'ആദ്യം സീറ്റ് ബെല്‍റ്റ് ഇടൂ. കണ്ണാടികള്‍ കറക്ടാണോയെന്നു ശ്രദ്ധിക്കൂ. ഇനി പതിയെ സ്റ്റാര്‍ട്ടാക്കാം. ക്ലച്ച് ഫുള്‍ ചവിട്ടി ന്യൂട്രലില്‍നിന്ന് ഫസ്റ്റിലേക്ക്. ആ പോകാം...' ദിവസവും പറഞ്ഞുശീലിച്ച ഈ വാക്കുകള്‍ ആശാന്‍മാര്‍ക്കിപ്പോള്‍ ഓര്‍മ മാത്രമാണ്. ഫസ്റ്റ് ഗിയറില്‍നിന്ന് ടോപ്പ് ഗിയറിലേക്ക് എന്നുപോകാന്‍ സാധിക്കുമെന്ന ആശങ്കയിലാണു ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാര്‍. 

ഇവരുടെ ജീവിതം റിവേഴ്സ് ഗിയറിലാണ് ഇപ്പോള്‍. വീണ്ടും ലോക്ഡൗണായതോടെ കനത്തപ്രതിസന്ധിയിലാണു മേഖല. എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ആശങ്കയിലാണു നടത്തിപ്പുകാരും ജീവനക്കാരും. ഏറ്റവും ആദ്യം പൂട്ടുവീണതും ഏറ്റവും അവസാനം അനുമതി ലഭിക്കുന്നതുമായ വിഭാഗങ്ങളിലൊന്നാണു ഡ്രൈവിങ് സ്‌കൂളുകള്‍. കടുത്ത സാമ്പത്തികബാധ്യതയാണ് ഇവരെ കാത്തിരിക്കുന്നത്.

വണ്ടികള്‍ തുരുമ്പെടുക്കുമ്പോള്‍...

ഓരോസ്ഥാപനത്തിനും മൂന്നുംനാലും വാഹനങ്ങളാണുണ്ട്. ഇരുചക്രവാഹനങ്ങള്‍ വേറെ. വലിയ സ്‌കൂളുകാര്‍ക്ക് ഹെവി വാഹനങ്ങളുമുണ്ട്. വെറുതെകിടന്നു വണ്ടികള്‍ക്കു കേടുപാടുണ്ടാകുന്നുണ്ട്. ഓടാതിരുന്നു വണ്ടിയുടെ ബാറ്ററി ഡൗണാകും. ഇന്‍ഷുറന്‍സ്, സര്‍വീസ് എന്നിവയ്ക്കുള്ള പണവും കണ്ടെത്തണം. ഡ്രൈവിങ് സ്‌കൂള്‍ തുറന്നാലും അറ്റകുറ്റപ്പണി നടത്താതെ വാഹനം ഉപയോഗിക്കാനാകില്ലെന്നു നടത്തിപ്പുകാര്‍ പറയുന്നു. വായ്പയും മറ്റു തിരിച്ചടവുകളും കൂടിയാകുമ്പോള്‍ പിടിച്ചുനില്‍ക്കാനാകില്ല ഇവര്‍ക്ക്.

ടെസ്റ്റ് ഇല്ലെങ്കില്‍ പണവുമില്ല

തുറക്കാന്‍ അനുമതി ലഭിച്ചാലും ഇവരുടെ പ്രതിസന്ധിക്ക് അയവുവരണമെങ്കില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ നടക്കണം. നൂറുകണക്കിന് അപേക്ഷകളാണു കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തെ അപേക്ഷകര്‍ക്കും ലൈസന്‍സ് ലഭിക്കാനുണ്ട്. ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതി ലഭിക്കണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. 

പഠിതാക്കളെ ടെസ്റ്റിന് ഹാജരാക്കി ലൈസന്‍സ് നേടിക്കൊടുത്താല്‍ മാത്രമേ മുഴുവന്‍ ഫീസും നടത്തിപ്പുകാര്‍ക്കു ലഭിക്കുകയുള്ളൂ. ക്ലാസുകള്‍ പലതും പാതിവഴിയായതിനാല്‍ ഫീസ് കാര്യമായി ലഭിച്ചിട്ടുമില്ല. സ്‌കൂള്‍തുറന്നാല്‍ കോവിഡ് ചട്ടപ്രകാരം കര്‍ശന നിബന്ധനകളോടെയായിരിക്കും ടെസ്റ്റുകള്‍ പുനരാരംഭിക്കുക. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍മാത്രമേ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാനാകൂ.

പഠിതാക്കളും പെട്ടു..

കോവിഡിനെത്തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കാനുള്ള മടികാരണം പലരും സ്വന്തംവാഹനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ അന്വേഷിച്ചെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ലൈസന്‍സ് ഇല്ലാത്തവരാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. 

വണ്ടിയോട്ടം പഠിച്ചാലും ലൈസന്‍സ് കിട്ടില്ല. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 10,000 രൂപയാണു പിഴ. ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്ക് ടെസ്റ്റ് തീയതി ലഭിക്കാത്ത അവസ്ഥയാണ്. ഇതരസംസ്ഥാനത്തു പഠിക്കുന്ന ഒട്ടേറേ വിദ്യാര്‍ഥികളും ജോലിചെയ്യുന്നവരും ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവരും പ്രതിസന്ധിയിലാണ്.

Content Highlights: Covid Second Wave Lockdown; Driving Schools and Training Centers Facing Crisis