രണ്ടുവര്‍ഷത്തിനുളളില്‍ 3കോടി ഇലക്ട്രിക് വാഹനങ്ങള്‍,ബാറ്ററി സ്വാപ്പിങ് പോളിസി;ഇന്ത്യയും ഇവി വിപ്ലവവും


ബി.എസ്.ബിമിനിത് ലോകരാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഡീസല്‍ - പെട്രോള്‍ വാഹനങ്ങള്‍ വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍നിര വാഹന നിര്‍മാതാക്കളും പരമ്പരാഗത വാഹനങ്ങളെ കൈയൊഴിയാന്‍ തയ്യാറെടുക്കുകയാണ്.

ടാറ്റ നെക്‌സോൺ ഇ.വി. മാക്‌സ് | Photo: Twitter

പ്രകൃതിക്ക് ഭീഷണിയായ ഫോസില്‍ ഇന്ധനങ്ങളെ ഒഴിവാക്കി വാഹനങ്ങളെല്ലാം ഇലക്ട്രിക്കാവുന്ന കാലഘട്ടത്തിന്റെ തുടക്കത്തിലാണ് നമ്മള്‍. ഫോസില്‍ ഇന്ധനങ്ങളുടെ ലഭ്യത കുറയുന്നതു മാത്രമല്ല, കാലാവസ്ഥാ ഉച്ചകോടികളില്‍ പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്തു പോരുന്ന ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടം ഊര്‍ജ്ജിതമായതും ഇലക്ട്രിക് വെഹിക്കിള്‍ - ഇ.വി. വിപ്ലവത്തിന് കളമൊരുക്കി. 2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2030 -40 കാലഘട്ടമാവുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് വന്‍തോതില്‍ പിന്‍വലിക്കാനുള്ള കഠിനശ്രമത്തിലാണ് ഇതരരാജ്യങ്ങളും.

നമ്മള്‍ ഇലക്ട്രിക് കാറുകളേക്കുറിച്ച് കേട്ടുതുടങ്ങിയത് 90-കളുടെ മധ്യത്തോടെയാണ്. വൈദ്യുതി ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്ത് ഓടുന്ന റേവ എന്ന കുഞ്ഞു കാര്‍ കൗതുകമായിരുന്ന കാലം. റേവ പിന്നെ മഹീന്ദ്രയുടെ കൈകളിലെത്തി. റേവയും മഹീന്ദ്രയുടെ E2O യും കടന്ന് അധികമൊന്നും മുന്നോട്ടുപോകാതിരുന്ന ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ രംഗം കഴിഞ്ഞ വര്‍ഷങ്ങളിലാണ് ഉണര്‍ന്നത്. ടാറ്റയും ഹ്യുണ്ടായിയും എംജിയും മാത്രമല്ല പ്രീമിയം കാറുകള്‍ വരെ ഇലക്ട്രിക്കിലോടിത്തുടങ്ങി. നിലവില്‍ 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്തുള്ളതെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ അത് 40 ലക്ഷമാകുമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അത് മൂന്ന് കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. നാട്ടില്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍ നാല്‍പ്പത് ശതമാനവും ഇലക്ട്രിക് കാറുകളേക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് അടുത്തിടെ വന്ന ഒരു പഠനം പറയുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാവുമ്പോള്‍, പല ചോദ്യങ്ങളും നമ്മുടെയൊക്കെ മനസില്‍ ഉയരുന്നുണ്ട്. അതില്‍ ആദ്യത്തേത് ബാറ്ററിയേയും വൈദ്യുതിയേയും കുറിച്ചാണ്.ബാറ്ററി വിപ്ലവം

ബാറ്ററി വാച്ചുകളില്‍ തുടങ്ങിയ വിപ്ലവം ലാപ്‌ടോപ്പും സ്മാര്‍ട്‌ഫോണും കടന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വലിപ്പവും അതില്‍ സംഭരിക്കാവുന്ന വൈദ്യുതിയുടെ അളവും ബാറ്ററിയുടെ ഭാരവും എല്ലാം അനുയോജ്യമാവുമ്പോഴാണ് മുകളില്‍ പറഞ്ഞ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളെല്ലാം സംഭവിച്ചതും അവ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതായി മാറുന്നതും. വാഹനങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്. കുറഞ്ഞ ഭാരവും കൂടുതല്‍ സംഭരണശേഷിയുമുള്ള സുരക്ഷിതമായ ബാറ്ററിയാണ് ഒരു വൈദ്യുതി വാഹനത്തിന്റെ ഹൃദയം. ലിഥിയം അയോണ്‍ ബാറ്ററികള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പുതിയ പതിപ്പാണ് ഇലക്ടിക് വാഹനങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കനം കുറഞ്ഞതും എന്നാല്‍ കൂടുതല്‍ സംഭരണ ശേഷിയുമുള്ള ലിഥിയം അയേണ്‍ ബാറ്ററികള്‍ മൊബൈല്‍ ഫോണില്‍ എന്തു വിപ്ലവം സൃഷ്ടിച്ചോ, അതുപോലൊരു വിപ്ലവമാണ് വാഹനലോകത്തും ആവര്‍ത്തിക്കുന്നത്.

1801 അലെസാന്‍ഡ്രോ വോള്‍ട്ട ബാറ്ററി കണ്ടുപിടിച്ചെങ്കിലും വീണ്ടും ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററികള്‍ 1859-ലാണ് ആദ്യമായി വികസിപ്പിക്കുന്നത്. വലിപ്പമേറിയതും ഭാരം കൂടിയതുമായ ലെഡ് ആസിഡ് ബാറ്ററികള്‍. അവയുടെ പുതിയ രൂപമാണ് നമ്മള്‍ സാധാരണ കാറുകളിലും വീട്ടിലെ ഇന്‍വേര്‍ട്ടറുകളിലും മറ്റും ഉപയോഗിക്കുന്നത്. 1889-ല്‍ വികസിപ്പിച്ച നിക്കല്‍ കാഡ്മിയം ബാറ്ററികളാണ് (Ni-Cd battery or NiCad battery)) വലിപ്പം കുറഞ്ഞ ബാറ്ററികളില്‍ ആദ്യത്തേത്. സംഭരണ ശേഷി കുറവാണ് എന്നതുമാത്രമായിരുന്നില്ല, വൈദ്യുതി നഷ്ടവും കൂടുതലായിരുന്നു അവയ്ക്ക്. 1970-കളുടെ അവസാനം സ്റ്റാന്‍ലി വിറ്റിങ്ങാം വികസിപ്പിച്ചെടുത്ത ലിഥിയം അയോണ്‍ ബാറ്ററികളാണ് (Lithium-ion (Li-ion) )ശരിക്കും ലോകത്തിലെ വലിയ മാറ്റങ്ങള്‍ക്കെല്ലാം പ്രേരകമായത്. അത് പെട്ടെന്നല്ല, ഏറെ നാളുകള്‍കൊണ്ട് സംഭവിച്ചതാണെന്ന് മാത്രം.

ലിഥിയം അയോണ്‍ ബാറ്ററികള്‍

വിറ്റിങ്ങാമിന്റെ ലിഥിയം അയോണ്‍ ബാറ്ററികളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് അതിനെ കരുത്തുറ്റതാക്കിയത് ഓക്‌സ്ഫഡില്‍ ഗവേഷകനായ ജോണ്‍ ബി ഗുഡിനഫായിരുന്നു. പിന്നീട് ഈ ഗവേഷണ വികസന മേഖലയിലെത്തിയ ജപ്പാന്‍കാരന്‍ ഡോ യോഷിനോ ആണ് ഇന്ന് കാണുന്ന ലിഥിയം അയോണ്‍ ബാറ്ററിയുടെ മുന്‍ഗാമിയെ വികസിപ്പിച്ചത്. സോണി കോര്‍പ്പറേഷന്‍ 1991-ല്‍ നിര്‍മിച്ച ലിഥിയം അയോണ്‍ ബാറ്ററിയിലേക്ക് നയിച്ചത് ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. ലെഡ്-ആസിഡ് ബാറ്ററികളേക്കാള്‍ പത്തിരട്ടിയും നിക്കല്‍ കാഡ്മിയം ബാറ്ററികളേക്കാള്‍ അഞ്ചിരട്ടിയും കൂടുതല്‍ ഊര്‍ജ്ജം ശേഖരിക്കാനുള്ള കഴിവുണ്ട് ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക്.

ആ കണ്ടുപിടിത്തം ഗാഡ്ജറ്റ് വിപ്ലവത്തിന് തിരികൊളുത്തിയെന്നു മാത്രമല്ല, സോളാര്‍ വൈദ്യുതിയടക്കം പ്രകൃതി സൗഹൃദ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന ഇന്ധനങ്ങള്‍ ശേഖരിച്ചുവക്കാനുള്ള പ്രധാന കേന്ദ്രമായി അത് മാറുകയും ചെയ്തു. ഇവയെല്ലാം പരിഗണിച്ച് ലിഥിയം അയോണ്‍ ബാറ്ററികളുടെ വികാസത്തില്‍ പങ്കുവഹിച്ച മൂന്നു പേരേയും 2019 നോബല്‍ സമ്മാനം നല്‍കി ആദരിക്കുകയും ചെയ്തു. നോബല്‍ പ്രഖ്യാപിച്ച് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അന്ന് വിശേഷിപ്പിച്ചത്, രസതന്ത്രത്തിന്‌ നിത്യജീവിതത്തില്‍ ഇത്രമേല്‍ ഇടപെടാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നാണ്. ലിഥിയം അയോണ്‍ ബാറ്ററികള്‍ കണ്ടുപിടിച്ച് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം നമ്മള്‍ ഇപ്പോഴും സാക്ഷ്യം വഹിക്കുന്നത് അതു തന്നെയാണ്.

കാറുകളിലും മറ്റും ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുകളിലുപയോഗിക്കുന്നതുപോലെ ഒറ്റ ബാറ്ററിയല്ല, നിരവധി ചെറിയ സെല്ലുകള്‍ അടങ്ങിയ ബാറ്ററി പാക്കുകളാണ്. ഇവയില്‍ നിന്നു ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് വാഹനം ഓടുന്നത്. നിലവില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം വാഹനത്തിന്റെ വിലയാണ്. ഒരു ഇലക്ട്രിക് കാറിന്റെ മൊത്തം വിലയുടെ ഏതാണ്ട് 40 ശതമാനവും അതിന്റെ ബാറ്ററിയുടെ വിലയാണ്. ഏതാണ്ട് 15 ലക്ഷത്തില്‍ തുടങ്ങുന്ന ഇവി കാറിന്റെ ബാറ്ററിയുടെ വില ഏതാണ്ട് 7 ലക്ഷത്തോളം വരുമെന്ന് ചുരുക്കം. ഒറ്റ ചാര്‍ജ്ജില്‍ 450 കിലോമീറ്റര്‍ വരെ വാഗ്ദാനം ചെയ്യുന്ന കാറുകളില്‍ നിരത്തിലുണ്ട്. ചാര്‍ജ്ജ് ചെയ്യാനുള്ള സമയവും കൂടുതലാണ്.

സോളിഡ് സ്റ്റേറ്റ് ലിഥിയം ബാറ്ററി

ചാര്‍ജ്ജിങ്ങും സുരക്ഷയും സ്റ്റോറേജുമടക്കം നിരവധി പ്രതിസന്ധികള്‍ നേരിടുന്ന ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. സോളിഡ് സ്റ്റേറ്റ് ലിഥിയം ബാറ്ററികള്‍ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഖരരൂപത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതാണ്. ലിഥിയം അയണ്‍ ബാറ്ററികളില്‍ ലിക്വിഡ് ഇലക്ട്രോലൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ സോളിഡ് സ്റ്റേറ്റ് ബാറ്ററികളില്‍ സോളിഡ് ഇലക്ട്രോലൈറ്റാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ ഊര്‍ജ്ജക്ഷമത ലഭിക്കുന്ന സോളിഡ് സ്റ്റേറ്റ് ബാറ്ററികളുടെ വലിപ്പം കുറവായിരിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു തുടങ്ങുന്നതോടെ ഇവക്ക് വിലയും കുറയുമെന്നാണ് കരുതുന്നത്.

ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നതിന് പ്രധാന കാരണം അത് നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ്. ലിഥിയം, നിക്കല്‍, മാംഗനീസ്, കൊബാള്‍ട്ട് എന്നിവയാണ് ലിഥിയം അയേണ്‍ ബാറ്ററികളുടെ നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍. ഇവ വേര്‍തിരിച്ചെടുക്കാനുള്ള കാലതാമസമാണ് മറ്റൊരു പ്രശ്‌നം. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ പുതിയ മാര്‍ഗങ്ങള്‍ തേടാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍, അലൂമിനിയം അയോണ്‍ ബാറ്ററികള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ലിഥിയം അയോണ്‍ ബാറ്ററികളുമായു താരതമ്യം ചെയ്തു നോക്കുമ്പോള്‍ എളുപ്പത്തില്‍ ചാര്‍ജ്ജ് ചെയ്യാമെന്നതും ഇത്തരം ബാറ്ററികളുടെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.

ബാറ്ററി സ്വാപ്പിങ്

വാഹനം നിര്‍ത്തിയിട്ട് ചാര്‍ജ്ജ് ചെയ്യുന്നതടക്കമുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ബാറ്ററി സ്വാപ്പിങ് പോളിസി നടപ്പില്‍ വരുത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ്. വാഹനം നേരിട്ട് ചാര്‍ജ്ജ് ചെയ്യാതെ, സ്വാപ്പിങ് സെന്ററുകളില്‍ വച്ച് ചാര്‍ജ്ജ് ചെയ്ത മറ്റ് ബാറ്ററികള്‍ ഘടിപ്പിക്കുന്ന രീതിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിള്‍ മാര്‍ക്കറ്റായ ചൈന നടപ്പിലാക്കി വിജയിച്ച മാര്‍ഗ്ഗമാണ് സ്വാപ്പിങ്. ഇന്ത്യയില്‍ സ്വാപ്പിങ് തുടക്കത്തില്‍ നടപ്പിലാക്കുക ഇരുചക്ര, മുച്ചക്ര വാഹനങ്ങളിലായിരിക്കുമെന്നാണ് കരുതുന്നത്.

പ്രതിസന്ധികള്‍

ലോകരാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഡീസല്‍ - പെട്രോള്‍ വാഹനങ്ങള്‍ വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍നിര വാഹന നിര്‍മാതാക്കളും പരമ്പരാഗത വാഹനങ്ങളെ കൈയൊഴിയാന്‍ തയ്യാറെടുക്കുകയാണ്. 2035 ഓടെ പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ത്തുമെന്ന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സും, 2033 ഓടെ ഇതേ ലക്ഷ്യം കൈവരിക്കുമെന്ന് ജര്‍മ്മന്‍ വാഹന കമ്പനിയായ ഔഡിയും പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു പല കമ്പനികളും ഇതേ പാതയിലാണ്.

വാഹന നിര്‍മാണരംഗത്ത് കാതലായ മാറ്റം വരുമ്പോള്‍ വ്യവസായ ലോകവും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരിക. അതില്‍ മുഖ്യം അസംസ്‌കൃത വസ്തുക്ഷാമമാണ്. രണ്ടാമത്തേത്, ഉപേക്ഷിക്കേണ്ടി വരുന്ന ബാറ്ററികളോ അതിലെ പദാര്‍ത്ഥങ്ങളോ പുനരുപയോഗ സജ്ജമാക്കുക എന്നതുമാണ്. ഒഴിവാക്കേണ്ടി വരുന്ന പരമ്പരാഗത വാഹനങ്ങളുടെ കാര്യം വേറേയുമുണ്ട്.

അമേരിക്കയിലെ സാധാരണ ഇലക്ട്രിക് കാറിനുപയോഗിക്കുന്ന ബാറ്ററി പാക്കിന് 8 കിലോ ലിഥിയവും 35 കിലോ നിക്കലും 20 കിലോ മാംഗനീസും 14 കിലോ കൊബാള്‍ട്ടും ആവശ്യമായി വരും. ഇവയില്‍ പലതും സംസ്‌കരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുളള പദാര്‍ത്ഥങ്ങളാണ്. പലതും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരും. അതുകൊണ്ടു തന്നെ വിപണിയിലെ ആവശ്യത്തിനനുസരിച്ച് ഇവ ലഭ്യമാക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും ആശങ്ക വളരുന്നുണ്ട്. വലിയ തോതില്‍ ഇവ ഖനനം ചെയ്യുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങളും, ഇ വേസ്റ്റ് ഭീഷണിയുമൊക്കെ ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ ഫലമായുണ്ടാകുമെന്ന് പരിസ്ഥിതി വാദികള്‍ ചൂണ്ടിക്കാണിക്കുന്നു.

2030 - 40 വര്‍ഷങ്ങളില്‍ ലോകം ഇലക്ട്രിക് വിപ്ലവത്തിന്റെ പാരമ്യത്തിലെത്തുമെന്നും, ഡിമാന്‍ഡിനനുസരിച്ച് അസംസ്‌കൃത വസ്തുക്കളോ, പുതിയ സാങ്കേതിക വിദ്യയോ ഡിമാന്‍ഡിനനുസരിച്ച് ലഭ്യമാക്കിയില്ലെങ്കില്‍ വിപണി പ്രതിസന്ധി നേരിടേണ്ടി വരുമെന്നു വാദിക്കുന്നവരുമുണ്ട്. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് പുതിയ പകരക്കാരനെ ഉടന്‍ കണ്ടുപിടിക്കേണ്ടി വരും എന്നതിലേക്കാണ്.

ജികെയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: electric vehicle revolution in india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented