ഭ്യന്തര വാഹനവിപണി വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വാഹന വിപണിയുടെ പ്രധാന ആശങ്കകളിലൊന്ന് വൈദ്യുത വാഹനങ്ങളിലേക്ക് (ഇ.വി.) മാറുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പരിമിതമായ കാലയളവും മാനദണ്ഡങ്ങളുമാണ്.

'ഫേം ഇന്ത്യ' പദ്ധതി പ്രകാരം 10,000 കോടി രൂപയുടെ സബ്സിഡിയും മറ്റ് അനുബന്ധ ആനുകൂല്യങ്ങളും വൈദ്യുത വാഹന വിപണിയുടെ വര്‍ധിച്ച വളര്‍ച്ചയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട ആദായനികുതി ഇളവുകള്‍ ഉപഭോക്തൃസമൂഹത്തിന്റെ ശ്രദ്ധനേടും എന്നുതന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ മലിനീകരണവും യാത്രാച്ചെലവും ഇ.വി.യുടെ വിപണന സാധ്യതകളെ വിശാലമാക്കുന്നുണ്ട്. എന്നാല്‍, ഉയര്‍ന്ന മുതല്‍മുടക്കും ബാറ്ററി-ചാര്‍ജിങ് യൂണിറ്റ് മുതലായ സുപ്രധാന ഘടകങ്ങളുടെ പരിമിതമായ ഗവേഷണങ്ങളും ഇത്തരം വാഹനങ്ങളുടെ പ്രചാരണത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അവ്യക്തത നിറഞ്ഞ ഈ അന്തരീക്ഷത്തിലും നൂതനമായ വിപണന സാധ്യതകള്‍ തേടുകയാണ് പല ഇലക്ട്രിക് വാഹന നിര്‍മാതാക്കളും.

മാസത്തവണ വ്യവസ്ഥ

മൊബൈല്‍ രംഗത്തെ പരിചിതമുഖവും 'മൈക്രോമാക്‌സ്' കമ്പനിയുടെ സഹസ്ഥാപകനുമായ രാഹുല്‍ ശര്‍മയുടെ ഇ.വി. സംരംഭമായ 'റിവോള്‍ട്ട് ഇന്റലി കോര്‍പ്പ്' നിരത്തിലിറക്കുന്ന ബൈക്കുകള്‍ സാറ്റലൈറ്റ് ടി.വി. വരിസംഖ്യയ്ക്ക് സമാനമായ രീതിയിലുള്ള മാസത്തവണകളായാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്. 

വാഹനത്തിന്റെ പരിരക്ഷ, അതിന്റെ വിലയ്‌ക്കൊപ്പംതന്നെ ഈടാക്കി, ഒരു പാക്കേജ് എന്ന നിലയ്ക്ക് മൂന്ന് കൊല്ലത്തേക്കാണ് നിജപ്പെടുത്തിയിട്ടുള്ളത്. രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് മുതലായവ ഈ പാക്കേജില്‍ ഉള്‍പ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള 'ഏഥര്‍ എനര്‍ജി'യും മാസത്തവണ പദ്ധതി ലഭ്യമാക്കുന്നുണ്ടെങ്കിലും ഉപഭോക്താവിന് ആദ്യ ഗഡുവായി 30,000 രൂപ അടയ്‌ക്കേണ്ടതുണ്ട്.

ബാങ്കിങ്-ബാങ്കിങ് ഇതര വായ്പാമേഖല അനിശ്ചിതത്വത്തിലേക്ക് വഴുതുമ്പോള്‍, ജനപ്രീതിയാര്‍ജിക്കാന്‍വേണ്ടി നടപ്പിലാക്കുന്ന ഇത്തരം പാക്കേജുകള്‍ വിപണിയില്‍ പ്രായോഗികമായി വിജയിക്കുമോ...? മാസത്തവണ മുടങ്ങിയാല്‍ നിലവിലുള്ള റിക്കവറി സംവിധാനങ്ങള്‍ക്ക് ബദലായി കമ്പനികള്‍ ഒരുക്കിയിട്ടുളള പുതിയ 'ക്ലൗഡ്' അധിഷ്ഠിത നിയന്ത്രണ സംവിധാനമാണ് ഇതിനുള്ള ഉത്തരം. 

മാസത്തവണകളില്‍ മുടക്കംവരുത്തുന്നപക്ഷം ഓണ്‍ലൈനായി ആ വാഹനം പ്രവര്‍ത്തനരഹിതമാക്കുകയും കുടിശ്ശിക തീര്‍ക്കുന്ന മുറയ്ക്ക് ഓട്ടോമാറ്റിക്കായി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്ന ഒരു പുതിയ വായ്പാ സംസ്‌കാരംതന്നെ ഇതിന്റെ കൂടെ രൂപം കൊള്ളുകയാണ്. ആശങ്കകള്‍ നിറഞ്ഞ ഈ വിപണിക്ക് ഇത്തരം പുതിയ ആശയങ്ങള്‍ നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്.

Content Highlights: Electric Vehicles Is New Hope For Indian Automobile Industry