രാവിലെ എഴുനേല്ക്കുക, വണ്ടി സ്റ്റാര്‍ട്ടാക്കി ഇടുക, പിന്നെ പതിവുപോലെ തുടച്ച് വൃത്തിയാക്കുക. എങ്ങോട്ടും പോകണ്ടാത്തതിനാല്‍ ഷെഡ് തുറക്കാതെ വണ്ടി ഓഫാക്കി വീട്ടിലിരിക്കുക. ലോക്ഡൗണ്‍ കാലത്ത് ടാക്സി തൊഴിലാളികളുടെ പ്രഭാതം ഇങ്ങനെയാണ്. ലോക്ഡൗണിന് മുമ്പുതന്നെ ഓട്ടം കുറഞ്ഞ് പ്രശ്നങ്ങളിലായ ഈ മേഖല, രാജ്യം തുറന്നുകഴിഞ്ഞും എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ്.
ടാക്സിത്തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ 15,000 പേരാണ് കേരളത്തില്‍. ഇവരെല്ലാം ബാങ്ക് വായ്പയിലാണ് വണ്ടി ഇറക്കുന്നതും. ജനുവരിമുതല്‍തന്നെ മറ്റ് രാജ്യങ്ങളിലെ കൊറോണബാധ കാരണം വിനോദസഞ്ചാരികള്‍ കുറഞ്ഞത് യാത്രകളെ ബാധിച്ചിരുന്നതായി കോട്ടയത്തെ ടാക്സി യൂണിയന് പ്രവര്‍ത്തകന്‍കൂടിയായ ഉണ്ണി മറ്റക്കര പറയുന്നു.
2018ല്‍ ഓണക്കാലത്ത് പ്രളയംമൂലം വലിയതോതില്‍ ബുക്കിങ് നഷ്ടമായി. 2019ലും ഇതുതന്നെയായിരുന്നു സ്ഥിതി. അന്ന് ശബരിമല സീസണും മോശമായിരുന്നു. ഇക്കുറി ശബരിമല സീസണ് നല്ല രീതിയില്‍ പോയതോടെ കടങ്ങള്‍ വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍. ഈ വേനല്‍ക്കാലത്തെ ടൂറിസമായിരുന്നു പിന്നത്തെ പ്രതീക്ഷ. അത് പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് പത്തനംതിട്ട വലഞ്ചുഴി സ്വദേശി രാജേഷ് പറയുന്നു. വിദേശികളുടെ 10 ബുക്കിങ്ങുകളെങ്കിലും നഷ്ടമായി.
സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ഓടുന്നവരും ഓണ്‍ലൈന്‍ ഏജന്‍സികള്‍ക്ക് കീഴില്‍ ജോലിചെയ്യുന്നവരുമായി കാല് ലക്ഷം പേരെങ്കിലും പണിയെടുക്കുന്ന മേഖലയാണിത്. ഓണ്‍ലൈന്‍ മേഖലയില്‍ കൊച്ചിയില്‍ മാത്രം 4,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. വിമാനത്താവളങ്ങളില്‍നിന്നുള്ള സവാരി ജനുവരിക്ക് ശേഷം ലോക്ഡൗണ്‍ തുടങ്ങുന്നതുവരെയുള്ള സമയത്ത് ഗണ്യമായി കുറഞ്ഞിരുന്നു.
ഏജന്‍സികള്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവരില്‍ 90 ശതമാനവും സ്വന്തം വണ്ടി ഓടിക്കുന്നവരാണ്. ബാങ്കുകള്‍ മൊറട്ടോറിയം നല്‍കിയത് താത്കാലിക ആശ്വാസമാണെങ്കിലും ജൂണിന് ശേഷം തവണയും പലിശയും അടയ്ക്കേണ്ടിവരുമ്പോള്‍ എന്തുചെയ്യുമെന്ന ആശങ്ക ബാക്കി. മഴക്കാലം ടാക്സികള്‍ക്ക് മോശം കാലവുമാണ്.
Content Highlights: Corona Lock Down; Tourist Taxi Sector Is Under Crisis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..