റിലും ഈ സേവനം ലഭ്യമാണ്. ഓരോ തവണത്തെയും ടോള്‍ പിരിവ് സംബന്ധിച്ച വിവരങ്ങളും ബാലന്‍സും ഈ പോര്‍ട്ടലില്‍ ലഭ്യമാണ്. ആധാര്‍ വിവരങ്ങള്‍ മാത്രം സമര്‍പ്പിച്ച് ഫാസ്ടാഗ് എടുത്ത ഒരാള്‍ക്ക് 10,000 രൂപയുടെ വരെ റീചാര്‍ജ് ചെയ്യാനാകും. പാന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് 10,000-1,00,000 രൂപയുടെ റീചാര്‍ജ് ചെയ്യാം. 200 രൂപ മുതലുള്ള റീചാര്‍ജ് ഓപ്ഷനുകള്‍ ലഭ്യമാണ്. ഫാസ്ടാഗ് വാലറ്റില്‍ മിനിമം ബാലന്‍സ് 100 രൂപ ഉണ്ടായിരിക്കണം.
- ടോള്‍ പാസ് ചെയ്യുന്നതിനു മുന്‍പ് ബാലന്‍സ് ചെക്ക് ചെയ്യാന്‍ മറക്കല്ലേ. ബാലന്‍സില്ലെങ്കില്‍ കാര്‍ഡ് താത്കാലിമായി ബ്ലോക്ക് ആകും. ബാലന്‍സ് ഇല്ലെന്ന സന്ദേശവും രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് എത്തും. റീചാര്‍ജ് ചെയ്ത് കാര്‍ഡ് വീണ്ടും ആക്ടിവേറ്റാക്കാം.
- ഫാസ്ടാഗ് ഉപയോഗിച്ച് ടോള്‍ അടയ്ക്കുന്നവര്‍ക്ക് 2.5 ശതമാനം കാഷ് ബാക്ക് ലഭിക്കും. നവംബറില്‍ അടച്ച ടോളിന്റെ കാഷ് ബാക്ക് ഡിസംബറിലായിരിക്കും ലഭിക്കുക. ഇത് നേരിട്ട് ഫാസ്ടാഗ് വാലറ്റിലേക്ക് ക്രെഡിറ്റ് ആകും.
ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍
ഓണ്‍ലൈനായി ഫാസ്ടാഗ് വാങ്ങാനുള്ള അവസരം ബാങ്കുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ ടാഗ് വാങ്ങുമ്പോള്‍ നിങ്ങളുടെ പ്രദേശത്ത് ഫാസ്ടാഗ് സേവനം നല്‍കുന്ന ബാങ്കില്‍നിന്ന് വാങ്ങാന്‍ ശ്രദ്ധിക്കണം. അഥവാ ടാഗുമായി ബന്ധപ്പെട്ട എന്തെങ്കിലും ആശയക്കുഴപ്പങ്ങള്‍ നേരിട്ടാല്‍ അത് പരിഹരിക്കാന്‍ നേരിട്ട് അടുത്തുള്ള ബ്രാഞ്ചിലേക്ക് ചെന്നാല്‍ മതി. വിദേശത്തേക്കോ മറ്റോ പോകുന്ന ആളാണെങ്കില്‍ ഫാസ്ടാഗ് തിരിച്ച് നല്‍കി (സറണ്ടര്‍ ചെയ്ത്) റദ്ദാക്കാനും ഫാസ്ടാഗില്‍ പ്രശ്‌നം നേരിട്ടാല്‍ അത് പരിഹരിക്കാനും അടുത്തുള്ള സര്‍വീസ് സെന്ററുകളില്‍ ചെല്ലുന്നതാണ് നല്ലത്.
ഫാസ്ടാഗ് എടുക്കാം, എങ്ങനെ?
എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് ലഭ്യമാണ്. കേരളത്തിലെ 3,500 പൊതുസേവന കേന്ദ്രങ്ങള്‍ വഴിയും 24 ബാങ്കുകള്‍ വഴിയും ഫാസ്ടാഗ് നല്‍കുന്നുണ്ട്. എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ., ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ ഫാസ്ടാഗുകളാണ് പൊതു സേവന കേന്ദ്രങ്ങള്‍ വഴി നല്‍കുന്നത്. വാഹനത്തിന്റെ ആര്‍.സി. ബുക്ക്, ആധാര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ടാഗ് വാങ്ങാന്‍ ആവശ്യമാണ്.
കാറിന്റെ ഫാസ്ടാഗിന് 500 രൂപയാണ് വില. ഇതില്‍ 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആണ്. ഇത് ടാഗ് സറണ്ടര്‍ ചെയ്യുമ്പോള്‍ തിരിച്ചുനല്‍കും. ലോറി, ട്രക്ക് തുടങ്ങിയവയുടെ ഫാസ്ടാഗിന് സെക്യൂരിറ്റി ഡെപ്പോസിറ്റും ടാഗ് ചാര്‍ജും ഇല്ല. ഇത്തരം വണ്ടികള്‍ 300 രൂപ മാത്രം അടച്ചാല്‍ മതി.
Content Highlights: Fastag System In Vehicle For Easy Toll Collection