ആക്രി വസ്തുക്കൾ കൊണ്ട് സൗരവ് ഉണ്ടാക്കിയ ബൈക്ക്, നിർമ്മാണത്തിലിരിക്കുന്ന ജീപ്പ്
സ്കൂളിലെ ശാസ്ത്രമേളയില്‍ സൗരവ് ഉണ്ടാക്കിക്കൊണ്ടുവന്ന മോട്ടോര്‍ ബൈക്ക് കണ്ട് കൂട്ടുകാരും അധ്യാപകരും അദ്ഭുതപ്പെട്ടു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുകൂടിയായ പ്രധാനാധ്യാപകന് സി.കെ. ബിജു ശിഷ്യന് കൊണ്ടുവന്ന ബൈക്ക് സ്റ്റാര്‍ട്ടാക്കി, സ്കൂള്‍ വളപ്പില്‍ ഒരു വട്ടം കറങ്ങി. തിരിച്ചിറങ്ങിയ ഉടനെ കൈപിടിച്ചുകുലുക്കി സൗരവിനെ അഭിനന്ദിച്ചു.
നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥി സൗരവ് കെ. സുനില്‍ ആക്രിക്കടയില്‍ നിന്നും മറ്റും ശേഖരിച്ച വസ്തുക്കള്‍ക്കൊണ്ടാണ് ബൈക്കും ജീപ്പും ഉണ്ടാക്കിയത്.
പഠത്തിനും സൗരവ് മിടുക്കനാണെന്ന് പ്രധാനാധ്യാപകന് പറഞ്ഞു. നന്നേ ചെറുപ്പംമുതലേ വാഹനങ്ങളോട് കമ്പമായിരുന്നു. അതില്‍നിന്നാണ് സ്വന്തമായി ഉണ്ടാക്കണമെന്ന ആശയത്തിന് തുടക്കം. വീഡിയോകളും മറ്റും കണ്ട് നിര്‍മാണരീതി വശത്താക്കി. വീടിനടുത്ത ആക്രക്കടകളില്‍ നിന്നാണ് ഹാന്‍ഡിലും ഷീറ്റും നിര്‍മാണ വസ്തുക്കളും ശേഖരിച്ചത്. വാഹനം പൊളിച്ചു വില്ക്കുന്നയിടത്തുനിന്ന് പെട്രോള്‍ ടാങ്ക് വാങ്ങി. ബന്ധു തന്റെ പഴയ ഹോണ്ട ആക്ടീവയുടെ എന്‍ജിനും നല്കി. രണ്ടാഴ്ച കൊണ്ട് ബൈക്ക് ഉണ്ടാക്കി. ചെലവ് 6000 രൂപ.
ആക്രികൊണ്ടുള്ള ജീപ്പിന്റെ പണി ഒട്ടുമുക്കാലും കഴിഞ്ഞു. ഇനി ബോഡി ചെയ്യണം. ഇപ്പോള്‍ ഏതാണ്ട് 36,000 രൂപ ചെലവായി. പത്താംക്ലാസിലായതിനാല്‍ സൗരവ് ജീപ്പുപണി തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇലക്ട്രിക്ക് കാറും ബൈക്കും നിര്‍മിക്കുകയാണ് ഇനി ലക്ഷ്യം. എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞാല്‍ അതിന് തുടക്കമിടും. കഴിഞ്ഞയാഴ്ച മുസിരിസ് ടൂറിസം സൊസൈറ്റിയുടെ ഫെസ്റ്റില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സൊസൈറ്റി പ്രസിഡന്റ് രമേഷ് ഡി. കുറുപ്പും സൗരവിനെ ആദരിച്ചിരുന്നു. വാഹനങ്ങളുടെ വാട്ടര്‍ സര്‍വീസ് സ്റ്റേഷന് നടത്തുന്ന പെരുമ്പടന്ന കണ്ണാത്തുശേരില് സുനില്‍കുമാറിന്റെയും ആശയുടെയും മകനാണ് സൗരവ്. സാരംഗ് സഹോദരനാണ്.
Content Highlights: Class 10 Student Made Motorcycle and jeep From Scrap Items
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..