കൊക്കുരുമ്മിയും ചിലച്ചും പറന്നും കൂട്ടിലെ വള്ളികളില്‍ ഊഞ്ഞാലാടിയും രസിക്കുന്ന സ്നേഹപ്പക്ഷികള്‍ക്കായി ഓട്ടോറിക്ഷയില്‍ കൂടൊരുക്കുകയാണ് ചിക്കുവെന്ന പക്ഷിസ്‌നേഹി.

വഴിയരുകില്‍ ഉപേക്ഷിച്ച് തുരുമ്പെടുത്ത് നശിക്കുന്ന ഓട്ടോറിക്ഷ കണ്ടപ്പോഴാണ് ചിക്കുവിന്റെ മനസ്സില്‍ പക്ഷികളെ പാര്‍പ്പിക്കാന്‍ പുതിയ കൂടിന്റെ ചിത്രം തെളിഞ്ഞത്. പിന്നെ, താമസിച്ചില്ല, പഴയ വിലയ്ക്ക് വില്‍ക്കുന്നതിനുമുമ്പ് തട്ടയില്‍ നന്ദന ഫാമും ട്രാവല്‍സും നടത്തുന്ന ചിക്കു അത് സ്വന്തമാക്കി.

ഓട്ടോറിക്ഷ അതേപടി നിലനിര്‍ത്തി മേല്‍ക്കൂരയും വലയും തീര്‍ത്താണ് പക്ഷിക്കൂടാക്കിയത്. ഇഴജന്തുക്കളും ഉറുമ്പും കിളികളെ ശല്യപ്പെടുത്താതിരിക്കാന്‍ അല്‍പ്പം ഉയര്‍ത്തി സ്റ്റാന്റിലാണ് ഓട്ടോ വെച്ചിരിക്കുന്നത്.

പൂക്കളും ഇലകളും വരച്ച് കൂടിനെ ഭംഗിയാക്കുന്ന ജോലി നിര്‍വഹിച്ചത് ജയനും ലാലുമാണ്. സ്വിച്ചിട്ടാല്‍ ഓട്ടോയുടെ ലൈറ്റുകളും പ്രകാശിപ്പിക്കാം.

സ്‌നേഹപ്പക്ഷികളെക്കൂടാതെ, യമു, ടര്‍ക്കി, ഗിനി, ഗൂസ്, വര്‍ണക്കോഴി എന്നീ പക്ഷികളും നൃത്തം ചെയ്യുന്ന കുതിരയും മുയലും ഗിനിപ്പന്നിയുമെല്ലാം ചിക്കുവിന്റെ ഫാമിലുണ്ട്. ആഫ്രിക്കന്‍ ലൗബേര്‍ഡ്സും സാധാരണ ലൗബേര്‍ഡ്സും ഇവിടെയുണ്ട്. ഓട്ടോ കൂടാതെ, ഒരുകാറും കിളിക്കൂടാക്കാനുള്ള തയ്യാറെടുപ്പിലാണ് ചിക്കു.

Content Highlights: Chikku Make Bird Nest In Old Auto Rickshaw