ഓട്ടോറിക്ഷയുടെ റൂഫിൽ വളർത്തിയ ചെടികൾ | Photo: Money Sharma/AFP
താരതമ്യേന ഉയര്‍ന്ന വേനല്‍ ചൂടാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യതലസ്ഥനമായ ഡല്‍ഹിയില്‍ ഉള്‍പ്പെടെ റെക്കോഡ് താപനിലയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ മാസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തണുപ്പ് നല്കുന്ന ഭക്ഷണങ്ങളും പാനിയങ്ങളുമായി ചൂടിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും ആളുകള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊടുംചൂടില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വേറിട്ട മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവറായ മഹേന്ദ്ര കുമാര്‍ എന്നയാള്‍.
തന്റെ ഓട്ടോറിക്ഷയുടെ റൂഫില്‍ ഉദ്യാനം ഒരുക്കിയാണ് അദ്ദേഹം ചൂടിനെ പ്രതിരോധിക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നത്. തനിക്കൊപ്പം തന്റെ വാഹനത്തില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്കും തണിപ്പ് ഉറപ്പാക്കുന്നതിനായാണ് അദ്ദേഹം ഈ നവീനമായ ആശയം പ്രയോഗിച്ചിരിക്കുന്നത്. ഔഷധ ചെടികള്‍, പച്ചക്കറികള്‍, മറ്റ് ചെടികള്‍ ഉള്‍പ്പെടെ 20-ഓളം ചെടികളാണ് അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയുടെ റൂഫില്‍ വളര്‍ത്തുന്നത്. സഞ്ചരിക്കുന്ന ഗാര്ഡന് എന്നാണ് ഈ ഓട്ടോയെ വിശേഷിപ്പിക്കുന്നത്.

വാഹനത്തിന്റെ റൂഫിന് കേടുപാടുകള്‍ സംഭവിക്കാത്ത രീതിയിലാണ് അദ്ദേഹം ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ആദ്യം ഒരു പായ വിരിച്ച് അതിന് മുകളില്‍ ഒരു ചാക്കിട്ട് അതില്‍ മണ്ണിട്ടാണ് വിത്തുകളും മറ്റും നട്ടതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ചീര, തക്കാളി, തിന തുടങ്ങിയവയുടെ വിത്തുകള്‍ ഇതില്‍ മുളപ്പിക്കുകയായിരുന്നു. ഒരു ദിവസത്തില്‍ രണ്ട് തവണയെങ്കിലും ഈ ചെടികള്‍ നനച്ച് കൊടുക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് തോന്നിയ ഒരു ആശയമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. റൂഫില്‍ കുറച്ച് ചെടികള്‍ നട്ടിപിടിപ്പിക്കാന് സാധിച്ചാല്‍ അത് എന്റെ വാഹനത്തിന് യാത്രക്കാര്‍ക്കും തണലേകുമെന്നും കൊടുംചൂടില്‍ നേരിയ ആശ്വാസമാകുമെന്നും ഉറപ്പായിരുന്നു. ഇത് നാച്വറല്‍ എ.സിയാണ്. എന്റെ ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ വളരെയേറെ സന്തോഷത്തോടെയാണ് തിരിച്ചിറങ്ങുന്നത്. പലരും യാത്രയ്ക്കൊടുവില്‍ 10-20 രൂപ അധികം നല്‍കാറുണ്ടെന്നും മഹേന്ദ്ര കുമാര്‍ പറഞ്ഞു.
മഹേന്ദ്ര കുമാറിന്റെ ഓട്ടോയും അതിലെ ഉദ്യാനവും സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാഹനത്തിനൊപ്പം ഫോട്ടോ എടുക്കാനും അഭിനന്ദിക്കാനുമായി നിരവധി ആളുകള്‍ എത്താറുണ്ട്. ചൂടിനെ ചെറുക്കുന്നതിനായി അദ്ദേഹം സ്വീകരിച്ച ഈ മാര്‍ഗം മറ്റ് വാഹനങ്ങളിലേക്കും എത്തിക്കുന്നതിനായി പല ഡ്രൈവര്‍മാരും ഇതിന്റെ രീതികള്‍ മഹേന്ദ്ര കുമാറിനോട് ചോദിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Source: Twitter/AFP
Content Highlights: Delhi Auto Driver Creates Vegetable Garden On Auto Rickshaw Roof
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..