രാജ്യം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുകയാണ്. മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ തെലുങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇ-ട്രിയോ ഓട്ടോമൊബൈല്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തില്‍ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ്. നിലവിലുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ എന്‍ജിന്‍ എടുത്തുമാറ്റി പകരം ഇലക്ട്രിക് കിറ്റ് സ്ഥാപിക്കുകയാണ് ഇ-ട്രിയോയുടെ ജോലി. ഗിയര്‍ലെസ് ഇലക്ട്രിക് കാറുകളായിരിക്കും ഇവ. 

മാരുതി സുസുക്കിയുടെ ആള്‍ട്ടോ, വാഗണ്‍ ആര്‍ മോഡലുകളിലാണ് ഇ-ട്രിയോ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ സ്ഥാപിക്കുക. ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) യില്‍ നിന്ന് ഇതിനുള്ള അനുമതിയും ഇ-ട്രിയോ സ്വന്തമാക്കി. ഇത്തരത്തില്‍ ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാന്‍ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന ആദ്യ സംരംഭകരാണ് ഇ-ട്രിയോ. ചൈനയില്‍ നിന്നും സൗത്ത് കൊറിയയില്‍ നിന്നുമാണ് ഇതിനുള്ള ഇലക്ട്രിക് കിറ്റ് ഇ-ട്രിയോ എത്തിക്കുക. ഇതിനുള്ള കണ്‍ട്രോളര്‍ ഇ-ട്രിയോ സ്വന്തമായി നിര്‍മിച്ചെടുത്തതാണ്. നിലവില്‍ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയില്‍ മാത്രം ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാനുള്ള അനുമതിയാണ് ARAI ഇ-ട്രിയോയ്ക്ക് നല്‍കിയിട്ടുള്ളത്. 

ഒറ്റചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് കാറുകള്‍ക്ക് സാധിക്കുമെന്നാണ് ഇ-ട്രിയോയുടെ അവകാശവാദം. അഞ്ചു സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് കിറ്റ് സ്ഥാപിച്ച ആള്‍ട്ടോയ്ക്ക് സാധിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും പരമാവധി വേഗത. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇലക്ട്രിക് കിറ്റ് സ്ഥാപിച്ചുള്ള പരീക്ഷണത്തിലാണ് ഇ-ട്രിയോ. അടുത്ത വര്‍ഷം 5000 കാറുകള്‍ കിറ്റ് ഘടിപ്പിച്ച് പുറത്തിറക്കാനാണ് ഇ-ട്രിയോ ലക്ഷ്യമിടുന്നത്. മാസംതോറും 1000 കാറുകളില്‍ കിറ്റ് ഉള്‍പ്പെടുത്താനുള്ള ശേഷിയും ഇ-ട്രിയോ കേന്ദ്രങ്ങളിലുണ്ട്. 

Content Highlights; E-trio Automobiles to launch retrofitted Electric vehicles in India