ഞ്ചിനുകളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനുള്ള മനുഷ്യരുടെ പ്രയത്‌നത്തിനു ക്ഷിപ്രവേഗം വരുത്തിയ ഒരു കണ്ടുപിടുത്തമായിരുന്നു സെന്‍സറുകളുടെ കടന്നുവരവ്. കഴിഞ്ഞ 30 വര്‍ഷക്കാലം മൈക്രോ കണ്‍ട്രോളറുകളും സെന്‍സറുകളും എന്‍ജിന്‍ ഡെവലപ്‌മെന്റില്‍ ഉണ്ടാക്കിയ മാറ്റം ചില്ലറയല്ല. പൊതുവേ പുറംമോടിയും ഇന്ധനക്ഷമതയും മാത്രം നോക്കി വണ്ടി വാങ്ങിക്കുന്നവരാണ് മലയാളി ഉപഭോക്താക്കളിലധികവും. അതിനാല്‍ തന്നെ എന്‍ജിനിലെ സെന്‍സറുകളെക്കുറിച്ച് നാം അജ്ഞരാണ്‌. സെന്‍സര്‍ എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ എന്താണ് സെന്‍സര്‍, ഇതിന്റെ പ്രവര്‍ത്തനം, ഇവ എങ്ങനെ ഉപകാരപ്പെടുന്നു എന്നുള്ള കാര്യങ്ങളെല്ലാം ബഹുഭൂരിപക്ഷം പേര്‍ക്കും അറിവില്ല. അതുകൊണ്ട് എന്‍ജിനിലെ പ്രധാനപ്പെട്ട കുറച്ച് സെന്‍സറുകളെ പരിചയപ്പെടുത്താം...
   
എന്താണു സെന്‍സര്‍ ?  സെന്‍സര്‍ എന്താണെന്നുള്ള ചോദ്യത്തിനു ഏറ്റവും ലളിതമായ ഉത്തരം ഇതാണ്‌ - 'ഒരു ഇലക്ട്രോണിക് മൊഡ്യൂളാണ്‌ സെന്‍സര്‍. അത് ഘടിപ്പിച്ചിരിക്കുന്ന പരിതസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കണ്ടുപിടിച്ച്  മറ്റൊരു ഇലക്‌ട്രോണിക്  ഉപകരണത്തിനു സിഗ്‌നല്‍ രൂപത്തില്‍ കൈമാറ്റം ചെയ്യുക എന്നതാണു അതിന്റെ ധര്‍മ്മം'. എഞ്ചിനില്‍ സെന്‍സറിന്റെ സിഗ്‌നലുകള്‍ സ്വീകരിക്കുന്നത് ECU (ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂള്‍) ആണ്. എന്‍ജിനിലെ കുറച്ചു സെന്‍സറുകളും അവയുടെ പ്രവര്‍ത്തനങ്ങളും എങ്ങനെയെന്ന് നോക്കാം... 

#ഓക്‌സിജന്‍ സെന്‍സര്‍

എക്‌സ്‌ഹോസ്റ്റ്‌ മാനിഫോള്‍ഡില്‍ കാണപ്പെടുന്ന ഒരു സെന്‍സറാണിത്. എന്‍ജിന്‍ പുറം തള്ളുന്ന  പുകയിലെ ഗാഡത അളന്നു ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂളിനു നല്‍കുക എന്നതാണു ധര്‍മം. തുടര്‍ന്ന് ഇസിയു ഫ്യുവല്‍ ഇഞ്ചക്ഷനില്‍ മാറ്റം വരുത്തുന്നതായിരിക്കും. ഈ സെന്‍സറിനു എന്തെങ്കിലും തകരാറു സംഭവിക്കുകയാണെങ്കില്‍ കുറഞ്ഞ ആക്‌സിലറേഷന്‍, മിസ് ഫയറിംഗ്, കൂടുതല്‍ ഇന്ധനച്ചെലവ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ എന്‍ജിന്‍ കാണിക്കാന്‍ തുടങ്ങും.

#വെഹിക്കിള്‍ സ്പീഡ് സെന്‍സര്‍ 

പ്രധാനമായും റീഡ് സ്വിച്ച് , ഹാള്‍ ഐസി എന്നിങ്ങനെ രണ്ടു വിധം സ്പീഡ് സെന്‍സ്സറുകളാണുള്ളത്. ഇതില്‍ റീഡ് സ്വിച്ച് ടൈപ്പ് ക്ലസ്റ്റര്‍ അസ്സംബ്ലിയുടെ ഉള്ളിലും ഹാള്‍ ഐസി ട്രാന്‍സ് ആക്‌സിലിന്റെ ഔറ്റ്പുട്ട് ഷാഫ്റ്റിലുമാണ് കണക്റ്റ് ചെയ്യുക. ഇതിന്റെ പ്രധാന ധര്‍മ്മം വാഹന വേഗത കണക്കാക്കി ഇസിഎം ലേക്കും ക്ലസ്റ്ററിലേക്കും സിഗ്‌നലുകള്‍ നല്‍കുക എന്നതാണ്. പ്രസ്തുത സെന്‍സര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സ്പീഡോമീറ്റര്‍ വര്‍ക്ക് ചെയ്യുകയില്ല.                    

#ബൂസ്റ്റ് പ്രഷര്‍ സെന്‍സര്‍

ഇന്റര്‍ക്കൂളര്‍ ഔട്ട് ലെറ്റില്‍  ഇന്‍ ടേക്ക് മാനിഫോള്‍ഡിന്റെ അടുത്തായി കാണപ്പെടുന്ന സെന്‍സറാണിത്. എയര്‍ ഫ്യുവല്‍ മിക്‌സ്ചറിന്റെ പ്രെഷര്‍ കൂട്ടുക എന്നതാണു പ്രധാന ധര്‍മ്മം. ഈ സെന്‍സര്‍ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ വാഹനത്തിന്റെ പുള്ളിംഗ് കുറയുന്നതായിരിക്കും. മാത്രമല്ല എഞ്ചിന്‍  അതിന്റെ ആര്‍പിഎം 3000 ആയി നിജപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടു ആര്‍പിഎം നീഡില്‍ മൂവായിരത്തിനു മുകളില്‍ ഉയരുന്നില്ലെങ്കില്‍ നമുക്കിത് എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കും.                 

#ഓയില്‍ ടെമ്പറേച്ചര്‍ സെന്‍സര്‍

പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ എഞ്ചിന്‍ ഓയിലിന്റെ താപനില അളന്ന് അതിനനുസൃതമായി ഓയില്‍ കണ്‍ട്രോള്‍ വാള്‍വ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ  സിഗ്‌നലുകള്‍ ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂളിന് നല്‍കുന്ന സെന്‍സറാണിത്. സിവിവിടി ടെക്‌നോളജി ഉപയോഗിക്കുന്ന എല്ലാ എന്‍ജിനുകളിലും ഈ സെന്‍സര്‍ ഉപയോഗിക്കുന്നു. പ്രസ്തുത സെന്‍സര്‍ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ ഇസിഎം എന്‍ജിന്‍ കൂളന്റ് ടെമ്പറേച്ചര്‍ സെന്‍സര്‍ നല്‍കുന്ന മൂല്യം കണക്കാക്കി വര്‍ക്ക് ചെയ്യുന്നതായിരിക്കും    

#ഫ്യുവല്‍ ടെമ്പറേച്ചര്‍ സെന്‍സര്‍

ഹൈ പ്രെഷര്‍ ഫ്യുവല്‍ പമ്പിന്റെ അടുത്തായി കാണപ്പെടുന്ന സെന്‍സറാണിത്. കോമണ്‍ റെയില്‍ ഡയറക്റ്റ് ഇഞ്ചക്ഷന്‍ അനുസൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ എന്‍ജിനുകളിലും ഫ്യുവല്‍ ടെമ്പറേച്ചര്‍ കണക്കാക്കി ഫ്യുവല്‍ റെഗുലേറ്റ് ചെയ്യുന്നത് പ്രസ്തുത സെന്‍സറാണ്. ഈ സെന്‍സര്‍ പ്രവര്‍ത്തന രഹിതമായാല്‍ എന്‍ജിന്‍ സ്റ്റാര്‍ട്ടാവാന്‍ സാധ്യത കുറവാണ്‌. എന്നാലും ചില പ്രത്യേക സാഹചര്യങ്ങളില്‍ എന്‍ജിന്‍ കൂളന്റ് ടെമ്പറേച്ചര്‍ നല്‍കുന്ന സിഗ്‌നലുകള്‍ കണക്കാക്കി  പ്രവര്‍ത്തിക്കാറുമുണ്ട്.

#ക്രാങ്ക് പൊസിഷന്‍ സെന്‍സ്സര്‍

പ്രധാനമായും രണ്ടു വിധത്തിലുള്ള സെന്‍സറുകളാണ്‌ ഈ വിഭാഗത്തില്‍ വരുന്നത്. ഇന്റക്റ്റീവ് ടൈപ്പും ഹാള്‍ ഐ.സിയും. ഇതില്‍ ഇന്റക്റ്റീവ് ടൈപ് ക്രാങ്ക് ഷാഫ്റ്റിന്റെ ഫ്‌ളൈവീല്‍ വരുന്ന ഭാഗത്തും ഹാള്‍ ഐസി ടൈമിംഗ് കേസിന്റെ ഓയില്‍ സീല്‍ ഘടിപ്പിക്കുന്ന ഭാഗത്തുമാണ്‌ സാധാരണയായി കാണപ്പെടാറുള്ളത്. എഞ്ചിന്‍ ആര്‍പിഎം പോലുള്ളവ കണക്കാകുന്നത് ഈ സെന്‍സര്‍ നല്‍കുന്ന സിഗ്‌നലുകള്‍ അനുസരിച്ചാണ്‌. പ്രസ്തുത സെന്‍സര്‍ തകരാറിലായാല്‍ എന്‍ജിന്‍ സ്റ്റാര്‍ട്ടാവുകയുമില്ല.

#ക്യാം പൊസിഷന്‍ സെന്‍സര്‍

കാം ഷാഫ്റ്റ് അസംബ്ലിയുടെ പിറകിലായി കാണപ്പെടുന്ന സെന്‍സറാണിത്.  ആദ്യത്തെ പിസ്റ്റണിന്റെ പൊസിഷന്‍ കണക്കാക്കി സിഗ്‌നലുകള്‍ ഇസിഎം ന് നല്‍കി അതിനനുസൃതമായി സ്പാര്‍ക്കിന്റെയും ഫ്യുവല്‍ ഇഞ്ചക്ഷന്റെയും ടൈമിംഗ് കണക്കകുന്നത് ഈ സെന്‍സര്‍ നല്‍കുന്ന സിഗ്‌നലുകള്‍ക്കനുസരിച്ചാണ്. ഈ സെന്‍സറിനു തകരാര്‍ സംഭവിക്കുകയാണെങ്കില്‍ പെട്രോള്‍ എന്‍ജിനുകള്‍ ക്രാങ്ക് പൊസിഷന്‍ സെന്‍സറിന്റെ വാല്യു വച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും.  വേരിയബിള്‍ ടൈമിംഗ് വാള്‍വ് ട്രെയിന്‍ ടെക്‌നോളജി അനുസരിച്ചു വര്‍ക്ക് ചെയ്യുന്ന എഞ്ചിനുകളിലാവട്ടെ കാം ഷാഫ്റ്റ് പൊസിഷന്‍ സെന്‍സറിനു തകരാര്‍ സംഭവിച്ചാല്‍ എന്‍ജി സ്റ്റാര്‍ട്ടവുകയില്ല.

#എന്‍ജിന്‍ കൂളന്റ് ടെമ്പറേച്ചര്‍ സെന്‍സര്‍

തെര്‍മ്മോസ്റ്റാറ്റ് ബോഡിയിലോ സിലിണ്ടര്‍ ഹെഡിലോ ആണു സാധാരണയായി ഈ സെന്‍സര്‍ ഘടിപ്പിക്കാറുള്ളത്. കൂളന്റിന്റെ താപനില കണ്ടുപിടിക്കാനാണ് ഈ സെന്‍സര്‍ ഉപയോഗിക്കുന്നത്. മാത്രമല്ല ഈ സെന്‍സറിനു തകരാര്‍ സംഭവിക്കുകയാണെങ്കില്‍ എഞ്ചിന്‍ സാധാരണ സ്റ്റാര്‍ട്ടാവുന്ന സമയത്തിലും കൂടുതല്‍ സമയമെടുത്താണ് സ്റ്റാര്‍ട്ടാവുക. പിന്നെ അധിക ഇന്ധനചെലവിനും സാധ്യതയുണ്ട്. ഈ സമയത്ത് ഇന്‍ ടേക്ക് എയര്‍ ടെമ്പറേച്ചര്‍ സെന്‍സറിന്റെ സിഗ്‌നലുകള്‍ അനുസരിച്ചാണ് എന്‍ജിന്‍ പ്രവര്‍ത്തിക്കുക. അതേസമയം റേഡിയേറ്റര്‍ ഫാനിന്റെ വേഗത സാധാരണ ഉള്ളതിനേക്കാള്‍ കൂടുകയും ചെയ്യും.

#ത്രോട്ടല്‍ പൊസിഷന്‍ സെന്‍സര്‍

ഇന്‍ ടേക്ക് മാനിഫോള്‍ഡിലോ ത്രോട്ടല്‍ ബോഡിയിലോ ആണ് ഈ സെന്‍സര്‍ കാണപ്പെടുക. ത്രോട്ടല്‍ വാള്‍വിന്റെ പൊസിഷന്‍ കണ്ടുപിടിക്കുക എന്നതാണു ധര്‍മ്മം. പ്രസ്തുത സെന്‍സറിനു വല്ല തകരാറും സംഭവിക്കുകയാണെങ്കില്‍ പെട്ടെന്നുള്ള ആക്‌സിലറേഷനും മറ്റും സാധ്യത ഉണ്ട്. ആ സമയത്ത് മാനിഫോള്‍ഡ് അബ്‌സെല്യൂട്ട് എയര്‍ ടെമ്പറേച്ചര്‍ സെന്‍സര്‍ നല്‍കുന്ന സിഗ്‌നല്‍ അനുസരിച്ചാണു എന്‍ജിന്‍ പ്രവര്‍ത്തിക്കുക.

#മാനിഫോള്‍ഡ് അബ്‌സൊല്യൂട്ട് ടെമ്പറേച്ചര്‍ സെന്‍സര്‍

സര്‍ജ്ജ് ടാങ്കിലോ അല്ലെങ്കില്‍ ത്രോട്ടില്‍ ബോഡിക്ക് ശേഷമോ കാണപ്പെടുന്ന സെന്‍സറാണിത്. ഇന്‍ലെറ്റിലേക്ക് കൊടുക്കുന്ന എയറിന്റെ പ്രെഷറിനെ പറ്റിയും മറ്റും ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂളിന് വിവരം നല്‍കുന്നത് ഈ സെന്‍സറാണ്. സെന്‍സറിനു തകരാറു പറ്റിയാല്‍ മിസ് ഫയറിംഗിനും കട്ടികൂടിയ കറുത്ത പുകയ്ക്കും മറ്റും കാരണമാകും, മാത്രമല്ല കാറ്റലിറ്റിക് കണ്‍വേര്‍ട്ടെറിനു തകരാര്‍ സംഭവിക്കാനും കാരണമാകും.

#ഇന്‍ ടേക്ക് എയര്‍ ടെമ്പറേച്ചര്‍ സെന്‍സര്‍
 
മാനിഫോള്‍ഡ് എയര്‍ ടെമ്പറേച്ചര്‍ സെന്‍സറിന്റെ കൂടെ ഉള്ള ഒരു സെന്‍സറാണിത്. ഇന്‍ ടേക്ക് മാനിഫോള്‍ഡിലാണു ഇതു ഘടിപ്പിക്കുന്നത് ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയാണെങ്കില്‍ കുറഞ്ഞ ആക്‌സിലറേഷനും കൂടുതല്‍ ഇന്ധനച്ചെലവിനും മറ്റും സാധ്യതയുണ്ട്. അതേസമയം എഞ്ചിന്‍ കൂളന്റ് ടെമ്പറേച്ചര്‍ സെന്‍സറിന്റെ സിഗ്‌നലുകള്‍ അടിസ്ഥാനമാക്കി എഞ്ചിന്‍ പ്രവര്‍ത്തിക്കാനാവശ്യമായ സിഗ്‌നലുകള്‍ ഇസിഎം നല്‍കുകയും ചെയ്യും

#മാസ്സ് എയര്‍ ഫ്‌ളോ സെന്‍സര്‍

ഇന്‍ ടേക്ക് പാത്തില്‍ എയര്‍ ഫിലട്ടറിനുശേഷമാണു ഈ സെന്‍സര്‍ കാണപ്പെടുന്നത്. ഇന്‍ ടേക്കിലേക്കു നലകുന്ന ഐറിന്റെ അളവ് കണ്ടുപിടിക്കുക എന്നതാണു പ്രധാന ധര്‍മ്മം  ഈ സെന്‍സര്‍ പ്രവര്‍ത്തന രഹിതമായാല്‍ വൈകിയുള്ള എഞ്ചിന്‍ സ്റ്റാര്‍ട്ടിംഗ്, കട്ടികൂടിയ കറുത്ത പുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ എഞ്ചിന്‍ കാണിക്കുന്നതായിരിക്കും. മാത്രമല്ല എഞ്ചിന്‍ ആര്‍പിഎം 2500 ആയി നിജപ്പെടുത്തുകയും ചെയ്യും.

#നോക്ക് സെന്‍സര്‍ 
 
രണ്ടാമത്തെയും മൂന്നാമത്തെയും എന്‍ജിന്‍ സിലിണ്ടറിന്റെ ഇടയിലായി കാണപ്പെടുന്ന സെന്‍സറാണിത്. എന്‍ജിനില്‍ ഉണ്ടാവുന്ന നോകിംഗ് (ചില സമയങ്ങളില്‍ സ്പാര്‍ക്കിംങ് കൃത്യ സമയത്ത് നടക്കാത്തതുമൂലം എയര്‍ ഫ്യുവല്‍ മിശ്രിതം എക്‌സ്ഹോസ്റ്റ് വഴി പുറംതള്ളുന്ന പ്രക്രിയ) കണ്ടുപിടിക്കാനാണ്‌ ഈ സെന്‍സര്‍ ഉപയോഗിക്കുന്നത്‌. സെന്‍സറിനു തകരാര്‍ സംഭവിച്ചാല്‍ വാഹനത്തിന്റെ പുള്ളിംഗ് കുറയാനും എഞ്ചിനില്‍ നിന്നും ക്രമാതീതമായി ശബ്ദമുണ്ടാവാനും സാധ്യത ഉണ്ട്.

സ്വാഭാവികമായി എന്‍ജിന്‍ സെന്‍സറുകളില്‍ ഏതാണു ഏറ്റവും പ്രധാനപ്പെട്ടത് എന്ന് സംശയം ഉണ്ടാവാനിടയുണ്ട്, ഈ സെന്‍സറുകളെല്ലാം മനുഷ്യ ശരീരത്തിലെ നാഡീ മിടിപ്പുകള്‍ എത്രതന്നെ പ്രധാനമാണോ അതേ അളവില്‍ എഞ്ചിനും പ്രധാനപ്പെട്ടതാണ് എന്ന ഒരൊറ്റ ഉത്തരമെ അതിനുള്ളൂ എന്നതാണു വാസ്തവം.

Note-ഹ്യുണ്ടായി എഞ്ചിനുകളെ അധികരിച്ചാണു ലേഖനം തയ്യാറാക്കിയിട്ടുള്ളത്.

(ലേഖകന്‍ ദുബായ് അല്‍ മയ്ദൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രിസില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറാണ്.)​