കോഴിക്കോട് നഗരത്തില്‍ ഓടാന്‍ കഴിയാതെ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍. ജില്ലയില്‍ 167 ഇലക്ട്രിക് ഓട്ടോറിക്ഷകളാണുള്ളത്. ഇവയില്‍ 63 എണ്ണം കോര്‍പ്പറേഷന്‍ പരിധിയിലാണ്. ഇവയ്‌ക്കൊന്നും പാര്‍ക്കിങ് സൗകര്യം അനുവദിക്കുന്നില്ലെന്നും മറ്റ് ഓട്ടോറിക്ഷക്കാര്‍ ഓടാന്‍ സമ്മതിക്കുന്നില്ലെന്നുമാണ് പരാതി. തിങ്കളാഴ്ച കെ. എസ്.ആര്‍.ടി.സി.ബസ്സ്റ്റാന്‍ഡിന് സമീപം ഇവരെ ഒരുവിഭാഗം ഓട്ടോറിക്ഷ തൊഴിലാളികള്‍ ചേര്‍ന്ന് തടഞ്ഞു. ഇവിടെ പാര്‍ക്കിങ് ചെയ്യാന്‍ അനുമതിയില്ലെന്ന് പറഞ്ഞാണ് പാര്‍ക്കിങ് വിലക്കിയത്.
സര്‍ക്കാര്‍ സബ്സിഡി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് ജനുവരി ഒന്നിന് ശേഷം നിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വായുമലിനീകരണം നിയന്ത്രിക്കാനാണ് കേരള മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഇതിന്റെ ഭാഗമായിട്ടാണ് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അപ്രഖ്യാപിത വിലക്ക്
അപ്രഖ്യാപിത വിലക്കാണ് തങ്ങള്‍ നേരിടുന്നതെന്ന് സ്വതന്ത്ര ഇലക്ട്രിക് ഓട്ടോറിക്ഷ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ടി.സബിലേഷ് പറഞ്ഞു.
ആദ്യത്തെ ഇലക്ട്രിക് ഓട്ടോറിക്ഷ കോര്‍പ്പറേഷന്‍ പരിധിയില്‍ ഓടിക്കുന്നത് കെ.പി. ഷാജു പുതിയനിരത്താണ്. ഷാജു ഓട്ടോറിക്ഷ വാങ്ങിയിട്ട് ഒരു വര്‍ഷവും നാല് മാസവുമായി. മറ്റ് ഓട്ടോക്കാര്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നഗരത്തില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കുന്നില്ല. ഓട്ടോറിക്ഷകള്‍ക്ക് ചാര്‍ജിങ് സ്റ്റേഷന്‍ അനുവദിക്കാനുള്ള തീരുമാനം ഇതുവരെ നടപ്പായിട്ടുമില്ല.
സ്ഥലപരിമിതിയാണ് പ്രശ്‌നം
സി.സി.പെര്‍മിറ്റുള്ള 4337 ഓട്ടോറിക്ഷകളുണ്ടെന്നും നഗരത്തില്‍ 400 ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ പാര്‍ക്കിങ് സൗകര്യമുള്ളൂവെന്നും സിറ്റി ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി. ഹേമന്ത് കുമാര്‍ പറഞ്ഞു. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ 15-ഉം റെയില്‍വേസ്റ്റേഷനില്‍ 25-ഉം ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ പാര്‍ക്കിങ് സൗകര്യം അനുവദിച്ചിട്ടുള്ളൂ. അതിനാല്‍ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍കൂടി എത്തിയാല്‍ ബാക്കി ഓട്ടോറിക്ഷകള്‍ക്ക് സ്ഥലസൗകര്യം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോകള്‍ക്ക് ചാര്‍ജിങ് സൗകര്യമുണ്ടാകും
നഗരത്തില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 25 കേന്ദ്രങ്ങളില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ബാറ്ററി ചാര്‍ജിങ് സൗകര്യമുണ്ടാകും. ബോര്‍ഡിന്റെ അംഗീകാരത്തിനായി ശുപാര്‍ശ അയച്ചിട്ടുണ്ട്. കോര്‍പ്പറേഷന് പുറത്ത് 20 കേന്ദ്രങ്ങളുമുണ്ടാകും. മാവൂര്‍ റോഡ്, പാളയം, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും താമരശ്ശേരി പോലുള്ള പ്രധാനയിടങ്ങളിലുമാണ് സൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്.
-ബോസ് ജേക്കബ്ബ്,കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍
Content Highlights; Electric Autos In Kozhikode, Unannounced Ban For Electric Auto