ത്തവണത്തെ ഓണം ദീപുവിന് പുനര്‍ജന്മത്തിന്റെകൂടി ആഘോഷമാണ്. 'ജീവിതത്തിലേക്കുമടങ്ങാന്‍ സാധ്യത തീരെ കുറവായിരുന്നു. പക്ഷേ, പഴയതിലും ആരോഗ്യത്തോടെ മടങ്ങിയെത്തി കുടുംബത്തോടൊപ്പം ഓണമാഘോഷിക്കുകയാണ്'- ഇടതുകാലിന്റെ സ്ഥാനത്ത് ഇരുപ്പുറപ്പിച്ചിരിക്കുന്ന കൃത്രിമക്കാലുകൊണ്ട് കാറിന്റെ ക്ലച്ചമര്‍ത്തി ഗിയര്‍മാറ്റിയാണ് ആലപ്പുഴ ഡി.സി.സി. വൈസ് പ്രസിഡന്റ് ഹരിപ്പാട് സ്വദേശി എസ്. ദീപു സംസാരിച്ചുകൊണ്ടിരുന്നത്. ജീവിതത്തിലേക്കു ടോപ്പ്ഗിയറില്‍, ദീപുവിന്റെ മടക്കയാത്ര.

പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടെയാണ് ഇടതുകാലിനു സഹിക്കാന്‍ കഴിയാത്ത വേദനയനുഭവപ്പെട്ടുതുടങ്ങിയത്. ആദ്യം ഹരിപ്പാട്ടെയും പിന്നീട് വൈക്കത്തെയും ആശുപത്രികളില്‍ ചികിത്സതേടി. ഹൃദയത്തിന്റെ പമ്പിങ് 20 ശതമാനത്തില്‍ കുറവ്. പ്രമേഹം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ. എറണാകുളത്തെ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെടാനുള്ള സാധ്യത തീരെക്കുറവാണെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്. 

എട്ടുമാസത്തോളംനീണ്ട ചികിത്സയ്ക്കിടെ ഇടതുകാല്‍ രണ്ടുതവണയായി മുറിച്ചുമാറ്റേണ്ടിവന്നു. വലതുകണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. തലച്ചോറിലും ഹൃദയത്തിലുമായി ആറ് ശസ്ത്രക്രിയകള്‍. ഇവിടെനിന്നാണ് എസ്. ദീപു, ജീവിതത്തിലേക്കു മടങ്ങിവന്നത്. ഒരുമാസംമുന്‍പ് വെപ്പുകാലുമായി നടന്നുതുടങ്ങി. പിന്നീട് ഹരിപ്പാട്ടെവീട്ടില്‍ മടങ്ങിയെത്തി. ഇതോടെ ദീപുവിന്റെ ജീവിതരീതിതന്നെ മാറി. പുലര്‍ച്ചേ അഞ്ചിന് എഴുന്നേല്‍ക്കും. ഒന്നരമണിക്കൂറോളം വ്യായാമം. 

പിന്നീട് ഇന്‍ഷുറന്‍സിന്റെയും കെ.എസ്.എഫ്.ഇ. ഏജന്‍സിയുടെയും പ്രവര്‍ത്തനം. ഇതിനായി സ്വന്തമായി കാറോടിച്ചുപോകും. പത്തുമണിവരെ ഏജന്‍സിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുശേഷം മടക്കം. തുടര്‍ന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് അംഗം എന്നിവയുമായി ബന്ധപ്പെട്ട തിരക്കുകള്‍. വൈകീട്ട് ആറിനുമുന്‍പ് വീട്ടില്‍ തിരിച്ചെത്തും. മുന്‍പ് ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള സംഘടനാ പ്രവര്‍ത്തനമായിരുന്നു. അന്നും ഏജന്‍സികളുണ്ടായിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ടുനില്‍ക്കാന്‍ സമയം കിട്ടാറില്ലായിരുന്നു. 

ഇടയ്ക്ക് ബാങ്ക് വായ്പയെടുത്ത് ചപ്പാത്തിയൂണിറ്റ് തുടങ്ങി. നോക്കിനടത്താന്‍ സമയമില്ലാതെ അതുംപൂട്ടി. ഇങ്ങനെ വലിയ കടബാധ്യതയുടെ ഭാരം ചുമക്കേണ്ടിവന്നതിനു പിന്നാലെയാണ് രോഗംബാധിച്ചു കിടപ്പിലായത്. ആകെ 70 ലക്ഷം രൂപയോളം ചികിത്സനടത്താന്‍ വേണ്ടിവന്നു. ദീപുവിന്റെ അവസ്ഥയെപ്പറ്റി 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന്, 37.17 ലക്ഷംരൂപ ബാങ്ക് അക്കൗണ്ടില്‍ എത്തി. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സഹായിക്കുകകൂടി ചെയ്‌തോടെ വലിയബാധ്യതയില്ലാതെ ആശുപത്രിവിടാനായി.

ശ്രീജയാണു ഭാര്യ. ഏഴാംക്ലാസ് വിദ്യാര്‍ത്ഥി തപസ് മകനും മൂന്നാംക്ലാസില്‍ പഠിക്കുന്ന തീര്‍ത്ഥ മകളുമാണ്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനടുത്ത് ശ്രീനിലയത്തിലാണു താമസം.