ഒരു യാത്രയ്ക്കിടെ വാഹനരേഖകള്‍ പോലീസ് ആവശ്യപ്പെട്ടാല്‍ ഇനി പതിവുപോലെ ഡാഷ് ബോര്‍ഡ് തുറന്ന് കെട്ടഴിക്കേണ്ട. ഫോണില്‍ ഡിജി ലോക്കര്‍, എം പരിവഹന്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ വിവരങ്ങള്‍ സൂക്ഷിച്ചാല്‍ മതി. ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതി.
വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലക്ട്രോണിക് രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവഹന്‍ എന്നീ ആപ്പുകള്‍ മുഖേനയാണ് ഇത്തരം വിവരങ്ങള്‍ കൈമാറണ്ടേത്.
ഡിജി ലോക്കര്‍
രേഖകള്‍ സൂക്ഷിക്കുന്ന പഴയകാല ഫയലുകളുടെ ഡിജിറ്റല്‍ പതിപ്പാണ് ഡിജി ലോക്കര്‍. എവിടെയിരുന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലായി ഹാജരാക്കാം. സര്‍ട്ടിഫിക്കറ്റ് നമ്പര്‍ നല്കിയാല് അതതു വകുപ്പുകളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ രൂപം ഡിജി ലോക്കര്‍ ആപ്പിലെത്തും.
പ്ലേ സ്റ്റോറില്‍നിന്ന് ഡിജി ലോക്കര്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് അക്കൗണ്ട് ഉണ്ടാക്കിയശേഷം ആധാര്‍ നമ്പര്‍ നല്കി ഡിജി ലോക്കര്‍ പ്രവര്‍ത്തിപ്പിക്കാം. ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പരുമായി ബന്ധിപ്പിച്ച ആര്‍ക്കും സേവനം ഉപയോഗിക്കാം.
സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്നതിനെ 'ഇഷ്യൂഡ് ഡോക്യുമെന്റ്സ്' എന്നുവിളിക്കുന്നു. ആധാര്‍കാര്‍ഡ്, ലൈസന്‍സ് നമ്പര്‍ നല്കിയാല് ഡിജിറ്റല്‍ പതിപ്പ് ഫോണിലെത്തും. സ്കാന്‍ചെയ്ത ഏതു സര്‍ട്ടിഫിക്കറ്റുകളും സൂക്ഷിക്കാനായി 'അപ്ലോഡഡ് ഡോക്യുമെന്റ്സ്' എന്ന ഓപ്ഷന് ഉപയോഗിച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഇങ്ങനെ സൂക്ഷിക്കാനാകും.
എം പരിവഹന്‍
വാഹനത്തിന്റെ ആര്.സി.യും ലൈസന്‍സും സൂക്ഷിക്കാന്‍ പറ്റുന്ന ആപ്ലിക്കേഷനാണിത്. ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍നിന്ന് ആപ്ലിക്കേഷന്‍ ലഭ്യമാണ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് അക്കൗണ്ട് എടുക്കേണ്ടത്. വെര്‍ച്വല്‍ ആര്.സി. എടുക്കാനായി വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ നല്‍കുക. നാല് ഡിജിറ്റ് ഫോര്‍മാറ്റില്‍ വേണം ഇത് നല്കാന്. സേര്‍ച്ച് ബാറില്‍ നമ്പര്‍ നല്കിയാല് വാഹനത്തിന്റെ പൂര്‍ണവിവരങ്ങള്‍ കാണാന്‍ കഴിയും.
'ആഡ് ടു ടാഷ് ബോര്‍ഡ് ഫോര്‍ വെര്‍ച്വല്‍ ആര്.സി. എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ വാഹനത്തിന്റെ ചെയ്സിസ് നമ്പര്‍, എന്ജിന് നമ്പര്‍ എന്നിവയുടെ അവസാനത്തെ നാലക്കം നല്കിയാല് വെര്‍ച്വല്‍ ആര്.സി. എടുക്കാം. ഇതുപോലെ തന്നെയാണ് വെര്‍ച്വല്‍ ലൈസന്‍സും എടുക്കേണ്ടത്. ലൈസന്‍സിന്റെ നമ്പര്‍ നല്കിയാല് മതിയാകും.
Content Highlights: Digi Locker and MParivahan App For Vehicle Documents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..