ഡറയസ് മാർഷലും അദ്ദേഹത്തിന്റെ പോണ്ടിയാക് കാറും | ഫോട്ടോ: മാതൃഭൂമി
കടംവാങ്ങിയ കാറുമായി ട്രാക്കിലിറങ്ങുക, ഹൈ സ്പീഡ് റേസിങ്ങ് വിഭാഗത്തില്‍ കിരീടം സ്വന്തമാക്കുക. ഇപ്പോഴത്തെ സാഹചര്യം വെച്ച് നോക്കുമ്പോള്‍ വലിയ കൗതുക തോന്നേണ്ട കാര്യമില്ല. പക്ഷെ ഇത് സംഭവിച്ചത് വാഹനങ്ങള്‍ പോലും അത്യപൂര്‍വ്വമായിരുന്ന 1959 കാലഘട്ടത്തിലായിരുന്നു. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓള്‍ ഇന്ത്യ കാര്‍ റാലിയിലും വിജയക്കൊടി പാറിച്ച വ്യക്തിയാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ ഡയറസ് മാര്‍ഷല്‍. ഹൈസ്പീഡ് കാര്‍ റേസര്‍, റൈഫിള്‍ ഷൂട്ടിങ്ങ് ജേതാവ്, കോഴിക്കോടുകാരുടെ സ്വന്തം കാര്‍ ഡോക്ടര്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു ഡയറസ് മാര്‍ഷല്‍. ആറ് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി മോട്ടോര്‍ റാലിയില്‍ പങ്കെടുത്തത്. 24 മണിക്കൂര്‍ തുടര്‍ച്ചയായി കാര്‍ റാലി നടത്തിയെന്ന അംഗീകാരവും അദ്ദേഹം നേടി.
ഗുജറാത്തില്‍ നിന്ന് കോഴിക്കോടേക്ക്
1858-ലാണ് ഡയറസ് മാര്‍ഷലിന്റെ പൂര്‍വികര്‍ ഗുജറാത്തില്‍ നിന്ന് കേരളത്തില്‍ എത്തിയതെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛനാണ് ആദ്യമായി കേരളത്തിലേക്ക് പറിച്ചുനടപ്പെട്ടത്. അക്കാലത്ത് 300-ല്‍ അധികം പാഴ്‌സി കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. പ്രധാനമായും കച്ചവടം ലക്ഷ്യമിട്ടാണ് ഇവര്‍ കേരളത്തിലെത്തിയത്. ഡയറസിന്റെ പിതാവിന് സില്‍ക്ക് സ്ട്രീറ്റില്‍ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് കടയായിരുന്നു. അത്തരം സ്ഥാപനങ്ങള്‍ ചുരക്കമായതിനാല്‍ തന്നെ ഈ കട വളരെ പ്രസിദ്ധവുമായിരുന്നു. 1948-ല്‍ പി.ജെ മാര്‍ഷല്‍, മാര്‍ഷല്‍ സര്‍വീസ് സ്റ്റേഷന്‍ എന്നീ സ്ഥാപനങ്ങളും മാര്‍ഷല്‍ കുടുംബം ആരംഭിച്ചു.

ഡയറസ് മാര്‍ഷല്‍ വര്‍ക്ക്‌ഷോപ്പിലേക്ക്
ആകസ്മികമായി ഈ മേഖലയിലേക്ക് എത്തിയ വ്യക്തിയായിരുന്നില്ല ഡയറസ് മാര്‍ഷല്‍. 1950 കാലഘട്ടങ്ങളില്‍ ജര്‍മനിയില്‍ പോയി മോട്ടോര്‍ മെക്കാനിസം പഠിച്ച് തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം വാഹനങ്ങളുടെ മേഖലയിലേക്ക് പ്രവേശിക്കുന്നത്. 1954-ല്‍ മാര്‍ഷല്‍ സര്‍വീസ് സ്റ്റേഷന്‍ എന്ന കുടുംബ സ്ഥാപനത്തിന്റെ നടത്തിപ്പ് അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഈ മേഖലയില്‍ കോഴിക്കോട്ടെ ആദ്യ സ്ഥാപനം എന്ന നിലയില്‍ വലിയ വളര്‍ച്ചയ്ക്കാണ് പിന്നീട് കാലം സാക്ഷ്യം വഹിച്ചത്. വാഹനങ്ങളോടുള്ള കമ്പവും വര്‍ക് ഷോപ്പുമായി ബന്ധപ്പെട്ട ജീവിതവുമായിരുന്നിരിക്കാം അദ്ദേഹം വാഹനങ്ങളുടെ അതിവേഗ ട്രാക്കിലേക്കും എത്തിച്ചത്.
കാറുകളുടെ ഡോക്ടര്‍
കാറുകളുടെ ഡോക്ടര്‍ എന്നായിരുന്നു ഡയറസ് മാര്‍ഷലിനെ എല്ലാവരും വിളിച്ചിരുന്നത്. കാറിന്റെ ശബ്ദം കേട്ടാല്‍ത്തന്നെ തകരാറെന്തെന്ന് തിരിച്ചറിയുന്ന അദ്ദേഹത്തെ മറ്റെന്തുവിളിക്കാന്‍! വാര്‍ധക്യത്തിലും മാര്‍ഷല്‍ കൃത്യമായി കസ്റ്റംസ് റോഡിലെ തന്റെ ഓട്ടോ-മോട്ടോ വര്‍ക്ക്ഷോപ്പില്‍ എത്തുമായിരുന്നു. തൃശ്ശൂര്‍ മുതല്‍ മംഗലാപുരം വരെയുള്ളവര്‍ തങ്ങളുടെ പുതിയതും പഴയതുമായ വാഹനങ്ങളുമായി മാര്‍ഷലിന്റെ വര്‍ക്ക്‌ഷോപ്പ് തേടിയെത്തുന്നത് പതിവായിരുന്നു. വണ്ടികളെ ഇഷ്ടപ്പെടുന്ന, ഏത് വണ്ടിയേയും ഒറ്റ നോട്ടത്തില്‍ അടിമുടി മനസിലാക്കാന്‍ സാധിക്കുന്ന ഡയറസ് മാര്‍ഷലിന് ഏതുവണ്ടി കണ്ടാലും ഓടിച്ചുനോക്കുക എന്നത് ഇഷ്ടവിനോദങ്ങളില്‍ ഒന്നുമാത്രമാണ്.
ജൂബിലിത്തിളക്കത്തില്‍ മടക്കം
ജൂബിലികളുടെ ആഘോഷങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ മടക്കം. ഡറയസിന്റെ പിതാവ് ഫിറോസ് മാര്‍ഷല്‍ കോഴിക്കോടിന് നല്‍കിയ മലബാര്‍ സ്‌പെയര്‍ പാര്‍ട്സ് തുടങ്ങിയതിന്റെ 200-ാം വാര്‍ഷികം, ഡറയസ് 90 വയസിന്റെ നിറവില്‍, റോട്ടറി ക്ലബ്ലിനോട് ചേര്‍ന്നുള്ള തന്റെ പ്രവര്‍ത്തനത്തിന്റെ 50-ാം വാര്‍ഷികം തുടങ്ങി അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാലഘട്ടത്തില്‍ തന്നെയാണ് ഈ വിടപറയലും. അടുത്ത കാലം വരെ എന്നും കൃത്യമായി തന്റെ ഓട്ടോ - മോട്ടോ വര്‍ക്ക്ഷോപ്പില്‍ മാര്‍ഷലെത്തുമായിരുന്നു. കസ്റ്റംസ് റോഡിലുള്ള വര്‍ക്ക് ഷോപ്പും സ്‌പെയര്‍പാര്‍ട്സ് ഷോറൂമുമൊക്കെ ഈ പഴയ കാര്‍ റേസിങ് താരത്തിന്റെ ചുറുചുറുക്കിലാണ് മുന്നോട്ടുകുതിച്ചിരുന്നത്.

വിഖ്യാതമായ പോണ്ടിയാക് സില്‍വര്‍ സ്റ്റിക്ക്
1936-ല്‍ പിറവിയെടുത്ത ഒരു പോണ്ടിയാക് സില്‍വര്‍ സ്റ്റിക്ക് കാറായിരുന്നു ഡറയസ് മാര്‍ഷലിന്റെ മറ്റൊരു സ്വകാര്യ അഹങ്കാരം. 1936-ല്‍ പിറവിയെടുത്ത് കപ്പലില്‍ ബോംബെ വഴി കോഴിക്കോട്ടെത്തിയ അമേരിക്കന്‍ പോണ്ടിയാക് സില്‍വര്‍ സ്റ്റിക്ക് കാറിനെ ഉടമകളുടെ മൂന്നുതലമുറയും കണ്ണിലെ കൃഷ്ണമണി പോലെയാണ് സൂക്ഷിക്കുന്നത്. ബീച്ച് കസ്റ്റംസ് റോഡിലെ ഓട്ടോ-മോട്ടോ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പിലാണ് കാറുള്ളത്. ഡറയസിന്റെ പിതാവ് ഫിറോസ് മാര്‍ഷലാണ് പോണ്ടിയാക് കോഴിക്കോട്ടെത്തിച്ചത്. കേരളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത ഈ കാര്‍ സ്വന്തമാക്കാന്‍ മോഹിച്ച് എത്താത്ത സമ്പന്നര്‍ ഇല്ലെന്ന തന്നെ പറയാം. എന്നാല്‍, ഒരു മോഹവിലയ്ക്കും ഈ വാഹനം വില്‍ക്കാനില്ലെന്നായിരുന്നു മറുപടി.
മൂന്ന് കിലോമീറ്ററാണ് ഈ പെട്രോള്‍ കാറിന് ലഭിക്കുന്ന മൈലേജ്. നെപ്ട്യൂണ്‍ ബ്ലൂ നിറത്തില്‍ അലങ്കരിച്ചിരിക്കുന്ന ഈ കാറിന് കെ.എല്‍.-11 ഡി. 1297 നമ്പറാണ് നല്‍കിയിട്ടുള്ളത്. ക്രോമിയം ഗ്രില്ലില്‍ പോണ്ടിയാക് എംബ്ലമുള്ള, നാലു ഗിയറുള്ള, നിക്കല്‍ പ്ലേറ്റ് ചെയ്ത സ്റ്റീല്‍ ബംബറുകളുള്ള കാര്‍ 1992 വരെ നിരത്തില്‍ ഓടിയിട്ടുണ്ട്. ആറു സിലിന്‍ഡര്‍. യു.കെ.യില്‍ ഇപ്പോഴും ഇതിന്റെ സ്‌പെയര്‍പാര്‍ട്സ് ലഭ്യമാണ്. പ്ലെയിന്‍ ഡിസൈനുള്ള ബ്രൗണ്‍ സീറ്റ് കവറും ചെറിയ വിന്‍ഡോ ഗ്ലാസുകളുമുള്ള കാറിന് വളരെ പഴയ അംബാസിഡറിന്റേതിനു സമാനമായ ഹെഡ്ലൈറ്റുകളാണ്. നാലുപേര്‍ക്ക് പിന്നിലും മൂന്നുപേര്‍ക്ക് മുന്നിലും ഇരിക്കാം.
കേരളത്തിലേക്ക് വേരുകള്‍
ഡറയസ് മാര്‍ഷലിന്റെ മുത്തച്ഛന്‍ ജംഷഡ്ജി മാര്‍ഷല്‍ ഉള്‍പ്പെടെയുള്ള പൂര്‍വികര്‍ ഗുജറാത്തിലെ ഭറൂച്ച് നഗരത്തില്‍നിന്നാണ് കോഴിക്കോട് എത്തിയത്. അക്കാലത്ത് മുന്നൂറോളം പാഴ്‌സികുടുംബങ്ങള്‍ കോഴിക്കോട്ടുണ്ടായിരുന്നു. പില്‍ക്കാലത്ത് പലരും മുംബൈയിലേക്ക് മടങ്ങിയെങ്കിലും മാര്‍ഷലും കുടുംബവും ഇവിടെ തുടര്‍ന്നു. മിഠായിത്തെരുവിലെ പാഴ്‌സി അഞ്ജുമാന്‍ ബാഗ് അഗ്‌നിക്ഷേത്രവും മറ്റും ചരിത്രപ്രാധാന്യം നഷ്ടപ്പെടാതെ സൂക്ഷിച്ചിരുന്നത് ഡറയസ് മാര്‍ഷലാണ്. കേരളത്തിലെയും കോയമ്പത്തൂരിലെയും പാഴ്‌സികളുടെ കേന്ദ്രത്തിന്റെ അധിപനും മാര്‍ഷലായിരുന്നു.

കുടുംബം
കോഴിക്കോട്ടെ പാഴ്‌സി സമൂഹത്തില്‍പ്പെട്ട മുതിര്‍ന്ന അംഗങ്ങളിലൊരാളാണ് ഡറയസ് മാര്‍ഷല്‍. കോഴിക്കോട് കസ്റ്റംസ് റോഡിനു സമീപമുള്ള ജയന്തി നഗര്‍ വീട്ടിലായിരുന്നു താമസം. ഭാര്യ ഹൈദരാബാദ് സ്വദേശിനിയായ കെയ്റ്റി മാര്‍ഷല്‍ ഡക്കോട്ടയില്‍ എയര്‍ഹോസ്റ്റസായിരുന്നു. മക്കള്‍: നാസ്‌നിയന്‍ ഗസ്റ്റര്‍ (ഫോര്‍ഡ് ഇന്ത്യ), സുബിന്‍ മാര്‍ഷല്‍ (സര്‍വീസ് സ്റ്റേഷന്‍ എസ്.എസ്.എം.എ. കമ്പനി), ഫര്‍സാന്‍ (ഓട്ടോ മോട്ടോ വര്‍ക്ക്‌ഷോപ്പ്). മരുമക്കള്‍: സാലു ഗസ്റ്റര്‍, ജാസ്മിന്‍ മാര്‍ഷല്‍ (ബറോഡ), പരേതയായ നാഗമണി.
Content Highlights: darius marshall, Car rally champion, Car racing winner, Shooting winner and car doctor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..