ള്‍ക്കാഴ്ചയുടെ തിരിച്ചറിവില്‍ ബസുകളുടെ സമയം വിളിച്ചുപറഞ്ഞ് ജീവിച്ചിരുന്ന അന്ധനായ മണിച്ചേട്ടന്‍ ഇനിയില്ല. അന്ധതമൂലം സ്വന്തം ജീവിതത്തില്‍ വഴിയറിയാതെ അലഞ്ഞപ്പോഴും വഴിതേടിയെത്തുന്ന യാത്രക്കാര്‍ക്ക് ബസുകളുടെ സമയവും റൂട്ടും കൃത്യമായി പറഞ്ഞുകൊടുക്കുകയും ബസ് വരുമ്പോള്‍ കൃത്യമായി ഏത് ബസാണെന്ന് മനസ്സിലാക്കി ഉറക്കെ വിളിച്ചുപറഞ്ഞ് ആളെ വിളിച്ചുകയറ്റുകയും ചെയ്തിരുന്ന മണിച്ചേട്ടന്‍ 106-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. 

കൈലിമുണ്ടുടുത്ത് ഷര്‍ട്ടുധരിക്കാതെ തോളില്‍ തോര്‍ത്തുമുണ്ടുമിട്ട് വടികൊണ്ട് വഴിയും തേടി കൂനി നടന്നുപോകുന്ന മണിച്ചേട്ടന്‍ ഇനി വരില്ല. കോലഞ്ചേരിയുടെ ഗതാഗത ചരിത്രം കൃത്യമായി അറിയാവുന്ന വ്യക്തിയെയാണ് ഇതോടെ നഷ്ടമായത്. മ്മാനിമറ്റം പാറേക്കാട്ടി കോളനിയില്‍ കൈപ്പറമ്പില്‍ താമസക്കാരനായ മണിച്ചേട്ടന്‍ 1974-ല്‍ കോലഞ്ചേരിയിലെത്തിയതാണ്. 

ഏഴാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ട തിരുവനന്തപുരം കോവളം സ്വദേശിയായ മണി, പല നാടുകള്‍ ചുറ്റിയാണ് കോലഞ്ചേരിയിലെത്തുന്നത്. അന്ന് ആകെ രണ്ട് സ്വകാര്യ ബസുകളാണ് ഉണ്ടായിരുന്നത്. മൂക്കന്‍ തോമസും, കെ.എം.എസും. അന്നൊക്കെ മഞ്ഞിന്റെയും മഴയുടെയും തണുപ്പറിഞ്ഞും വെയിലിന്റെ ചൂടറിഞ്ഞുമാണ് സമയമറിഞ്ഞ് ബസുകള്‍ തിരിച്ചറിഞ്ഞത്.
പിന്നെ, ബസുകളുടെ ഹോണടിയും എന്‍ജിന്റെ ശബ്ദവും അളന്നാണ് മണിച്ചേട്ടന്‍ റൂട്ട് വിളിച്ച് യാത്രക്കാരെ കയറ്റിയിരുന്നത്. 

ഒരിക്കല്‍പ്പോലും വാച്ചുകെട്ടുകയോ മറ്റുള്ളവരോട് ചോദിക്കുകയോ ചെയ്യാതെ കൃത്യമായി ബസ്, സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ത്തന്നെ ബസ് പോകുന്ന വഴി വിളിച്ചുപറയുന്നത് യാത്രക്കാരെ അദ്ഭുതപ്പെടുത്തും. ബസുകളുടെ എണ്ണം കൂടിയപ്പോഴും മണിച്ചേട്ടന് തെറ്റുപറ്റാറില്ല. ആദ്യകാലങ്ങളില്‍ 10 പൈസയായിരുന്നു കൂലി. അതും ബസുകാരുടെ സൗജന്യം. പിന്നീട് അത് ഇരുപത്തഞ്ച് പൈസയും അമ്പതു പൈസയും പിന്നെ ഒരു രൂപയും രണ്ടു രൂപയുമായി.

ആദ്യകാലങ്ങളില്‍ ടൗണില്‍ത്തന്നെ അന്തിയുറങ്ങിയിരുന്ന ഇദ്ദേഹം പിന്നീട് പൂത്തൃക്ക പഞ്ചായത്ത് നല്‍കിയ നാലുസെന്റില്‍ താമസമായി. ബസ് സ്റ്റാന്‍ഡ് തുടങ്ങുന്നതുവരെ ടൗണില്‍ത്തന്നെയായിരുന്നു ജീവിതം. സ്റ്റാന്‍ഡ് തുടങ്ങിയതോടെ മൈക്കില്‍ ബസിന്റെ സമയം വിളിച്ചുപറയാന്‍ തുടങ്ങി. എന്നാലും ബസുകാര്‍ വിളിച്ചുപറയുന്നതിന് കൂലിയായി മണിച്ചേട്ടന് ജീവിക്കാനുള്ള വക നല്‍കുമായിരുന്നു. ഒരുമാസം മുമ്പുവരെ കോലഞ്ചേരി എറണാകുളം ബസ് സ്റ്റാന്‍ഡ് വരെ വന്നുപോകുമായിരുന്ന മണിച്ചേട്ടനെ ബസുകാര്‍ അറിഞ്ഞ് സഹായിക്കുമായിരുന്നു. ആരോരുമില്ലാതെ രണ്ടുകുട്ടികളുമായെത്തിയ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിച്ച ആ വലിയ മനസ്സ് നിശ്ചലമായി.

Content Highlights: Bus Time Announcer Mani From Kolenchery