മുംബൈ തെരുവിലൂടെ കുതിരകള്‍ വലിച്ച് കൊണ്ട് നടന്നിരുന്ന വിക്ടോറിയന്‍ വണ്ടികള്‍ തിരിച്ചെത്തുകയാണ്. എന്നാല്‍, കുതിരകള്‍ക്ക് പകരം ഈ വാഹനത്തിന് ചാലകശക്തിയാകുന്നത് ഇലക്ട്രിക് കരുത്താണെന്ന് മാത്രം. ഐതിഹാസിക വിക്ടോറിയന്‍ വാഹനങ്ങളുടെ തിരിച്ച് വരവിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഫ്ളാഗ് ഓഫ് ചെയ്തു. ഗതാഗത മന്ത്രി അനില്‍ പരാബ്, ടൂറിസം മന്ത്രി ആദിത്യ താക്കറെ എന്നിവരുടെ സാന്നിധ്യത്തില്‍ താക്കോലും കൈമാറി.
തന്റെ വസതിയില്‍ വെച്ച് ഇലക്ട്രിക് വിക്ടോറിയന്‍ ക്യാരേജുകള്‍ അവതരിപ്പിച്ചത് മുഖ്യമന്ത്രി തന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കുതിരകളെ ഉപയോഗിച്ച് വണ്ടി വലിക്കുന്നതിനെതിരേ മൃഗസ്നേഹികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് മുംബൈ ഹൈക്കോടതി 2015-ലാണ് വിക്ടോറിയ വാഹനങ്ങള്‍ നിരോധിച്ചത്. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമാനമായ വാഹനങ്ങള്‍ ഇലക്ട്രിക് കരുത്തില്‍ നിരത്തിലെത്തുന്നത്.
നൂറ്റാണ്ടുകളോളം കുതിര സവാരി നടത്തിയിരുന്ന ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ സമീപ പ്രദേശങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അടുത്തിടെ സംസ്ഥാന ഗതാഗത വകുപ്പ് അനുമതി നല്‍കിയിരുന്നു. പ്രാഥമിക ഘട്ടത്തില്‍ 12 ഇലക്ട്രിക് വാഹനങ്ങള്‍ ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ സമീപത്ത് സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ളോറ ഫൗണ്ടന്, കാല ഗോധ, മറൈന്‍ ഡ്രൈവ്, ഗിര്‍ഗാം ചൗപതി, നരിമാന് പോയന്റ് എന്നിവിടങ്ങളിലും ഇ-ക്യാരേജുകള്‍ എത്തും.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉബോ റിഡെസ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് ഇലക്ട്രിക് കരുത്തിലുള്ള വിക്ടോറിയന്‍ വാഹനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ലിഥിയം അയേണ്‍ ബാറ്ററികള്‍ കരുത്തേകുന്ന ഈ വാഹനം ഒറ്റത്തവണ ചാര്‍ജില്‍ 70 കിലോ മീറ്റര്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 650 കിലോ ഗ്രാമാണ് ഈ വാഹനത്തിന്റെ ഭാരം. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രകൃതിസൗഹാര്‍ദമായ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നത്.
मुख्यमंत्री उद्धव बाळासाहेब ठाकरे यांच्या हस्ते आज इलेक्ट्रिक व्हिक्टोरिया बग्गींचे अनावरण करण्यात आले.
— CMO Maharashtra (@CMOMaharashtra) March 14, 2021
CM Uddhav Balasaheb Thackeray launched Electric Victoria Carriages today. pic.twitter.com/NwMDuGO4Gf
Content Highlights: Electric Victoria Carriages Launched In Mumbai