എക്‌സിറ്റ് പോള്‍ ഫലങ്ങളെയും ലോക ജനതയെയും ഒന്നടങ്കം ഞെട്ടിച്ചാണ് ഡെണാള്‍ഡ് ട്രംപ് അമേരിക്കയുടെ 45-ാം പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നു കയറിയത്. വിവാദ നായകനായി രാഷ്ട്രീയത്തില്‍ തുടക്കക്കാരനായെത്തി ശക്തയായ എതിരാളി ഹിലരിയെ നിഷ്പ്രയാസം തോല്‍പ്പിച്ചതില്‍ ട്രംപിലെ ബിസിനസുകാരനും വ്യക്തമായ പങ്കുണ്ട്. ടെലിവിഷന്‍ അവതാരകന്‍, വ്യവസായി തുടങ്ങി വിവിധ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഡൊണാള്‍ഡ് ജോണ്‍ ട്രംപ് തികഞ്ഞ ഒരു വാഹന പ്രേമി കൂടിയാണ്. ആഡംബര വീരന്‍മാരായ നിരവധി കാറുകളാണ് ട്രംപിന്റെ പക്കലുള്ളത്. ട്രംപിന്റെ നാല് ഇഷ്ട വാഹനങ്ങള്‍ ഏതെല്ലാമെന്നു നേക്കാം...
1. റോള്‍സ്-റോയ്‌സ് സില്‍വര്‍ ക്ലൗഡ്
അതിസമ്പന്നനായ ട്രംപ് സ്വന്തമാക്കിയ ആദ്യ വാഹനങ്ങളിലെന്നാണ് 1956 മോഡല്‍ റോള്‍സ് റോയ്‌സ് സില്‍വര്‍ ക്ലൗഡ്. 1966 വരെയാണ് ഈ ക്ലാസിക് മോഡലിനെ ബ്രിട്ടീഷ് നിര്‍മാതാക്കള്‍ പുറത്തിറക്കിയത്. പത്തു വര്‍ഷത്തിനിടയില്‍ ആകെ 7372 യൂണിറ്റ് സില്‍വര്‍ ക്ലൗഡാണ് ആഗോള തലത്തില്‍തന്നെ വിറ്റഴിച്ചത്. ഫോര്‍ സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 4.9 ലിറ്റര്‍, 6.2 ലിറ്റര്‍ എഞ്ചിനുകളാണ് സില്‍വര്‍ ക്ലൗഡിന് കരുത്തേകിയത്.
2 മെഴ്‌സിഡസ് ബെന്‍സ് SLR മക്‌ലാരന്‍
ബെന്‍സ് പുറത്തിറക്കിയിട്ടുള്ള മോഡലുകളില്‍ എക്കാലവും SLR മക്‌ലാരന് രാജകീയ പദവിയുണ്ട്. അത്രമാത്രം ആഡംബരത്തിലാണ് തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ ഈ മോഡല്‍ പുറത്തിറക്കിയത്. 2003-ലാണ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ മക്‌ലാരനുമായി ബെന്‍സ് സഖ്യത്തിലാകുന്നതും ഇതുവഴി SLR മക്‌ലാരന്‍ അവതരിക്കുന്നതും.
ഫോര്‍ബ്‌സ് മാസിക പുറത്തു വിട്ട കണക്ക് പ്രകാരം 3700 കോടി ആസ്തിയുള്ള ട്രംപ് 2005-ലാണ് ഈ ആഡംബര രാജാവിനെ സ്വന്തമാക്കുന്നത്. 2010-ല്‍ നിര്‍മാണം അവസാനിപ്പിച്ച ബെന്‍സ് SLR മക്‌ലാനില്‍ 5.4 ലിറ്റര്‍ V 8 എഞ്ചിന്‍ 6500 ആര്‍പിഎമ്മില്‍ 626 എച്ച്പി കരുത്തും 3250-5000 ആര്‍പിഎമ്മില്‍ 780 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരുന്നത്.
3. റോള്‍സ് റോയ്‌സ് ഫാന്റം
ട്രംപിന്റെ ഗാരേജിലുള്ള രണ്ടാമത്തെ റോള്‍സ് റോയ്‌സ് മോഡലാണ് ഫാന്റം. സ്വര്‍ണ നിറത്തിനോട് ഏറെ പ്രിയമുള്ള ട്രംപ് മാര്‍ക്കറ്റ് വിലയെക്കാള്‍ ഇരട്ടി നല്‍കി ഫാന്റത്തിന്റെ ഇന്റീരിയര്‍ കസ്റ്റമൈസ് ചെയ്ത് സ്വര്‍ണ നിറത്തിലാക്കിയിരുന്നു. 1925 മുതല്‍ 2016 വരെ ഒമ്പത് ഫാന്റം വകഭേദങ്ങളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഇതില്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ബ്ലാക്കിഷ് ഫാന്റം കൂപ്പെയാണ് ട്രംപിന്റെ കൈവശമുള്ളത്.
4. ലംബോര്‍ഗിനി ഡയാബ്ലോ VT
ട്രംപിലെ ആഡംബര ജീവിതത്തെ പ്രകടമാക്കുന്ന മോഡലാണ് ലംബോര്‍ഗിനിയുടെ ഡയാബ്ലോ VT. സ്വന്തം പേര് ആലേഖനം ചെയ്ത നീല നിറത്തിലുള്ള ഡയാബ്ലോയാണ് ട്രംപിന്റെ പക്കലുള്ളത്. 1990-ല്‍ പുറത്തിറങ്ങിയ ഹൈ പെര്‍ഫോമെന്‍സ് വാഹനത്തിന് 6.0 ലിറ്റര്‍ V 12 എഞ്ചിനാണ് കരുത്തേകുന്നത്. മണിക്കൂറില്‍ 320 കിലോമീറ്ററാണ് പരമാവധി വേഗത.