ള്‍ട്ടി പര്‍പ്പസ് വാഹന ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാരുതിയുടെ പുതുതലമുറ എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുകയാണ്. മുന്‍തലമുറ എര്‍ട്ടിഗയില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് പുതിയ അതിഥിയെ മാരുതി സുസുക്കി നിരത്തിലെത്തിച്ചത്. 2018 എര്‍ട്ടിഗ പെട്രോളിന് 7.44 ലക്ഷം രൂപ മുതല്‍ 9.95 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.84 ലക്ഷം രൂപ മുതല്‍ 10.90 ലക്ഷം വരെയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. പഴയ എര്‍ട്ടിഗയില്‍ നിന്ന് പുതിയ എര്‍ട്ടിഗയ്ക്കുള്ള പ്രധാന മാറ്റങ്ങള്‍ നോക്കാം... 

പുതിയ പെട്രോള്‍ എന്‍ജിന്‍-പഴയ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം 1.5 ലിറ്റര്‍ K15B എസ്എച്ച്‌വിഎസ് പെട്രോള്‍ എന്‍ജിനാണ് പുതിയ എര്‍ട്ടിഗയിലുള്ളത്. 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. അതേസമയം ഡീസല്‍ എന്‍ജിന്‍ പഴയ പടി തുടരും. 89 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.3 ലിറ്റര്‍ എസ്എച്ച്‌വിഎസ് ഡീസല്‍ എന്‍ജിന്‍. 5 സ്പീഡ് മാനുവലും 4 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍. VXi, ZXi പെട്രോള്‍ പതിപ്പില്‍ മാത്രമേ ഓട്ടോമാറ്റിക് ലഭ്യമാകൂ. 

Ertiga

മൈലേജില്‍ നമ്പര്‍ വണ്‍-എര്‍ട്ടിഗ പെട്രോള്‍ മാനുവലില്‍ 19.34 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 18.69 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ഡീസല്‍ പതിപ്പില്‍ 25.47 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ഇതോടെ ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്ന മോഡലായി മാരുതിയുടെ പുതിയ എര്‍ട്ടിഗ മാറും. 

Ertiga

വലുപ്പം കൂടുതല്‍ - പുതിയ ലൈറ്റ്‌വെയ്റ്റ് ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. പഴയ എര്‍ട്ടിഗയെക്കാള്‍ വലുപ്പം പുതിയതിനുണ്ട്. 4395 എംഎം നീളവും 1735 എംഎം വീതിയും 1690 എംഎം ഉയരവും നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൗണ്ട് ക്ലിയറന്‍സ് 180 എംഎം ആയി കുറച്ചു. വീല്‍ബേസില്‍ മാറ്റമില്ല, 2740 എംഎം തുടരും. 

പുതിയ ഡിസൈന്‍ - പഴയ എര്‍ട്ടിഗയില്‍ നിന്ന് ഏറെ സ്‌പോര്‍ട്ടിയാണ് പുതിയ എര്‍ട്ടിഗ. ഗ്രില്‍ പൂര്‍ണമായും മാറി. ക്രോം ആവരണമുള്ള വലിയ ഗ്രില്‍ വന്നു, വലിയ എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ് ലാമ്പുകളെത്തി. ഒഴുകിയിറങ്ങുന്ന ശൈലിയാണ് മേല്‍ക്കൂരയ്ക്ക്. പുതിയ ഡിസൈനിലുള്ളതാണ്‌ 15 ഇഞ്ച് അലോയ് വീലുകള്‍. വിന്‍ഡ് സ്‌ക്രീനിന്റെ വശങ്ങളില്‍ നിന്ന് തുടങ്ങി എല്‍ ഷേപ്പിലാണ് ടെയ്ല്‍ ലാമ്പുകള്‍. വോള്‍വോ കാറുകളിലേതിന് സമാനമായി ചില്ലിലേക്ക് കയറ്റിയുള്ള ടെയ്ല്‍ ലാമ്പുകള്‍ പുതുമ നല്‍കും. 

കൂടുതല്‍ ഫീച്ചേഴ്‌സ് - ധാരാളം പുതിയ ഫീച്ചേഴ്‌സ് എര്‍ട്ടിഗയിലുണ്ട്. പുതിയ ഡാഷ്‌ബോര്‍ഡില്‍ ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ആകര്‍ഷണം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റി ഇതിലുണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി ഇരട്ട എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്‌സ്, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സംവിധാനങ്ങളും 2018 എര്‍ട്ടിഗയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. 

Ertiga

Content Highlights; Changes In All New Maruti Suzuki Ertiga