
സൗരോർജ കുട്ടി ജീപ്പുമായി അനൂപ്.
അനൂപിന്റെ ജീപ്പിന് ശബ്ദവും പുകയുമില്ല, ഇന്ധനച്ചെലവുമില്ല. രണ്ടുപേര്‍ക്ക് യാത്രചെയ്യാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവരെ എളുപ്പം ഓടിക്കാവുന്ന തീര്‍ത്തും പ്രകൃതിസൗഹൃദമായി സൗരോര്‍ജത്തില്‍ ഓടുന്ന ജീപ്പുമായി ശ്രദ്ധ നേടുകയാണ് അനൂപ്.
അടച്ചിടല്‍കാലത്തെ ഒഴിവുസമയങ്ങളില്‍ സൗരോര്‍ജത്തില്‍ ഓടുന്ന കുട്ടി ജീപ്പ് സ്വയം രൂപകല്പനചെയ്ത് നിര്‍മിക്കുകയായിരുന്നു അരയംങ്ങോട് കോടോത്ത് വീട്ടില്‍ അനൂപ്. താക്കോലിട്ട് തിരിച്ചാല്‍ സ്റ്റാര്‍ട്ടാകും. ആക്സിലേറ്ററില്‍ ചവിട്ടിയാല്‍ മതി ജീപ്പ് മുന്നോട്ടുപോകും. ബ്രേക്കില്‍ കാലമര്‍ത്തിയാല്‍ നില്ക്കും. രണ്ടടി ഉയരവും മൂന്നടി വീതിയുമുള്ള വണ്ടിക്ക് ഏതു ചെറിയവഴിയിലൂടെയും പോകാം.
നാലുമണിക്കൂര്‍ സൗരോര്‍ജത്തില്‍ ചാര്‍ജുചെയ്താല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ഒരുമണിക്കൂര്‍വരെ യാത്രചെയ്യാം. ഒരുരൂപ ചെലവില്ല. ജീപ്പിനോടുള്ള അമിതഭ്രമമാണ് വയറിങ് തൊഴിലാളിയായ അനൂപിനെ സൗരോര്‍ജ ജീപ്പ് നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്.
പഴയമാര്ക്കറ്റില്നിന്ന് സ്റ്റിയറിങ് ബോക്സ് വാങ്ങി ചെറുതാക്കി. 750 വാട്സിന്റെ പുതിയ മോട്ടോറും 12 വോള്‍ട്ടിന്റെ നാല് ഏഴ് എ.എച്ച്. ബാറ്ററികളും വാങ്ങി. ഓട്ടോറിക്ഷയുടെ ടയറും സംഘടിപ്പിച്ചു. ഇരുമ്പുവാങ്ങി ബോഡിയും നിര്‍മിച്ചു.
സോളാറിലൂടെ ബാറ്ററിയില്‍ ശേഖരിക്കുന്ന വൈദ്യുതി നിയന്ത്രണ യൂണിറ്റ് വഴി മോട്ടോറിലെത്തിച്ച് പ്രവര്‍ത്തിപ്പിക്കും. പഴയ ഇരുചക്രവാഹനത്തിന്റെ ചെയിന്‍ സോക്കറ്റും ചെയിനും ഉപയോഗിച്ച് ജീപ്പിന്റെ ചക്രവുമായി ബന്ധിപ്പിച്ചാണ് ജീപ്പ് പ്രവര്‍ത്തിക്കുന്നത്.
ലോക്ഡൗണ്‍ സമയത്ത് ആരംഭിച്ച നിര്‍മാണം കഴിഞ്ഞദിവസമാണ് പൂര്‍ത്തിയായത്. പെയിന്റടിക്കാനും ലെയ്ത്ത് ജോലിക്കും മാത്രമാണ് സുഹൃത്തുക്കളെ സമീപിച്ചത്.30,000 രൂപയാണ് ആകെ നിര്‍മാണച്ചെലവ്. ഈ കുട്ടി ജീപ്പ് നിരത്തിലിറക്കുന്നതിനാവശ്യമായ അനുമതിക്ക് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് അനൂപ്. ജിജിഷയാണ് ഭാര്യ. മകന്: അയന്.
Content Highlights: Electrical Worker Anoop Develop Solar Jeep With One Hour Range
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..