ചമ്പക്കര... അരനൂറ്റാണ്ടായി കോട്ടയംകാരുടെ ഹൃദയറൂട്ടിലോടിയ ബസുകള്‍


ആദര്‍ശ് ആനന്ദ്

പഴയ ഒരു ബസ് വാങ്ങി കോട്ടയം-പുതുപ്പള്ളി-കറുകച്ചാല്‍-മണിമല വഴി എരുമേലി റൂട്ടില്‍ ആദ്യ സര്‍വീസ് ആരംഭിച്ചായിരുന്നു തുടക്കം.

പഴയ കളർകോഡിലുള്ള ചമ്പക്കര ബസ് (ഫയൽചിത്രം)

മ്പക്കര എന്നാല്‍ കറുകച്ചാലിനടുത്തുള്ള ഒരു ഗ്രാമമാണ്. പണ്ടേ കളരിക്കും പരമ്പരാഗത ചികിത്സയ്ക്കും പ്രശസ്തി നേടിയ ഇടം. പക്ഷേ, ചമ്പക്കര എന്ന പേര് ഓര്‍ക്കാന്‍ സുഖമുള്ള ഒരു യാത്രാനുഭവത്തിന്റേത് കൂടിയാകുന്നു. യാത്രികര്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരു ബസ് സര്‍വീസിന്റെ പേര്.

ഒരു നാടിന്റെ പേരില്‍ ആരംഭിച്ച് വിവിധ നാടുകളുടെ സ്പന്ദനമായി മാറിയ കോട്ടയം ജില്ലയിലെ ഒരു ബസ് സര്‍വീസാണ് ചമ്പക്കര. പൊതുഗതാഗതത്തിന്റെ പ്രാധാന്യവും ആവശ്യകതയും എത്രമാത്രം വലുതാണെന്ന് ജനങ്ങളെ പഠിപ്പിച്ച സര്‍വീസുകളായിരുന്നു ചമ്പക്കരയുടേത്. എഴുപതുകളുടെ മധ്യത്തോടെ കറുകച്ചാലിന് സമീപം ചമ്പക്കരയെന്ന ഗ്രാമത്തിലെ ലക്ഷ്മിവിഹാറില്‍ ശ്രീകണ്ഠന്‍, ബാലകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍, ശിവരാമന്‍ എന്നീ നാലു സഹോദരങ്ങള്‍ ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു ഈ ബസ് സര്‍വീസ്.പഴയ ഒരു ബസ് വാങ്ങി കോട്ടയം-പുതുപ്പള്ളി-കറുകച്ചാല്‍-മണിമല വഴി എരുമേലി റൂട്ടില്‍ ആദ്യ സര്‍വീസ് ആരംഭിച്ചായിരുന്നു തുടക്കം. നാട്ടുകാര്‍ക്കായി ആരംഭിച്ച പ്രസ്ഥാനമായതിനാല്‍ നാടിന്റെ പേര് തന്നെ നല്‍കി. പിന്നീട് ചമ്പക്കര മോട്ടോഴ്സിന്റെ സുവര്‍ണകാലമായിരുന്നു. പൊതുഗതാഗത സൗകര്യങ്ങളില്ലാത്ത കോട്ടയം, പത്തനംതിട്ട ജില്ലകളുടെ ഉള്‍പ്രദേശങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ഓടിക്കൊണ്ടേയിരുന്നു.

ചമ്പക്കരയിലാണ് നാട് സമയത്തെ അടയാളപ്പെടുത്തിയത്. എട്ടരയുടെ ചമ്പക്കര, 12-ന്റെ ചമ്പക്കര എന്നൊക്കെ. പുതിയ മോഡലുകള്‍ വന്ന കാലത്ത് ഹേറോഡൈന്‍ ചമ്പക്കര, വശത്ത് ഗ്ലാസിട്ട ചമ്പക്കര, ബോക്‌സും പാട്ടുമുള്ള ചമ്പക്കര എന്നിങ്ങനെ ജനം സ്‌നേഹിച്ചു. കോട്ടയത്തുനിന്ന് മണിമല, റാന്നി, എരുമേലി, പത്തനംതിട്ട, ആങ്ങമൂഴി, ആനപ്പാറ, പെരുനാട്, സീതത്തോട്, കോഴഞ്ചേരി, പന്തളം, കായംകുളം തുടങ്ങി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം ചമ്പക്കര എത്തിത്തുടങ്ങി.

പത്തനംതിട്ട ജില്ലയിലെ പല ഉള്‍പ്രദേശങ്ങളിലേക്കും ആദ്യമായി കടന്നുചെന്ന ബസുകള്‍ ചമ്പക്കരയുടേതായിരുന്നു. കോട്ടയത്തുനിന്ന് സമീപ ജില്ലകളിലേക്ക് പോകാന്‍ തയ്യാറായി നിരവധി ചമ്പക്കര ബസുകള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ നിരന്നുകിടക്കുന്നത് വലിയ കാഴ്ചയായിരുന്നു. ഷാസി വാങ്ങി സ്വന്തം വര്‍ക്ക്ഷോപ്പില്‍ തന്നെയാണ് ചമ്പക്കര ബസുകള്‍ നിര്‍മിച്ചിരുന്നത്. നീലയും ചന്ദന നിറവും ചേര്‍ന്ന ഒരു കളര്‍കോഡിലായിരുന്നു ബസുകള്‍. ഒന്നില്‍നിന്ന് ആരംഭിച്ച പ്രസ്ഥാനം 33 ബസുകളിലേക്ക് വളര്‍ന്നു.

കോട്ടയത്തും പത്തനംതിട്ടയ്ക്കുമെല്ലാം പോകാന്‍ ചമ്പക്കരതന്നെ വേണമെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. മഴയായാലും മഞ്ഞായാലും ചമ്പക്കര വരുമെന്ന് യാത്രക്കാര്‍ക്ക് നല്ല ഉറപ്പായിരുന്നു. ബസുകള്‍ക്ക് തകരാറുണ്ടായാല്‍ പകരം ഗാരേജില്‍ റിസര്‍വ് ബസുകള്‍ സജ്ജമായിരുന്നു. പുലര്‍ച്ചെ നാലരമുതല്‍ രാത്രി 10 വരെ ബസുകള്‍ റൂട്ടിലുണ്ടാകും. അവധി ദിവസമായാലും യാത്രക്കാരില്ലെങ്കിലും സര്‍വീസ് കൃത്യമായി നടത്തും. അത് നിര്‍ബന്ധമായിരുന്നു.

സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധികള്‍ ചമ്പക്കരയെയും ബാധിച്ചു. റൂട്ടുകള്‍ പലതും മറ്റുള്ളവര്‍ക്ക് കൈമാറി. ബസുകളുടെ എണ്ണം കുറഞ്ഞു. ചമ്പക്കരയുടെ ബസ് വാങ്ങിയവര്‍പോലും പഴയ കളര്‍കോഡ് മാറ്റാതെ സര്‍വീസുകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ഏതാനും ബസുകള്‍ മാത്രമാണ് കമ്പനി നിലനിര്‍ത്തുന്നത്.

Content Highlights: Chambakkara, 50 year old private bus service, Chambakkara private bus service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented