പ്രതീകാത്മക ചിത്രം | Photo: Twitter| MORTHIndia
കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും മുന്നിലും പിന്നിലും ക്രാഷ് ഗാര്‍ഡ്/ ബുള്‍ ബാറുകള്‍ ഘടിപ്പിക്കുന്നതിന് 2017-ല്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. വാഹനം വാങ്ങുമ്പോള്‍ നല്‍കിയിട്ടുള്ളത് അല്ലാതെ മറ്റ് ക്രാഷ് ഗാര്‍ഡുകളോ ബുള്‍ ബാറുകളോ നല്‍കുന്നത് തടയാനാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് 5000 രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മോട്ടോര്‍ വാഹന നിയമം 182A (4) വകുപ്പ് പ്രകാരം ഇത്തരം വാഹനങ്ങള്‍ക്കെതിരേ കേസെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ആളുകളുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് ക്രാഷ് ഗാര്‍ഡുകള്‍ എന്നാണ് വിലയിരുത്തലുകള്‍. ഇത് പരഗണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
ക്രാഷ് ഗാര്‍ഡ് വാഹനങ്ങളുടെ രക്ഷകനല്ല, മറിച്ച് അപകടകാരിയാണ്. കാര്‍ബണ്‍ റീഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് എന്ന കോംബൗണ്ട് ഉപയോഗിച്ചാണ് എല്ലാ വാഹനങ്ങളുടെയും മുന്‍ഭാഗവും പിന്‍ഭാഗവും നിര്‍മിച്ചിരിക്കുന്നത്. കാറുകളുടെ എന്ജിന് റൂം വരുന്ന ഭാഗം ക്രംബിള്‍ സോണ്‍ എന്നാണ് അറിയപ്പെടുന്നത്. വാഹനത്തിന്റെ മുന്‍ഭാഗത്തുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനില്‍ എത്താതെ ആ മേഖലയില്‍ അവസാനിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
എന്നാല്‍, മുന്നില്‍ ക്രാഷ് ഗാര്‍ഡ്, ബുള്‍ ബാര്‍ തുടങ്ങിയവ നല്‍കുന്നതോടെ മുന്‍വശം കൂടുതല്‍ ദൃഢമാകും. കാരണം, ബുള്‍ ബാര്‍, ക്രാഷ് ഗാര്‍ഡ് മുതലായവ വാഹത്തിന്റെ ഷാസിലിലാണ് ഉറപ്പിക്കുന്നത്. അതുകൊണ്ട് വാഹനത്തിലുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനിലെത്തും. ഇത് കൂടാതെ ബുള്‍ ബാര്‍ ഒടിഞ്ഞ് ഡ്രൈവര്‍ ക്യാബിനിലെത്താനും ഇടയുണ്ട്. ഇത് പരിഗണിച്ചാണ് വാഹനങ്ങളില്‍ ഇത് നിരോധിച്ചിട്ടുള്ളത്.
മുന്‍വശത്ത് മാത്രമല്ല വാഹനങ്ങളുടെ പിന്നിലും ക്രംബിള്‍ സോണ്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ബമ്പറിലുണ്ടാകുന്ന പോറലും മറ്റും ഒഴിവാക്കുന്നതിനായി പിന്നിലും ക്രാഷ് ഗാര്‍ഡും ബുള്‍ബാറുകളും നല്‍കുന്നുണ്ട്. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടും. ബുള്‍ബാര്‍ ഘടിപ്പിച്ച വാഹനം ഇടിച്ചാല്‍ കാല്‍നട യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന പരിക്ക് മാരകമായിരിക്കും. ബുള്‍ബാര്‍ ഇല്ലാതെയുള്ള ഇടിയുടെ ആഘാതത്തിന്റെ ഇരട്ടിയായിരിക്കും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാക്കുന്നത്.
Content Highlights: Central Government Give Waring For Crash Guard Fitted Vehicle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..