രുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുട്ടികള്‍ ഓടിക്കുന്നത് തടയാന്‍ ശക്തമായ ബോധവത്കരണം വേണം. അതിനെക്കാള്‍ പ്രാധാന്യത്തോടെ മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്കണം.

കുട്ടിയുടെ ചെറുപ്പംമുതലേ ഡ്രൈവിങ്ങിനെപ്പറ്റി അവബോധം നല്കണം. അതിന് ഏറ്റവുമനുയോജ്യരായവര്‍ മാതാപിതാക്കള്‍ തന്നെയാണ്. അധ്യാപകര്‍ക്കും പോലീസുകാര്‍ക്കുമൊക്കെ കുട്ടിയുടെ സ്വഭാവരൂപവത്കരണത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ പരിമിതിയുണ്ട്.

എന്നാല്‍, മിക്ക കുട്ടികളുടെയും കാര്യത്തില്‍ മാതാപിതാക്കള്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നത് പരമപ്രധാനമായ കാര്യമാണ്. ഇതിനു കാരണം പലതായിരിക്കാം. മിക്കവരുടെയും രക്ഷിതാക്കള്‍ വിദേശത്തായിരിക്കാം. 

കുട്ടി ചെറിയ പ്രായത്തില്‍ത്തന്നെ എന്തുചെയ്യുന്നു, ആരോടെല്ലാം ഇടപഴകുന്നു എന്നൊക്കെ അന്വേഷിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നില്ല. ഇവയൊക്കെയാണ് കുട്ടികള്‍ വഴിതെറ്റിപ്പോകുന്നതിന്റെ പ്രധാന കാരണം.

മക്കള്‍ക്ക് വിലകൂടിയ ഫോണും ബൈക്കും വാങ്ങിനല്കാന്‍ ഒട്ടുമിക്ക രക്ഷിതാക്കളും പണം ചെലവാക്കുന്നുണ്ട്. എന്നാല്‍ ഇവയൊക്കെ എങ്ങനെ അവര്‍ ഉപയോഗിക്കുന്നു എന്നന്വേഷിക്കാന്‍ ആരുംതന്നെ തുനിയുന്നില്ല. രക്ഷിതാക്കള്‍ കാണിക്കുന്ന നിയമലംഘനങ്ങള്‍ കുട്ടികള്‍ അനുകരിക്കുന്നുമുണ്ട്.

ട്രാഫിക് ക്ലബ്ബ് പോലെ സ്‌കൂള്‍തലങ്ങളില്‍ പോലീസുമായി സഹകരിച്ച് നടത്തുന്ന നിരവധി പദ്ധതികളുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി കുട്ടികളെ ബോധവാന്മാരാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുകയും വേണം.

bike

പോലീസിനുമുണ്ട് പരിമിതികള്‍

കുട്ടിഡ്രൈവറെ പിടികൂടാന്‍ പോലീസിനുമുണ്ട് പരിമിതികള്‍. കുട്ടികള്‍ ഓടിക്കുന്ന വാഹനം പിന്തുടര്‍ന്ന് പിടികൂടാന്‍ പോലീസിനാവില്ല. കാരണം പോലീസ് പിന്തുടര്‍ന്നാല്‍ കുട്ടികള്‍ വേഗം കൂട്ടാനും ശ്രദ്ധമാറി അപകടത്തില്‍പ്പെടാനുമുള്ള സാധ്യത വളരെക്കൂടുതലാണ്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ അത് പോലീസിന്റെ തലയിലാവുകയും ചെയ്യും.

കുട്ടികളെ വാഹനം ഓടിക്കുന്നതിനിടയില്‍ പിടികൂടിയാല്‍ ഫൈന്‍ ഈടാക്കി വിടുക മാത്രമേ പോലീസിന് ചെയ്യാനാവൂ. അതോടൊപ്പം രക്ഷിതാവിനെ വിളിച്ച് ഉപദേശിക്കുകയും ചെയ്യാം. എന്നാല്‍ പോലീസിന് ഇപ്പോള്‍ത്തന്നെ ജോലിഭാരം കൂടുതലാണ്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പിറകേ പോയാല്‍ അത് അവരുടെ മറ്റ് ഉത്തരവാദിത്വങ്ങളെ ബാധിക്കാനിടയുണ്ട്.

Content Highlights: Child Driving Need Awareness