ലയെടുപ്പോടെ ബുള്ളറ്റില്‍ കുതിക്കാന്‍ ആഗ്രഹിക്കാത്ത എത്ര പേരുണ്ട്. അതിപ്പോള്‍ പെണ്‍കുട്ടികളുടെ പോലും മോഹമാകുമ്പോള്‍ അവിടെയും വ്യത്യസ്തയാകുകയാണ് ദിയ ജോസഫ് എന്ന പതിനേഴുകാരി. ബുള്ളറ്റ് ഓടിക്കുക മാത്രമല്ല നല്ലൊരു ബുള്ളറ്റ് റിപ്പയര്‍ ചെയ്യുന്ന ആളുകൂടിയാകുക. ആ ആഗ്രഹം പാതിവഴിയിലാണിപ്പോള്‍. ബുള്ളറ്റ് മെക്കാനിക്കായ അപ്പയ്‌ക്കൊപ്പം ചെറിയ സഹായിയായികൂടിയ ദിയ ഇപ്പോള്‍ ബുള്ളറ്റ് റിപ്പയറിങ്ങിന് മിടുക്കിയെന്ന സര്‍ട്ടിഫിക്കറ്റ് അപ്പ നല്‍കിക്കഴിഞ്ഞു. 

കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപമുള്ള പുളിക്കപ്പറന്പില്‍ വീടിനോട് ചേര്‍ന്ന് അപ്പ, േജാസഫ് ഡൊമിനിക്ക് നടത്തുന്ന ബുള്ളറ്റ് വര്‍ക്ക്‌ഷോപ്പില്‍ രണ്ട്് വര്‍ഷം മുന്പാണ് അല്പം ഗൗരവമായി റിപ്പയറിങ്ങിനായി സമയം കണ്ടെത്തിയത്. രസമായിട്ട് തോന്നിയതുകൊണ്ട് അപ്പായുടെ കൂടെയങ്ങുകൂടി. നിലവില്‍ ബുള്ളറ്റിന്റെ ഓയില്‍ മാറുന്നതും ജനറല്‍ സര്‍വീസും ചെയ്യാറുണ്ട്.

പത്താംതരം പരീക്ഷ കഴിഞ്ഞ അവധിക്കാണ് വര്‍ക്ക്‌ഷോപ്പില്‍ കയറിത്തുടങ്ങിയത്. ഇപ്പോള്‍ ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്‌ളസ്ടു 97 ശതമാനം മാര്‍ക്ക് നേടി വിജയിച്ചു. എന്‍ജിനീയറിങ് എന്‍ട്രന്‍സിന്റെയും നീറ്റ് പരീക്ഷയുടെയും പഠനത്തിരക്കുണ്ട്. എങ്കിലും ഒരു ദിവസം കുറഞ്ഞത് മൂന്ന് ബുള്ളറ്റുകള്‍വരെ റിപ്പയര്‍ചെയ്തിരിക്കും. സ്വയം വണ്ടിഓടിച്ച് പഠിച്ചാലേ നല്ല മെക്കാനിക്കാകാന്‍ കഴിയൂവന്ന് അപ്പ പറഞ്ഞുകൊടുത്ത ആദ്യ പാഠം. 

എന്‍ജിന്റെ ശബ്ദത്തിലെ വ്യത്യാസത്തിലൂടെ പ്രശ്‌നം തിരിച്ചറിയണം. ആദ്യമായി ഒരു പെണ്‍കുട്ടിയെ ബുള്ളറ്റ് റിപ്പയര്‍ചെയ്യാന്‍ പഠിപ്പിച്ച ജോസഫിന് പെണ്‍കുട്ടികള്‍ക്ക് ഈ മേഖലയില്‍ നല്ല ജോലി സാധ്യതയുണ്ടെന്ന തിരിച്ചറിവുണ്ട്. പെണ്‍കുട്ടികള്‍ ക്ഷമയോടെ കാര്യങ്ങള്‍ മനസ്സിലാക്കും. അതും പെട്ടെന്ന്. എന്‍ജിനീയറിങ് കഴിഞ്ഞ് വരുന്ന ചില ആണ്‍കുട്ടികള്‍പോലും ഇത്ര പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാറില്ലെന്ന് ജോസഫ്.

നിലവില്‍ ദിവസം കുറഞ്ഞത് 2000 രൂപ വരെ വരുമാനം കിട്ടുന്ന പണികള്‍ ചെയ്യുന്നുണ്ട് ദിയ. അപ്പോഴൊക്കെ അപ്പ കുറച്ച് പോക്കറ്റുമണി വാഗ്ദാനംചെയ്യും. പക്ഷേ വാങ്ങാറില്ല. തത്കാലം അപ്പ വാങ്ങിയ'തണ്ടര്‍ ബേര്‍ഡ്' ബുള്ളറ്റ് ഒന്ന് ഓടിക്കണം. അതും അല്പം ദീര്‍ഘദൂരയാത്ര. അതിനായി പൈസ തന്നാല്‍ മതിയെന്നാണ് ദിയയുടെ പക്ഷം. ഭാവിയില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയര്‍ ആയാലും ബുള്ളറ്റ് റിപ്പയര്‍ ജോലി സൈഡായി കൊണ്ടുപോകാനാണ് ദിയയ്ക്ക് ആഗ്രഹം. അമ്മ ഷൈന്‍ മാത്യു. സഹോദരി മരിയ. ഈ മാസം 20-ന് ഇരുചക്രവാഹന ൈഡ്രവിങ് ലൈസന്‍സിനുള്ള ടെസ്റ്റ് കഴിഞ്ഞിട്ട് വേണം ബുള്ളറ്റ് യാത്രയെന്ന സ്വപ്നത്തിന് പിന്നാലെ പായാന്‍.

Content Highlights: Diya Bullet Girl, 17 Year Old Girl Ride and Rapier Bullet Bikes