വീട് എന്ന ആവശ്യം കഴിഞ്ഞാല്‍ എല്ലാവരും പ്രധാന്യം നല്‍കുന്ന ഒന്നാണ് ഒരു വാഹനം അല്ലെങ്കില്‍ കാര്‍. വാഹനം വാങ്ങുന്നതിനായി കൂടുതല്‍ ആളുകള്‍ ഉത്സവ സീസണുകള്‍ക്കായി കാത്തിരിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഉപയോക്തക്കള്‍ക്ക് ലഭ്യമാകുന്ന മറ്റൊരു ഉത്സവകാലമാണ് വര്‍ഷാവസാനം. നിരവധി ഓഫറുകളാണ് ഈ കാലയളിവില്‍ ഡീലര്‍മാര്‍ ഒരുക്കുന്നത്. 

വര്‍ഷാവസാനത്തെ വില്‍പ്പന ഒരുപരിധി വരെ ഉപയോക്താക്കളെ പോലെ ഡീലര്‍മാര്‍ക്കും പ്രധാനമാണ്‌. വില്‍പ്പനയില്‍ ഡീലര്‍മാര്‍ക്ക് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന ടാര്‍ജെറ്റ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പുതിയ വര്‍ഷത്തിലേക്കുള്ള സ്റ്റോക്കുകള്‍ തടസ്സമില്ലാതെ ഡീലര്‍ഷിപ്പുകള്‍ക്ക് ലഭ്യമാകൂ.  

വര്‍ഷാവസാനമുള്ള വില്‍പ്പനകള്‍ക്ക് മോഡലിന്റെ വിലയുടെയും മറ്റും അടിസ്ഥാനത്തില്‍ ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ വില കുറവാണ് ഡീലര്‍മാര്‍ ഒരുക്കുന്നത്. വില്‍പ്പനയില്‍ അല്‍പ്പം പിന്നില്‍ നില്‍ക്കുന്ന മോഡലുകള്‍ക്ക് സ്വപ്‌ന തുല്യമായ ആനുകൂല്യങ്ങളാണ്‌ കമ്പനികള്‍ ഒരുക്കാറുള്ളത്. 

വില കുറവിന് പുറമെ, സൗജന്യ ഇന്‍ഷുറന്‍സ്, അധിക വാറന്റി, സൗജന്യ സര്‍വീസുകള്‍, സ്‌പെഷ്യല്‍ എഡീഷന്‍ പക്കേജുകള്‍ എന്നിങ്ങനെ വിപുലമായ ആനുകൂല്യങ്ങളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ഇതിന് പുറമെ, കുറഞ്ഞ വിലയില്‍ വാഹനത്തിനാവശ്യമായ പല ആക്‌സസറീസും ലഭ്യമാകാറുണ്ട്.

2019-ല്‍ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും വാഹനവില ഒരു ശതമാനം മുതല്‍ നാല് ശതമാനം വരെ ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉദ്ദാഹരണത്തിന് ഈ വര്‍ഷം അഞ്ച് ലക്ഷം രൂപ വിലയുള്ള വാഹനത്തിന് അടുത്ത വര്‍ഷമാകുമ്പോഴേക്കും 5.2 ലക്ഷം രൂപ വിലയാകും. ഈ അധിക തുകയും വര്‍ഷാവസാനത്തെ വാങ്ങലിലൂടെ ഒഴിവാക്കാന്‍ സാധിക്കും.

വാങ്ങുന്നതിന് മുമ്പ് വില്‍ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്‌. വില്‍ക്കുമ്പോള്‍ മോഡല്‍ ഒരു വര്‍ഷം കൂട്ടികാണിക്കാന്‍ വേണ്ടി 2019 ജനുവരിയില്‍ വാഹനം എടുത്താലും ആ വാഹനം 2018-ല്‍ നിര്‍മിച്ചതായിരിക്കും. എന്നാല്‍, രജിസ്‌ട്രേഷന്‍ 2019 ആണെന്ന് അവകാശപ്പെടാന്‍ സാധിക്കും.

ഇപ്പോള്‍ കാറുകള്‍ക്ക് ഇന്‍ഷുറന്‍സ് മൂന്ന് വര്‍ഷത്തേക്കാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനായി ഇപ്പോള്‍ നല്ലൊരു തുക ചിലവാകുന്നുണ്ട്. പല മോഡലുകള്‍ക്ക് ഇന്‍ഷുറന്‍സ് ഓഫറുകളും കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട.

വാങ്ങാന്‍ പോകുന്ന വാഹനത്തെ കുറിച്ചും ഇതിലെ ഫീച്ചറുകളെ കുറിച്ചും വ്യക്തമായ ധാരണയോടെ വേണം ഷോറൂമുകളിലെത്താന്‍. ഇതുവഴി മുമ്പ് ഈ വാഹനത്തില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായി ആക്‌സസറികള്‍ ഓഫറായി ചോദിച്ചുവാങ്ങിക്കാനും സാധിച്ചേക്കും.

Content Highlights: Buying a car at the end of the year