
വിനോദ് കോവൂർ | ഫോട്ടോ: മാതൃഭൂമി
ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കാന്‍ നല്‍കുകയും അത് നഷ്ടപ്പെട്ട് പോകുകയും ചെയ്യുന്ന പ്രമേയത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സിനിമയാണ് ഡ്രൈവിങ്ങ് ലൈസന്‍സ്. സിനിമയില്‍ ഈ അനുഭവമുണ്ടായത് പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തിനാണെങ്കില്‍, സമാനമായ അവസ്ഥ യഥാര്‍ഥ ജീവിതത്തില്‍ അനുഭവിക്കുകയാണ് നടനനായ വിനോദ് കോവൂര്‍. ലൈസന്‍സ് നഷ്ടപ്പെടുന്നതിനെക്കാള് വലിയ പുലിവാലാണ് വിനോദ് കോവൂരിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്.
വിനോദ് കോവൂരിന്റെ ലൈസന്‍സിന്റെ കാലാവധി 2019-ലാണ് അവസാനിച്ചത്. കാലാവധി കഴിഞ്ഞ ഒരു വര്‍ഷത്തോളമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഹാജരായാല്‍ മാത്രമേ ലൈസന്‍സ് പുതുക്കാന്‍ സാധിക്കൂ. കോഴിക്കോട് കോവൂരിലുള്ള നസീറ ഡ്രൈവിങ്ങ് സ്കൂളില്‍ ലൈസന്‍സ് പുതുക്കി നല്കാന് ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെ നടന്നിട്ടുള്ള കൃത്രിമമാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സാരഥി വെബ്സൈറ്റില്‍ കയറി ഔദ്യോഗിക നടപടികള്‍ ചെയ്യുന്നതിനായി ഒരു യൂസര്‍ നെയിമും പാസ്വേഡും നല്‍കിയിട്ടുണ്ട്. ഈ പാസ്വേഡും യൂസര്‍നെയിമും ചോര്‍ത്തി എം.വി.ഡി. അറിയാതെ ലോഗിന്‍ ചെയ്താണ് ലൈസന്‍സ് പുതുക്കാന്‍ ശ്രമിച്ചത്. മാര്‍ച്ച് ഒന്നിനാണ് സംഭവം നടക്കുന്നത്. എം.വി.ഐ. രതീഷിന്റെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ചാണ് ഡ്രൈവിങ്ങ് സ്കൂള്‍ അധികൃതര്‍ തട്ടിപ്പ് നടത്താന്‍ ശ്രിമിച്ചത്.
സംഭവ ദിവസം രാത്രി എട്ട് മണിക്കും 8.40-നും ഇടയിലാണ് ലോഗില്‍ ചെയ്ത് ലൈസന്‍സ് പുതുക്കിയിരിക്കുന്നത്. നാല് തവണ ലോഗിന്‍ ചെയ്തെന്ന് കാണിച്ച് എം.വി.ഐയുടെ മൊബൈലില്‍ മെസേജ് വന്നിരുന്നു. ഇതോടെ സംശയം തോന്നിയ എം.വി.ഐ. ആര്.ടി.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇവരുടെ അന്വേഷണത്തില്‍ കോവൂരിലെ നസീറ ഡ്രൈവിങ്ങ് സ്കൂളിന്റെ ഐ.പിയിലൂടെയാണ് വെബ്സൈറ്റില്‍ കയറിയതെന്നാണ് കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് ഇവിടെ പോലീസ് എത്തുകയും ഹാര്‍ഡ് ഡിസ്കും മോഡവും ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍, പ്രാഥമിക ചോദ്യം ചെയ്യലില്‍ ഡ്രൈവിങ്ങ് സ്കൂള്‍ അധികൃതര്‍ കുറ്റം നിഷേധിക്കുകയായിരുന്നു. ഹാര്‍ഡ് ഡിസ്ക്കിലെ വിവരങ്ങള്‍ നീക്കം ചെയ്ത നിലയിലാണ്. അതുകൊണ്ട് തന്നെ ഇവ വീണ്ടെടുക്കുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികളെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, സൈബര്‍ സെല്ലില്‍നിന്ന് വിളിച്ചപ്പോള്‍ മാത്രമാണ് ഇത്തരത്തിലുള്ള ഒരു തട്ടിപ്പ് താന്‍ അറിഞ്ഞതെന്നാണ് നടന് വിനോദ് കോവൂര്‍ പറഞ്ഞത്. അടുത്തിടെയാണ് തന്റെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ വിവരം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നസീറ ഡ്രൈവിങ്ങ് സ്കൂളില്‍ ഇത് പുതുക്കുന്നതിനായി നല്‍കുകയായിരുന്നു. ഇവരുടെ സഹായത്തോടെയാണ് താന്‍ ലൈസന്‍സ് എടുത്തതെന്നും വിനോദ് കോവൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ലൈസന്‍സിന്റെ കാലാവധി അവസാനിച്ച് ഇത്രയും നാള് ആയതിനാല്‍ ആദ്യം മുതലുള്ള നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നാണ് ഡ്രൈവിങ്ങ് സ്കൂള്‍ ജീവനക്കാരന് അറിയിച്ചത്. ഇതിനായി 6300 രൂപ വേണ്ടി വരുമെന്നും ഡ്രൈവിങ്ങ് സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. പിന്നീട് സൈബര്‍ സെല്‍ മുഖേനയാണ് ഇക്കാര്യം അറിയുന്നത്. തന്റെ ലൈസന്‍സ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കൊണ്ടുപോയെന്ന് ഇപ്പോള്‍ ലൈസന്‍സ് ഇല്ലാത്ത അവസ്ഥയാണെന്നും വിനോദ് കോവൂര്‍ പറഞ്ഞു.
Content Highlights: Driving Licence Renewal Cheating; Actor Vinod Kovoor Lost His Licence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..