പ്രകൃതിവാതകമുപയോഗിച്ച് സർവീസ് ആരംഭിച്ച കാടൻകാവിൽ ബസ് | ഫോട്ടോ: മാതൃഭൂമി
ഞായറാഴ്ച 2.10-ന് വടക്കഞ്ചേരി ബസ്സ്റ്റാന്‍ഡില്‍നിന്ന് ഒരു സ്വകാര്യബസ് സര്‍വീസ് ആരംഭിച്ചു. ഇതില്‍ യാത്രക്കാരില്‍നിന്ന് പണംവാങ്ങാന്‍ കണ്ടക്ടറില്ല. പകരം ബസിന്റെ മുന്നിലും പിന്നിലും മധ്യത്തിലുമായി വെച്ചിട്ടുള്ള പെട്ടികളില്‍ യാത്രക്കൂലി നിക്ഷേപിക്കണമെന്ന അനൗണ്‍സ്മെന്റ് ഇടയ്ക്കിടെ കേള്‍ക്കാം. ആളുകളെ നിയന്ത്രിച്ച് കയറ്റാനും ഇറക്കാനും 'കിളി'യുമില്ല. ഓട്ടോമാറ്റിക് ഡോര്‍, ഡ്രൈവര്‍ നിയന്ത്രിക്കും. തീര്‍ന്നില്ല, പ്രത്യേകത. ഈ ബസില്‍ ഡീസലിനുപകരം പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്.
പാലക്കാട് ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ബസ് സര്‍വീസ് ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശ്ശൂര്‍-പാലക്കാട് റൂട്ടില്‍ എ.സി. ബസ് സര്‍വീസ് ആരംഭിച്ച കാടന്‍കാവില്‍ തോമസ് മാത്യു തന്നെയാണ് പുതിയ പരീക്ഷണത്തിനും തുടക്കമിടുന്നത്. കാടന്‍കാവില്‍ എന്നാണ് ബസിന്റെ പേര്. വടക്കഞ്ചേരിയില്നിന്നാരംഭിച്ച് നെല്ലിയാംപാടം, തെന്നിലാപുരം, ഇരട്ടക്കുളം തുടങ്ങിയ ഗ്രാമീണവഴികളിലൂടെ ആലത്തൂര്വരെ പോകുന്നതാണ് സര്‍വീസ്. ഒരുദിവസം ഏഴ് ട്രിപ്പുകളിലായി 270 കിലോമീറ്റര്‍ ഓട്ടം.

തിങ്കളാഴ്ച മുതല്‍ രാവിലെ 6.45-ന് സര്‍വീസ് ആരംഭിച്ച് 7.30-ന് വടക്കഞ്ചേരിയില്‍ അവസാനിക്കും. പ്രകൃതിവാതകമായതിനാല് എന്ജിന് ശബ്ദത്തിന്റെ അസ്വസ്ഥതകളില്ലാതെ യാത്രചെയ്യാം. ബസ്ചാര്‍ജ് പെട്ടിയില്‍ നിക്ഷേപിക്കുന്നതിനുപകരം ഗൂഗിള്‍പേ ചെയ്യാനും സൗകര്യമുണ്ട്. യാത്രക്കാര്‍തന്നെ തുക കണക്കാക്കി നിക്ഷേപിക്കണം. പതിവുയാത്രക്കാരായതിനാല് എല്ലാവര്ക്കും തുക നിശ്ചയമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് തോമസ് മാത്യു പറഞ്ഞു. ഫെയര്‍സ്റ്റേജ് പ്രകാരം നിരക്ക് പ്രദര്‍ശിപ്പിക്കയും ചെയ്യും.
എല്ലാം നിരീക്ഷിക്കുന്നതിനായി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ഒരുലിറ്റര്‍ ഡീസലിന് നാലു കിലോമീറ്റര്‍ മൈലേജാണ് കിട്ടുന്നത്. പ്രകൃതിവാതകത്തിന് ആറുകിലോമീറ്റര്‍ കിട്ടുമെന്നാണ് കണക്കാക്കുന്നത്. ഒരുലിറ്റര്‍ ഡീസലിന് 102 രൂപയും ഒരു കിലോ പ്രകൃതിവാതകത്തിന് 82 രൂപയുമാണ് ഇപ്പോഴത്തെ വില. വാഹനനിര്‍മാതക്കളായ ടാറ്റയാണ് ബസ് ഇറക്കിയത്. ആരെങ്കിലും ബസ്ചാര്‍ജ് പെട്ടിയിലിടാതെ ഇറങ്ങിപ്പോയാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് യാത്രക്കാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നാണ് തോമസ് മാത്യുവിന്റെ മറുപടി.
Content Highlights: CNG Bus service, No conductor and cleaner, single employee bus, private bus, public transport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..