റണാകുളത്തുനിന്ന് മറയൂരിലേക്ക് ഇന്ധനവുമായി ടാങ്കര്‍ലോറിയിലെത്തുന്ന ഡ്രൈവറും സഹായിയും ഇപ്പോള്‍ നാട്ടിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ജീവിതത്തിന്റെയും ലോറിയുടെയും വളയം തിരിച്ച് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന യുവാവിന്റെ സഹായി ഭാര്യയാണെന്നതാണ് ഈ ജീവിതവണ്ടിയുടെ പ്രത്യേകത.

എറണാകുളം പട്ടിമറ്റത്ത് പുളിക്കായത്ത് വീട്ടില്‍ ശശീന്ദ്രന്റെയും സുഷമയുടെയും മകന്‍ അനന്തകൃഷ്ണന്‍(39), ഭാര്യ സൗമ്യ (36) എന്നിവരാണ് ഈ ലോറിത്തൊഴിലാളികള്‍. കോവിഡ് ദുരിതമേറിയപ്പോള്‍ മറ്റു മാര്‍ഗമില്ലാതെ കൂടുതല്‍ സുരക്ഷിതനാകുന്നതിനാണ് ഭാര്യയെ അനന്തകൃഷ്ണന്‍ കൂടെ കൂട്ടിയത്. ചെറുവാഹനങ്ങള്‍ ഓടിക്കാന്‍ സൗമ്യക്ക് ലൈസന്‍സ് ഉണ്ടെങ്കിലും ഹെവി ലൈസന്‍സില്ല. 

പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പോകുന്ന ടാങ്ക് ട്രക്ക് ക്രൂ എന്ന പേരില്‍ അറിയപ്പെടുന്ന ഡ്രൈവര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പരിശീലനക്ലാസില്‍ പങ്കെടുക്കുകയും വിജയിക്കുകയും വേണം. 2004 മുതല്‍ പെട്രോള്‍ലോറികള്‍ ഓടിക്കുന്ന അനന്തകൃഷ്ണന്‍ അത് പാസായിരുന്നു. 

2021-ല്‍ മറയൂരിലെ പെട്രോള്‍പമ്പുകാര്‍ പുതിയ ടാങ്കര്‍ലോറി വാങ്ങി അനന്തകൃഷ്ണനെ ഏല്‍പ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റൊരാളെ ഹെല്‍പ്പറായി എടുക്കുന്നത് സുരക്ഷിതമല്ലായെന്നുകണ്ടാണ് ഭാര്യയെയും കമ്പനിയുടെ പരിശീലനക്ലാസില്‍ പങ്കെടുപ്പിച്ചത്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചതോടെയാണ് സൗമ്യ ഭര്‍ത്താവിന് കൂട്ടായത്.

എറണാകുളത്തെ കമ്പനിയില്‍നിന്ന് പെട്രോള്‍ നിറച്ച് മറയൂര്‍ പമ്പില്‍ എത്തിച്ച് തിരിച്ച് വീട്ടിലെത്തുന്നതുവരെ സൗമ്യ അനന്തകൃഷ്ണന്റെ ഹെല്‍പ്പറാണ്. വീട്ടിലെത്തിയാല്‍ കുടുംബിനിയും. ടാങ്കില്‍ പെട്രോള്‍ നിറയ്ക്കുന്നതും പമ്പുകളില്‍ എത്തിച്ചുനല്‍കുന്നതും ലോറി കഴുകുന്നതും ടയര്‍ പഞ്ചറായാല്‍ മാറ്റുന്നതും തുടങ്ങി എല്ലാ ജോലിയിലും സൗമ്യയുടെ കരുതലുണ്ട്. 

ഒറ്റദിവസം കൊണ്ട് തിരികെ വീട്ടിലെത്താന്‍ കഴിയില്ല. വഴിയില്‍ എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്ത് ലോറി ഒതുക്കിയിട്ട് വിശ്രമിച്ചശേഷമേ ഇവര്‍ മടങ്ങൂ. കോവിഡ് കാലമായതിനാല്‍ ആഴ്ചയില്‍ അഞ്ച് ലോഡ് വരെ മാത്രമാണ് ഇപ്പോഴുള്ളത്. എങ്കിലും ഭര്‍ത്താവിനൊപ്പം ഇത്തരമൊരു ജോലി ചെയ്യുന്നതില്‍ സന്തോഷമാണുള്ളതെന്ന് സൗമ്യ പറയുന്നു. സൗമ്യയുടെ സാന്നിധ്യം ജോലി ചെയ്യാന്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി അനന്തകൃഷ്ണനും സാക്ഷ്യപ്പെടുത്തുന്നു. ലക്ഷ്മി, ദശരഥ്, ലക്ഷ്മിപ്രിയ എന്നിവരാണ് മക്കള്‍.

Content Highlights: Family Tank Truck Crew; Husband And Wife, Fuel Tanker, Tanker Lorry