ഗരത്തിരക്കില്‍ ഗിയര്‍ മാറ്റാനായി പ്രയാസപ്പെടാതെ അനായാസമായി ഓടിക്കാന്‍ പറ്റുന്ന ചെറിയ കാര്‍... അതാണ് 'ഡാറ്റ്സണ്‍ റെഡി ഗോ സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ'. കളമശ്ശേരിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ദേശീയപാതയിലെ തിരക്കിനിടയിലൂടെ അനായാസമാണ് ഡാറ്റ്സണ്‍ എ.എം.ടി. മോഡല്‍ കാര്‍ മുന്നേറിയത്. തിരക്കേറിയ സമയങ്ങളില്‍ ഗിയര്‍ പെഡലില്‍ നിന്ന്  കൈയെടുക്കാതെ ഓടിക്കാനാവാത്ത ദേശീയപാതയില്‍ ഈ ചെറുവാഹനം നല്കിയ സ്വാതന്ത്ര്യം ചെറുതായിരുന്നില്ല. 3.80 ലക്ഷം മുടക്കിയാല്‍ ഓട്ടോമാറ്റഡ്‌ മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ.എം.ടി.) സൗകര്യമുള്ള ഈ ചെറിയ കാര്‍ സ്വന്തമാക്കാന്‍ സാധിക്കും എന്നത് ഡാറ്റ്സണ്‍ റെഡി ഗോ സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോയെ പ്രിയങ്കരമാക്കും.

Datsun Redi Go AMTമുന്‍പ് പ്രീമിയം മോഡലുകലില്‍ മാത്രമായിരുന്നു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യം ലഭ്യമായിരുന്നത്. അന്ന്  അതൊരു ആഡംബരവുമായിരുന്നു. 2014-ല്‍ മാരുതി സെലേറിയോ മോഡലിലൂടെ എ.എം.ടി. മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതോടെ കഥമാറി. ഒരോ ദിവസവും വര്‍ധിക്കുന്ന ട്രാഫിക് കുരുക്ക് ചെറുകാറുകളിലും എ.എം.ടി. സൗകര്യം തേടുന്നവരുടെ എണ്ണവും കൂട്ടി.

മാരുതി സുസുകി ആള്‍ട്ടോ കെ. 10, റെനോ കിഡ് എ.എം.ടി., ടാറ്റ നാനോ എ.എം.ടി. എന്നിവയൊക്കെ ഈ മേഖലയിലെ മുന്‍നിരക്കാരാണ്. ഇവയോട് മത്സരിക്കാനാണ് ഡാറ്റ്സണ്‍ റെഡി ഗോ സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോയും എത്തിയിരിക്കുന്നത്.

മികച്ച സവിശേഷതകളാണ് ഡാറ്റ്സണ്‍ വാഗ്ദാനം ചെയ്യുന്നത്. അതില്‍ പ്രധാനം ഡ്യൂവല്‍ ഡ്രൈവിങ് മോഡാണ്. നഗരത്തിരക്കിലൂടെ ഒട്ടോമാറ്റിക് ട്രാന്‍സ്മിഷനിലൂടെ സ്വസ്ഥമായി ഈ കാര്‍ ഓടിക്കാന്‍ സാധിക്കും. എന്നാല്‍, കയറ്റിറക്കങ്ങള്‍ നിറഞ്ഞ വഴിയിലൂടെയാണെങ്കില്‍ മാനുവല്‍ മോഡിലേക്ക് മാറ്റി യാത്ര അനായാസമാക്കാനും സാധിക്കും.

മുന്നിലും പിന്നിലും തൊട്ടുതൊട്ട് വാഹനങ്ങള്‍ നിരങ്ങിനീങ്ങുന്ന തിരക്കേറിയ അവസരങ്ങളില്‍ ആക്‌സിലറേറ്ററില്‍ അടിക്കടി കാല്‍ അമര്‍ത്തി കഷ്ടപ്പെടാതെ ഓടിക്കാന്‍ സഹായകരമായ റഷ് അവര്‍ മോഡും ഈ ചെറു കാറിന്റെ പ്രത്യേകതയാണ്. അഞ്ചോ ആറോ കിലോമീറ്റര്‍ സ്പീഡില്‍ കാര്‍ ഈ മോഡില്‍ സാവധാനം മുന്നോട്ട് നീങ്ങും എന്നതാണ് സൗകര്യം.

Datsun Redi Go

ഡാറ്റ്സണ്‍ റെഡി ഗോ മാനുവല്‍ ഷിഫ്റ്റ് കാറില്‍ നിന്ന് എടുത്തുപറയാവുന്ന ഏറെ മാറ്റങ്ങളൊന്നും എ.എം.ടി. മോഡലിലെ മറ്റു സൗകര്യങ്ങളില്‍ ഇല്ല. എന്നാല്‍ എ.എം.ടി. മോഡലില്‍ ലഭ്യമായ ബ്ലൂ ടൂത്ത് സൗകര്യത്തോടു കൂടിയ മ്യൂസിക് സിസ്റ്റം പ്രത്യേകം പരാമര്‍ശിക്കേണ്ട സവിശേഷതയാണ്. ഫോണുമായി പെയര്‍ ചെയ്യാന്‍ സാധിക്കും അതിനാല്‍ ഡ്രൈവിങ്ങിനിടയില്‍ ഹാന്‍ഡ് ഫ്രീയായി ഫോണ്‍ സംഭാഷണത്തിനും കാതോര്‍ക്കാം.

സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്‌നോളജിയുമായി 1.0 ലിറ്റര്‍ 3 സിലണ്ടര്‍ എന്‍ജിനാണ് ഡാറ്റ്സണ്‍ റെഡി ഗോ എ.എം.ടി.യുടെ കരുത്ത്. ഒരു ലിറ്റര്‍ പെട്രോളില്‍ 23 കിലോമീറ്ററാണ് കമ്പനി നല്കുന്ന വാഗ്ദാനം.

185 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഇത്  ഈ വിഭാഗത്തില്‍ ഏറ്റവും മികച്ചതാണ്. ക്യാബിന്‍ സ്ഥലം, ബൂട്ട് സ്‌പേസ്, ഉയരം എന്നിവയെല്ലാം ഡാറ്റ്സണ്‍ റെഡി ഗോ എ.എം.ടി. യുടെ എടുത്തുപറയാവുന്ന പ്രത്യേകതയാണ്. ബോഡി കളര്‍ ബംബറും ഡേടൈം റണ്ണിങ് ലാമ്പും ഒക്കെയായി ആകര്‍ഷണിയമാണ് കാറിന്റെ ലുക്ക്. ബ്ലാക്ക് ഇന്റീരിയറും കൊള്ളാം. രണ്ട് മോഡലുകളാണ് ഉള്ളത്. ഉയര്‍ന്ന മോഡലില്‍ ഡ്രൈവര്‍ക്ക് എയര്‍ബാഗിന്റെ സുരക്ഷയും ഉണ്ട്.  റൂബി റെഡ്, ലൈം ഗ്രീന്‍, വെളുപ്പ്, ഗ്രേ, സില്‍വര്‍ എന്നീ നിറങ്ങളിലാണ് ഈ കാര്‍ അവതരിപ്പിച്ചിരിക്കുത്. 3,80,600 കാറിന്റെ പ്രാരംഭ വില. 

Content Highlights; Datsun redi GO Smart Drive Auto Test Drive Features Specs