പെട്രോള്‍-ഡീസല്‍ വില ദൈനംദിന ബജറ്റിന് താങ്ങാനാകാത്തവിധം കുതിച്ചപ്പോള്‍ സി.എന്‍.ജി. (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്), ഇലക്ട്രിക് വാഹനങ്ങളോട് കേരളീയര്‍ക്ക് പ്രിയം കൂടി. 2020-നെ അപേക്ഷിച്ച് സംസ്ഥാനത്ത് സി.എന്‍.ജി. വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ ഏതാണ്ട് 20 മടങ്ങ് വര്‍ധനയാണ് ഈവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. ഇലക്ട്രിക് വാഹന രജിസ്ട്രേഷന്‍ അഞ്ചു മടങ്ങ് ഉയര്‍ന്നിട്ടുണ്ട്. 

2020-ല്‍ ആകെ 89 സി.എന്‍.ജി. വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2021 നവംബര്‍ വരെ മൊത്തം 1,782 സി. എന്‍.ജി. വാഹനങ്ങള്‍ സംസ്ഥാനത്തെ വിവിധ ആര്‍.ടി.ഒ. ഓഫീസുകളിലായി രജിസ്റ്റര്‍ ചെയ്തു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലുണ്ടായ വര്‍ധനയാണ് സി.എന്‍.ജി., ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് വേഗം കൂട്ടുന്നതെന്ന് കേരള ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ സെക്രട്ടറി മനോജ് കുറുപ്പ് പറഞ്ഞു. 

ഇതിനു പുറമേ സി. എന്‍.ജി.ക്ക് വില കുറവാണെന്നതും സംസ്ഥാനത്ത് സി.എന്‍.ജി. സ്റ്റേഷനുകളുടെയും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുടെയും എണ്ണത്തിലുണ്ടായ വര്‍ധനയും ആളുകളുടെ താത്പര്യം കൂട്ടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് ചാര്‍ജിങ് സൗകര്യം കൂടുന്നതിനനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്കും ആളുകള്‍ മാറിത്തുടങ്ങും. 

Electric Vehicle

എന്നാല്‍, സി.എന്‍.ജി.യിലേക്കുള്ള മാറ്റം പ്രധാനമായും ഇന്ധനത്തിന്റെ വില അടിസ്ഥാനമാക്കിയായിരിക്കും. നേരത്തെ 50 രൂപയില്‍ താഴെയായിരുന്നു സി.എന്‍.ജി.യുടെ വില. നിലവില്‍ 70 രൂപയ്ക്കടുത്താണ്. ഭാവിയില്‍ സി.എന്‍.ജി., പെട്രോള്‍, ഡീസല്‍ വിലകള്‍ തമ്മില്‍ വലിയ അന്തരമില്ലെങ്കില്‍ നിലവിലെ ട്രെന്‍ഡ് കാണാനാകുമോ എന്നത് സംശയമാണെന്നും മനോജ് കുറുപ്പ് പറയുന്നു.

കൂടുതലും കണ്‍വേര്‍ഷന്‍

പുതിയതിനേക്കാള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്ന വാഹനങ്ങളാണ് ഭൂരിഭാഗവും. ഇതില്‍ത്തന്നെ, കൂടുതലും പെട്രോള്‍ വാഹനങ്ങളാണ് സി.എന്‍.ജി.യിലേക്ക് മാറുന്നത്. ഡീസല്‍ വാഹനങ്ങളില്‍ സി.എന്‍.ജി. കണ്‍വേര്‍ഷന്‍ കുറവാണ്. എങ്കിലും ബസുകളടക്കം ഇപ്പോള്‍ സി.എന്‍.ജി. എന്‍ജിനിലേക്ക് മാറുന്നുണ്ട്. ഇത്തരത്തില്‍ കണ്‍വേര്‍ഷന്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ മാറ്റംവരുത്തുകയും ഇന്‍ഷുറന്‍സ് കവറേജ് പുതുക്കുകയും ചെയ്യണം.

പുതിയ സി.എന്‍.ജി. മോഡല്‍ വാങ്ങുന്നതിനേക്കാള്‍ ആളുകള്‍ക്ക് താത്പര്യം കണ്‍വേര്‍ഷനാണ്. കാരണം, പെട്രോള്‍ വേരിയന്റ് സി.എന്‍.ജി.യിലേക്ക് മാറ്റുന്നതും പുതിയ സി.എന്‍.ജി. വാഹനം വാങ്ങുന്നതും തമ്മില്‍ ആദ്യം പറഞ്ഞതാണ് ലാഭം. കണ്‍വേര്‍ഷന് ഏകദേശം 50,000 രൂപയ്ക്കടുത്താണ് ചെലവ് വരുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ തുടങ്ങിയ കമ്പനികള്‍ നിലവില്‍ സി.എന്‍.ജി. കാറുകള്‍ പുറത്തിറക്കുന്നുണ്ട്. 

KSRTC CNG

ഒട്ടുമിക്ക കമ്പനികളും ഇലക്ട്രിക്കില്‍ പയറ്റിത്തെളിഞ്ഞുകഴിഞ്ഞു. കേരളത്തില്‍ മിക്കയിടങ്ങളിലും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൊഴികെയുള്ള എല്ലാ ജില്ലകളിലും സി.എന്‍.ജി. സ്റ്റേഷനുകളുമുണ്ട്. കേരളത്തില്‍ ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനും (ഐ.ഒ. എ.ജി.പി.എല്‍.) എ.ജി. ആന്‍ഡ് പി.ക്കും മാത്രമാണ് സി.എന്‍.ജി. സ്റ്റേഷനുകളുള്ളത്. 

നിലവില്‍ ഐ.ഒ.എ.ജി.പി.എല്ലിന് 38 സ്റ്റേഷനുകളുണ്ട്. മാര്‍ച്ചോടെ 100 ഔട്ട്ലെറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് എറണാകുളം എ.ജി.എം. അജയ് പിള്ള പറഞ്ഞു. എ.ജി. ആന്‍ഡ് പി.യുടെ രണ്ട് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസംബറോടെ 20 സ്റ്റേഷനുകള്‍ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എ.ജി. ആന്‍ഡ് പി. കേരള റീജണല്‍ ഹെഡ് രഞ്ജിത് രാമകൃഷ്ണന്‍ പറഞ്ഞു.

Content Highlights: CNG-Electric vehicle show high demand due to petrol-diesel price hike, CNG Cars, Electric Vehicle