-
കൊറോണയ്ക്കെതിരെ സാമൂഹിക അകലം പാലിക്കുമ്പോഴും ദിവസങ്ങളും ആഴ്ചകളുമായി വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സന്തത സഹചാരിയായ വാഹനങ്ങളെ ആരും മറക്കണ്ട. ആഴ്ചയിലൊരിക്കലെങ്കിലും അവയോട് അടുപ്പം കൂടിയില്ലെങ്കില്‍ ഒരുകാര്യം ഉറപ്പാണ്. അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ചെന്നാല്‍ അവ പിണങ്ങിയിരിക്കും.
ആളനക്കമില്ലെങ്കില് പലപ്പോഴും എലി കയറി താമസം തുടങ്ങുന്നതും വാഹനത്തില്‍ വൈറസിനെ തോല്‍പ്പിക്കുന്ന ആക്രമണം നടത്തുന്നതും പതിവാണ്. ഓടാത്ത വാഹനങ്ങളുടെ ബാറ്ററി കേടാകുന്നതും ചക്രം അനങ്ങാതിരിക്കുന്നതും സ്ഥിരം പ്രശ്നങ്ങളാണ്. ഏത് സമയത്തും വാഹനം ആവശ്യമായി വന്നേക്കാവുന്ന ദിവസങ്ങളാണ് മുന്നിലുള്ളതെന്നത് ആരും മറക്കേണ്ട. അത്യാവശ്യ സമയത്ത്് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ മതി.
വിളക്കുകള്‍ ഓഫാക്കുക: വാഹനത്തിന്റെ എല്ലാ വിളക്കുകളും(ഹെഡ്ലൈറ്റും ഉള്ളിലെ വിളക്കുകളും) ഓഫാക്കിയെന്ന് ഉറപ്പാക്കുക. അറിയുന്നവരാണെങ്കില്‍ ബാറ്ററിയുടെ നെഗറ്റീവ് ടെര്‍മിനല്‍ ഊരിവെക്കുക. ആഴ്ചയില്‍ ഒരിക്കല്‍ വാഹനം സ്റ്റാര്‍ട്ടാക്കുക. അഞ്ച് മിനുട്ടുനേരം പ്രവര്‍ത്തിപ്പിക്കുക. ബാറ്ററിയുടെ ചാര്‍ജ് നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
വെറുതേയല്ല വൈപ്പര്‍ :വാഹനം ദിവസങ്ങളോളം നിര്‍ത്തിയിടുമ്പോള്‍ വൈപ്പര്‍ ചില്ലില്‍ നിന്ന് ഉയര്‍ത്തി വെക്കണം. വൈപ്പര്‍ ബ്ലേഡുകളുടെ ആയുസ് കൂട്ടാന്‍ ഇത് ഉപകരിക്കും.
തടയാം തീപ്പിടിത്തം :വാഹനത്തിനുള്ളില്‍ വെക്കുന്ന തീപിടിക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും മാറ്റി വെക്കണം. സിഗരറ്റ് ലൈറ്റര്‍, തീപ്പെട്ടികള്‍, സ്പ്രെകള്‍ തുടങ്ങിയവ വാഹനത്തില്‍ നിന്ന് മാറ്റണം.
നിറം മങ്ങാതെ: വാഹനം നിര്‍ത്തിയിടുന്നത് തണലിലാകണം. അല്ലെങ്കില്‍ ബോഡി കവര്‍ ഉപയോഗിച്ച് മൂടണം. നിറം മങ്ങാതിരിക്കാന്‍
എലിശല്യം തടയാം: ഒരു തരത്തിലുള്ള ഭക്ഷ്യവസ്തുക്കളും വാഹനത്തിനുള്ളില്‍ സൂക്ഷിക്കരുത്. എ.സി.റീസര്‍ക്കുലേഷന്‍ മോഡില്‍ വെക്കുക. ജനല്‍ ചില്ലുകള്‍ മുഴുവന്‍ അടച്ചെന്ന് ഉറപ്പാക്കുക.
കുളിരുകാക്കാന്: വാഹനത്തിനുള്ളില്‍ ഇരുന്ന് എന്ജിന് പ്രവര്‍ത്തിപ്പിച്ച് ജനല്‍ ചില്ലുകള്‍ തഴ്ത്തി എ.സി.പ്രവര്‍ത്തിപ്പിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് വാഹനത്തിനുള്ളിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും.
ചക്രം തിരിയാന്‍: ആഴ്ചയില്‍ ഒരിക്കല്‍ വാഹനം പ്രവര്‍ത്തിപ്പിച്ച് പാര്‍ക്കിങ് ബ്രേക്ക് മാറ്റി മുന്നോട്ടും പിന്നോട്ടും ഓടിക്കണം. ചക്രത്തിന്റെ നേരത്തേ നിര്‍ത്തിയിട്ട ഭാഗമല്ല വീണ്ടും മണ്ണില്‍ കൊള്ളുന്നതെന്ന് ഉറപ്പിക്കണം. ഇങ്ങനെ ചെയ്താല്‍ ചക്രം പതിയുന്നത് ഒഴിവാക്കാം. ബ്രേക്ക് ഡിസ്കിന്റെ പ്രതലത്തില്‍ തുരുമ്പിക്കുന്നതും ഒഴിവാകും.
യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍: ഒരു പാട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ വാഹനത്തിന്റെ എല്ലാ വാതിലുകളും ഡിക്കിയും 15 മിനുട്ട് നേരത്തേക്ക് തുറന്നിടുക. ബോണറ്റ് തുറന്ന് എന്തെങ്കിലും അസാധാരണമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കുക. അറിയുന്നവര്‍ക്ക് ഓയില്‍ ലെവല്‍ പരിശോധിക്കാം. കൂളന്റ് നോക്കാം. വാഹനത്തിന് ചുറ്റും അടിഭാഗവും പരിശോധിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..