ടാറ്റ പഴയ ടാറ്റയേ അല്ല... അങ്ങിനെ എഴുതിത്തള്ളാന്‍ കഴിയാത്ത വിധം വളര്‍ന്നുകഴിഞ്ഞു. കൊടുങ്കാറ്റിനു മുമ്പത്തെ ശാന്തതയായിരുന്നു കുറച്ചുകാലം. പിന്നീട്, കുടത്തിലടച്ച കാറ്റിനെ പതുക്കെ തുറന്നുവിട്ടുതുടങ്ങി. ആദ്യം വന്നു ടിയാഗോ, പിന്നാലെ ഹെക്‌സ, ഒടുവില്‍ നെക്സോണും. അതോടെ കൈയിലുള്ള മരുന്നിനെക്കുറിച്ച് ലോകമറിഞ്ഞു... പുച്ഛിച്ചവരെല്ലാം ആരാധകരായി. അതിന്റെ ബാക്കിയായിരുന്നു നോയ്ഡയില്‍ കണ്ടത്... കാറ്റ് കൊടുങ്കാറ്റാവാന്‍ അധികകാലമെടുക്കില്ലെന്നതിന്റെ സൂചനയായിരുന്നു അത്.

രണ്ടുവര്‍ഷം മുമ്പ് ഓട്ടോ എക്‌സ്പോയില്‍ അവതരിപ്പിച്ച സങ്കല്‍പ്പ എസ്.യു.വി.യായിരുന്നു 'നെക്സോണ്‍' ആയി കഴിഞ്ഞവര്‍ഷം പിറവിയെടുത്തത്. അതുകൊണ്ടു തന്നെ ഈ എക്‌സ്പോയില്‍ അവതരിപ്പിച്ച രണ്ട് കണ്‍സെപ്റ്റുകളും വെറും സാങ്കല്‍പ്പിക ചിത്രങ്ങളല്ലെന്ന് വ്യക്തം.

നോയ്ഡയിലെ എക്‌സ്പോ ഹാളില്‍ രണ്ട് സങ്കല്‍പ്പ വാഹനങ്ങളാണ് ടാറ്റ അവതരിപ്പിച്ചത്. ഒന്ന്  എച്ച് 5 എക്‌സ്, മറ്റൊന്ന് 45 എക്‌സ്. പ്രീമിയം എസ്.യു.വി.യുടെ മുഖമാണ് എച്ച് 5 എക്‌സ്. കുറച്ചുകാലമായി 'ലാന്‍ഡ്റോവറി'ന്റെ അടിത്തറയില്‍ ടാറ്റയുടെ എസ്.യു.വി. വരുന്നുവെന്ന് ഒളിഞ്ഞും തെളിഞ്ഞുമുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനുള്ള ഉത്തരമാണിത്. 'ഒമേഗ' എന്ന ടാറ്റയുടെ പുതിയ ഓപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചറിലാണ് എച്ച് 5 എക്‌സിന്റെ അടിത്തറ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ്‌റോവറാണ്  ഈ സാങ്കേതികത വികസിപ്പിച്ചത്. സുപ്രസിദ്ധമായ ലാന്‍ഡ്‌റോവര്‍ എല്‍. ആര്‍ 4 ചേസിസാണ് ഒമേഗ ആര്‍ക്കിടെക്ചറിന്റെ ജീവിക്കുന്ന തെളിവ്.

Tata H5X

കൂര്‍ത്ത ഹെഡ്ലാമ്പുകളും പരിഷ്‌കരിച്ച ഇംപാക്ട് ഡിസൈന്‍ ഗ്രില്ലും ഇതുവരെ കണ്ട എസ്.യു.വി.കളില്‍ നിന്നും എച്ച് 5 എക്‌സിനെ വേറിട്ടുനിര്‍ത്തുന്നു. ചാരനിറത്തിലാണ് ബമ്പര്‍. ഇതില്‍ കരുത്തേറിയ സ്‌കിഡ്‌പ്ലേറ്റ് കരുത്ത് പ്രകടമാക്കും. തള്ളിനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍ക്ക് താഴെ വലിയ ടയറുകള്‍, ഒഴുകിയിറങ്ങുന്ന റൂഫ്ലൈന്‍, കറുത്ത നിറമണിഞ്ഞ് സി-പില്ലര്‍. പിന്നിലെ കാഴ്ചയ്ക്ക് നെക്‌സോണിനെ ഓര്‍മവരും. മുന്നിലും പിന്നിലുമുള്ള ടാറ്റയുടെ ലോഗോകളാണ് ഇത് ഒരു വിദേശിയല്ലെന്ന് ഓര്‍മപ്പെടുത്തുന്നത്. ഇന്റീരിയറിലും ആഢ്യത്വം പുലര്‍ത്തുന്നതാണ് എച്ച് 5 എക്‌സ്. വിശാലമാണ് അകത്തളം. ലാന്‍ഡ്റോവറിന്റെ  പാരമ്പര്യം ഓര്‍മപ്പെടുത്തുന്നതാണ് ഇന്റീരിയര്‍. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയുമില്ല, പകരം  ഡ്യൂവല്‍ ഫ്‌ളോട്ടിങ് ഡിസ്പ്ലേകളാണ്. കറുപ്പിന്റേയും ക്രോമിന്റേയും അഴകാണ് അകത്തുമുഴുവന്‍. 

അടുത്ത ഞെട്ടിക്കല്‍ പ്രീമിയം ഹാച്ച്ബാക്കില്‍ നിന്നാണ്... 45 എക്‌സ് എന്നാണ് അതിന് ടാറ്റ നല്‍കിയിരിക്കുന്ന ഓമനപ്പേര്. ഭാവിയെ മുന്നില്‍ കണ്ട പ്രകൃതമാണിതിന്. ഇതുവരെ കണ്ട ഹാച്ച്ബാക്കുകളില്‍ നിന്ന് ഏറെ വ്യത്യസ്തം. ഒരുതരത്തിലും ഇന്ത്യന്‍ രൂപമേയില്ല. സങ്കല്‍പ്പവാഹനം യാഥാര്‍ഥ്യത്തിലേക്കെത്തുമ്പോള്‍ മാറ്റം വരുമെങ്കിലും ഇതു തകര്‍ക്കും. ടാറ്റയുടെ ലോഗോ പതിച്ചില്ലെങ്കില്‍ ഇത് വേറെയേതോ അന്യഗ്രഹജീവിയെന്ന് സംശയിച്ചാല്‍ അത്ഭുതമില്ല.

tata 45 X

ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0-ന്റെ വരവാണ് 45 എക്‌സ് എന്ന് ഓര്‍ക്കുക. ആകപ്പാടെ ഒരു ഒഴുക്കാണ്. അധികം കൂര്‍ത്തുമൂര്‍ച്ചയേറിയ ഭാഗങ്ങളൊന്നുമില്ല, പിന്നിലേക്ക് തള്ളി നില്‍ക്കുന്ന പിന്‍ഭാഗമൊഴിച്ച്. 'ലൈറ്റ് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍' എന്നാണ് ടാറ്റ ഇതിനു നല്‍കിയിരിക്കുന്ന പേര്.  എ-പില്ലറില്‍ നിന്ന് തുടങ്ങുന്ന ഷോള്‍ഡര്‍ ലൈന്‍ പിന്‍വശം വരെ നീണ്ടുകിടക്കുന്നു. സ്വര്‍ണവര്‍ണമായിരുന്നു ഈ സാങ്കല്‍പ്പിക രൂപത്തിന്. എ, ബി പില്ലറുകള്‍ക്ക്  നല്‍കിയ കറുത്ത നിറം എടുത്തുകാണാം. അടുത്ത വര്‍ഷം ഇതിന്റെ യഥാര്‍ഥപതിപ്പുമായി ടാറ്റ വിപണിയിലേക്കെത്തുമെന്നാണ് അറിയുന്നത്.

Tata 45X

പെര്‍ഫോമന്‍സ് കാറുകള്‍ എന്നറിയപ്പെടുത്ത പെടപെടയ്ക്കുന്ന കാറുകളുടെ കൂട്ടത്തിലേക്കാണ് ടിയാഗോയും ടിഗോറുമെത്തുന്നത്. പേരില്‍ കുറച്ചു മാറ്റം വരുത്തിയിട്ടുണ്ട്. പേരിന് മുന്നില്‍ ജെ.ടി.പി. എന്നു കൂടി ചേര്‍ത്തു. കോയമ്പത്തൂര്‍  ആസ്ഥാനമായ പെര്‍ഫോമന്‍സ് കാറുകളുടെ സാങ്കേതികവിദ്യ പ്രദാനം ചെയ്യും 'ജെയെം ഓട്ടോ'യുമായി സഹകരിച്ചാണിവ വികസിപ്പിച്ചിരിക്കുന്നത്. 'ജെയെം ടാറ്റാ പെര്‍ഫോമന്‍സ്' എന്നതിന്റെ ചുരുക്കമാണ് 'ജെ.ടി.പി.'

Tiago

നെക്‌സോണ്‍ എസ്.യു.വി.യിലെ  1.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് ത്രീ സിലിന്‍ഡര്‍ എന്‍ജിനാണ് പുതിയ മോഡലുകളുടെ കരുത്ത്. അതേസമയം, മികച്ച പ്രകടനത്തിനു വേണ്ടി ഇന്‍ടേക്കിലും എക്‌സ്ഹോസ്റ്റ് സംവിധാനത്തിലും മാറ്റങ്ങള്‍ വരുത്തി. 109 ബി.എച്ച്.പി. കരുത്തും 150 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍. റോഡിലെ പ്രകടനത്തിന് ലക്ഷ്യമിട്ട് സ്പ്രിങ്ങുകള്‍ താഴ്ത്തിയും ഉയരം കുറച്ചും സസ്‌പെന്‍ഷനില്‍ കമ്പനി കൈവച്ചിട്ടുണ്ട്.

പില്ലറുകളിലും മുകള്‍ഭാഗത്തും കറുപ്പാണ്. സൈഡ് മിററുകള്‍ക്ക് ചുവപ്പിന്റെ തെളിച്ചമാണ്. ബോണറ്റിലുള്ള എയര്‍വെന്റ്, വാഹനത്തെ സ്‌പോര്‍ട്ടിയാക്കുന്നുണ്ട്. സ്‌മോക്ഡ് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളാണ് ജെ.ടി.പി. മോഡലുകള്‍ക്ക്. സാധാരണ മോഡലുകളിലുള്ള 15 ഇഞ്ച് അലോയ് വീലുകളാണ് ജെ.ടി.പി. പതിപ്പുകളിലും ഒരുങ്ങുന്നത്. എന്നാല്‍, അലോയികള്‍ക്ക് ലഭിച്ച 'ഡയമണ്ട് കട്ട്' ഫിനിഷാണ് വ്യത്യസ്തമായുള്ളത്. അകത്ത് കറുപ്പിനാണ് മുന്‍ഗണന. സെന്‍ട്രല്‍ കണ്‍സോളിലെ എ.സി. വെന്റുകള്‍ക്ക് ചുറ്റിലൂടെ ചുവപ്പ് വരയുമുണ്ട്. സീറ്റുകള്‍ക്കും സ്റ്റീയറിങ്ങിനും ലഭിച്ച ലെതര്‍ ഫിനിഷ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് സ്പീക്കര്‍ ഹാര്‍മന്‍ ഓഡിയോ സിസ്റ്റം എന്നിവയും ജെ.ടി.പി. പതിപ്പിന് വേറിട്ട ഭംഗി നല്‍കും. 

nexon AMT

ടാറ്റയുടെ തലവര മാറ്റിവരച്ചത് കുഞ്ഞന്‍ എസ്.യു.വി. നെക്‌സോണ്‍  ആണെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ, ഇപ്പോള്‍ അതിനെ വിട്ട് മറ്റൊരു കളിക്കും കമ്പനി തയ്യാറുമല്ല. 30,000 രൂപയ്ക്കടുത്ത് വില വര്‍ധനയിലായിരിക്കും മാസങ്ങള്‍ക്കുള്ളില്‍ ടാറ്റ നെക്‌സോണിന്റെ എ.എം.ടി. വിപണിയിലെത്തുക. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാവില്ലെന്നാണ് ഓട്ടോ എക്‌സ്പോയില്‍ എത്തിയ എ.എം. ടി. പതിപ്പില്‍നിന്ന് മനസ്സിലാവുന്നത്. പെട്രോളില്‍ 108 ബി. എച്ച്.പി. കരുത്തും 170  എന്‍. എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോര്‍ ചാര്‍ജ്ഡ് എന്‍ജിനും ഡീസലില്‍ 108 ബി. എച്ച്.പി. കരുത്തും 260  എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ്  എന്‍ജിനുമായിരിക്കും ഇവയ്ക്ക്. ആറു സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് തന്നെയായിരിക്കും ഇതിനും. ഇക്കോ, സിറ്റി, സ്‌പോര്‍ട്സ് എന്നീ മോഡുകള്‍ക്ക് പുറമെ, 'ക്രീപ് മോഡും' ഇതില്‍ അധികമായുണ്ടായിരിക്കും. നഗര യാത്രകള്‍ക്ക് ഏറെ സൗകര്യമാണ് ക്രീപ് മോഡ്. ഇതിലിട്ടാല്‍ ബ്രേക്കില്‍ നിന്ന് കാലെടുത്താല്‍ കുറഞ്ഞ വേഗത്തില്‍ വാഹനം മുന്നോട്ടു നീങ്ങും. ഗതാഗതക്കുരുക്കുളില്‍ ഏറെ ഗുണം ചെയ്യുന്നതാണിത്. ഡ്യൂവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഹില്‍ അസിസ്റ്റ് എന്നിവയും എ.എം.ടി. യിലുണ്ടാവും.

എ.എം.ടി.ക്ക് പുറമെ, സൗന്ദര്യവത്കരിച്ച നെക്‌സോണും എയ്റോയും എക്‌സ്പ്പോയിലുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം തന്നെ എയ്റോയും വിപണിയിലെത്തും. വശങ്ങളില്‍ കറുപ്പ് നിറത്തിലുള്ള സ്‌കര്‍ട്ടുകള്‍, ചുവപ്പു നിറത്തിലുള്ള മുന്നിലേയും പിന്നിലേയും ബമ്പറുകള്‍, പിയാനോ ബായ്ക്ക് എന്ന് കമ്പനി പേരു നല്‍കിയ കറുത്ത നിറമുള്ള മുകള്‍വശം... എന്നിങ്ങനെ നിറം കൊണ്ടുള്ള കളിയാണ് പ്രധാനമായും എയ്റോയില്‍ നടത്തിയിട്ടുള്ളത്. ഉള്ളിലെ സെന്‍ട്രല്‍ കണ്‍സോളിലും സ്റ്റിയറിങ്ങിലുമെല്ലാം  ഇത്തരത്തിലുള്ള സൗന്ദര്യവര്‍ധന കാണാം. എന്‍ജിനില്‍ മാറ്റമൊന്നുമില്ല. 

Content Highlights; Concepts And Upcoming Tata Cars