ലോകമറിയുന്ന 'കാര്‍ ആന്‍ഡ് കണ്‍ട്രി' ഷോയിൽ ഇനി കേരളവും; അമരക്കാരായി രണ്ട് മലയാളികൾ


By സിറാജ് കാസിം

2 min read
Read later
Print
Share

പോര്‍ഷെയുടെ 72 ലക്ഷം വില വരുന്ന കാര്‍ വാങ്ങിക്കൊണ്ടാണ് ഇരുവരും സൂപ്പര്‍ കാര്‍ ലോകത്തേക്ക് കടന്നുവരുന്നത്.

ദീപക് നരേന്ദ്രനും ആഷിഖ് താഹിറും

യാത്ര തുടങ്ങാന്‍ ഫസ്റ്റ് ഗിയര്‍ ഇട്ടത് നമ്മുടെ നെടുമ്പാശ്ശേരിയില്‍. പിന്നെ ഗിയറുകള്‍ മാറ്റി ആലപ്പുഴയിലേക്കും വയനാട്ടിലേക്കും പോകുന്ന സഞ്ചാരം ടോപ് ഗിയറിലെത്തുന്നത് ഇറ്റലിയിലും ഇംഗ്ലണ്ടിലും സൗദി അറേബ്യയിലുമൊക്കെയാണ്. യു.കെ.യിലെ ലോകപ്രശസ്ത സാഹസിക യാത്രാ ഷോ ആയ 'കാര്‍ ആന്‍ഡ് കണ്‍ട്രി'യുടെ ഷൂട്ടിങ്ങിന് ആദ്യമായി കേരളം വേദിയൊരുക്കുമ്പോള്‍ അഭിമാനത്തോടെ അതിന്റെ അമരത്തുള്ളത് രണ്ട് മലയാളികളാണ്, കൊച്ചിക്കാരന്‍ ദീപക് നരേന്ദ്രനും കോഴിക്കോട്ടുകാരന്‍ ആഷിഖ് താഹിറും. യൂറോപ്പ് നെഞ്ചേറ്റിയ സാഹസിക യാത്രാ ഷോയുടെ അമരക്കാരായി ദീപക്കും ആഷിഖും എത്തുന്നത് വാഹനങ്ങളോടുള്ള പ്രണയത്തിലൂടെയാണ്. മലയാളികള്‍ക്കും സൂപ്പര്‍ കാറുകള്‍ വാങ്ങാമെന്നും നമ്മുടെ നിരത്തുകളില്‍ ഓടിക്കാമെന്നും തെളിയിച്ചാണ് ദീപക്കും ആഷിഖും കാര്‍ ആന്‍ഡ് കണ്‍ട്രി ഷോയിലെത്തുന്നത്.

മണിപ്പാലില്‍ ഒരു വാഹനക്കാലത്ത്

മണിപ്പാലില്‍ പഠിക്കുന്ന സമയത്താണ് ദീപക്കും ആഷിഖും വാഹന പ്രണയത്തിലൂടെ അടുത്ത കൂട്ടുകാരാകുന്നത്. ''ഞാന്‍ മണിപ്പാലില്‍ മെഡിക്കല്‍ കോളേജിലായിരുന്നപ്പോള്‍ എന്‍ജിനീയറിങ്ങായിരുന്നു ആഷിഖിന്റെ വിഷയം. ആഷിഖ് എന്റെ ജൂനിയറായിരുന്നു. പക്ഷേ, വാഹനങ്ങളുടെ പ്രണയത്തില്‍ ഞങ്ങള്‍ രണ്ടാളും ഒരേ തൂവല്‍പക്ഷികളായിരുന്നു. ക്ലാസ് കഴിഞ്ഞുള്ള സമയത്തെല്ലാം ഞങ്ങള്‍ സംസാരിച്ചിരുന്നത് വാഹനങ്ങളെക്കുറിച്ചായിരുന്നു.

പുതിയ വാഹനങ്ങള്‍ പരിചയപ്പെടുന്നതും വാഹനങ്ങളുടെ മോഡിഫിക്കേഷനുമൊക്കെയായിരുന്നു ഞങ്ങളുടെ വിഷയങ്ങള്‍. കാര്‍ ആന്‍ഡ് കണ്‍ട്രി ഷോയ്ക്ക് ഞാന്‍ 2014-ലാണ് തുടക്കമിട്ടത്. ആഷിഖും എനിക്കൊപ്പം കൂടിയതോടെ ഈ ഷോ കൂടുതല്‍ എപ്പിസോഡുകളിലേക്ക് വളര്‍ന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡഡ് സ്റ്റുഡിയോസ്, സെര്‍ച്ച്ലെറ്റ് പ്രൊഡക്ഷന്‍സ് എന്നീ പ്രൊഡക്ഷന്‍ ഹൗസുകളാണ് കാര്‍ ആന്‍ഡ് കണ്‍ട്രി ഷോയുടെ ചിത്രീകരണത്തിന്റെ ചുമതലക്കാര്‍'' - ദീപക് സ്വപ്നസഞ്ചാരത്തിന്റെ തുടക്കക്കഥ പറഞ്ഞു.

കേരളത്തിന്റെ ഭംഗിയില്‍

പ്രൊഫഷണല്‍ റേസിങ് കാര്‍ ഡ്രൈവറും മുന്‍ എഫ്-വണ്‍ ലോക ചാമ്പ്യന്‍ ജെയിംസ് ഹണ്ടിന്റെ മകനുമായ ഫ്രെഡ്ഡി ഹണ്ടുമൊത്താണ് ദീപക്കും ആഷിഖും കേരളത്തിന്റെ ഭംഗികളിലേക്ക് കാറോടിക്കാനെത്തിയത്. ''മനം മയക്കുന്ന യൂറോപ്യന്‍ ഭൂപ്രകൃതിയും ഗ്രാമീണ ഭംഗികളും സംസ്‌കാരവും ഭക്ഷണവുമൊക്കെയാണ് ഇതുവരെയുള്ള സൂപ്പര്‍ കാര്‍ യാത്രകളിലൂടെ ഞങ്ങള്‍ പങ്കുവെച്ചത്. പുതിയ എപ്പിസോഡുകളില്‍ ഷോ തുടങ്ങുമ്പോള്‍ അതില്‍ കേരളം വേണമെന്നു പറഞ്ഞത് ഫ്രെഡ്ഡിയാണ്. ഇതിന്റെ അമരക്കാരായ നിങ്ങളുടെ നാട് എവിടെയാണോ, അവിടെ നിന്നാകണം ഷോയുടെ യാത്ര തുടങ്ങേണ്ടതെന്നായിരുന്നു ഫ്രെഡ്ഡിയും സംഘവും പറഞ്ഞത്. അങ്ങനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഷോ തുടങ്ങിയത്.

കേരള വിനോദസഞ്ചാര വകുപ്പിന്റെ സഹകരണവും ലഭിച്ചതോടെ തുടക്കം നന്നായി. ആലപ്പുഴയും വയനാടും ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആവോളം പകര്‍ത്തിയാണ് കാര്‍ ആന്‍ഡ് കണ്‍ട്രിയുടെ ഷോ മുന്നേറുന്നത്. കേരളം കഴിഞ്ഞാല്‍ ഇറ്റലിയിലേക്കാണ് ഞങ്ങളുടെ യാത്ര. പിന്നീട് ഇംഗ്ലണ്ടിലും അവിടെ നിന്ന് സൗദി അറേബ്യയിലേക്കും യാത്ര നീളും. നേരത്തേ ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലും ഷോ ഷൂട്ട് ചെയ്തിരുന്നു'' - ആഷിഖ് പറഞ്ഞു.

കേരളവും സൂപ്പറാകും

തൃപ്പൂണിത്തുറ സ്വദേശിയായ ദീപക് ഇപ്പോള്‍ യു.കെ.യിലാണ് കൂടുതലും താമസിക്കുന്നത്. ബ്രിട്ടീഷുകാരിയായ ഭാര്യയും രണ്ട് മക്കളും മാഞ്ചസ്റ്ററില്‍ താമസിക്കുന്നു. കോഴിക്കോട് ചാലപ്പുറം സ്വദേശിയായ ആഷിഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

പോര്‍ഷെയുടെ 72 ലക്ഷം വില വരുന്ന കാര്‍ വാങ്ങിക്കൊണ്ടാണ് ഇരുവരും സൂപ്പര്‍ കാര്‍ ലോകത്തേക്ക് കടന്നുവരുന്നത്. ''പോര്‍ഷേ, ബി.എം.ഡബ്ല്യു., മെഴ്സിഡസ് തുടങ്ങി പല കമ്പനികളുടെ സൂപ്പര്‍ കാറുകളും കേരളത്തില്‍ തന്നെ നമുക്ക് ഇപ്പോള്‍ മെയിന്റനന്‍സ് ചെയ്യാനാകും. എന്നാല്‍ ലംബോര്‍ഗിനി, ഫെറാറി തുടങ്ങിയവയ്ക്ക് ഇവിടെ ഡീലര്‍മാര്‍ ഇല്ലാത്തതിനാല്‍ മെയിന്റനന്‍സിന് അല്പം സമയം കൂടുതലെടുത്തേക്കാം. സാധാരണ പെട്രോള്‍ അടിച്ച് തന്നെ സൂപ്പര്‍ കാറുകള്‍ ഓടിക്കാം.

പരിപാലന ചെലവ് കൂടുതലാണെങ്കിലും അതില്‍ താത്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം മറ്റ് ചില സാധ്യതകളുണ്ട്. വാറന്റി എക്‌സ്റ്റെന്‍ഷന്‍ പോലുള്ള ചില സ്‌കീമുകളിലൂടെ സൂപ്പര്‍ കാറുകളുടെ വാറന്റി ആയുസ്സ് നമുക്ക് നീട്ടിയെടുക്കാം. 15 വര്‍ഷം വരെ ഇങ്ങനെ വാറന്റി കൊടുക്കുന്ന കമ്പനികളുണ്ട്. കേരളത്തില്‍ പുതുതലമുറയിലെ പലരും സൂപ്പര്‍ കാര്‍ രംഗത്തേക്ക് കടന്നുവരുന്നത് ആവേശകരമാണ്'' - സൂപ്പര്‍ കാറിനരികില്‍നിന്ന് ദീപക് പറയുമ്പോള്‍ ആഷിഖ് കൈകൊണ്ട് വിക്ടറി ചിഹ്നം കാണിച്ചു.

Content Highlights: Car and country travel program, Super friends Deepak Narendra and Ashiq Tahir

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
electric car
Premium

4 min

പുകയിൽനിന്ന് പച്ചപ്പിലേയ്ക്കൊരു ഇ-ടേൺ; വേഗം കൈവരിച്ച് റാേഡിലെ ഹരിത വിപ്ലവം

Jun 5, 2023


KSRTC Bus

2 min

റൂമുകളായും കടയായും ബസുകളുടെ വേഷപകര്‍ച്ച; ടിക്കറ്റിന് പുറമെ, KSRTC നേടിയത് 128 കോടി രൂപ

Dec 12, 2022


KSRTC

2 min

മാനന്തവാടി-കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് അഥവാ കോവൈ കിങ്

Mar 13, 2020

Most Commented