-
17000 കെ.എസ്.ആര്‍.ടി.സി.യുടെ ചെങ്ങന്നൂര്‍-പമ്പ റൂട്ടില്‍ ഓടുന്ന ഒരു സാധാരണ ബസല്ല. ഈ ബസ് കണ്ടിട്ടുള്ളവരും ഇതില്‍ സ്ഥിരം യാത്രചെയ്തവരും ധാരാളം ഉണ്ടാകാം. ശരാശരി ഒരു ബസിന്റെയുള്ളില്‍ എഴുതിവെച്ചിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്, 'പുകവലി പാടില്ല', 'കൈയും തലയും പുറത്തിടരുത്', 'സ്ത്രീകള്‍ക്ക് മുന്‍ഗണന', 'ടിക്കറ്റില്ലാതെയുള്ള യാത്ര ശിക്ഷാര്‍ഹം', 'ഡോര്‍ പതുക്കെ അടയ്ക്കുക' അങ്ങനെ പോകുന്നു.
എന്നാല്‍, 17000നെ വ്യത്യസ്തമാക്കുന്നത് മറ്റൊരു കാര്യമാണ്. 'ജീവനക്കാര്‍ ശ്രമദാനത്തിലൂടെ നിര്‍മിച്ചത്' എന്ന അറിയിപ്പ് ഈ ബസില്‍ മാത്രമുള്ളത്. ഈ വാചകത്തിന്റെ അര്‍ഥം തേടുമ്പോഴാണ് തൊഴിലാളികളുടെ കൂട്ടായ്മയില്‍ നിര്‍മിച്ചതാണ് ഈ ബസെന്ന് അറിയുന്നത്. നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സി.യെ സഹായിക്കാനായി തൊഴിലാളികളെടുത്ത തീരുമാനമായിരുന്നു സൗജന്യമായി ബസിന്റെ ബോഡി നിര്‍മാണം.
മാവേലിക്കര റീജണല്‍ വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളികളാണ് പ്രതിഫലംപറ്റാതെ ബോഡി നിര്‍മിച്ചത്. 350 തൊഴില്‍ദിനങ്ങള്‍ വേണ്ടിവന്നു ബോഡി നിര്‍മിക്കാന്‍. ഒന്നരലക്ഷം രൂപയുടെ അധ്വാനമാണ് ഇതിന് കണക്കാക്കുന്നത്. നാലുവര്‍ഷം മുന്പ് വിഷുദിനത്തില്‍ ആഘോഷപൂര്‍വമായിരുന്നു ബസ് റോഡിലിറക്കിയത്.
ജീവനക്കാര്‍ ഒരാവശ്യമേ മാനേജ്‌മെന്റിനോട് ഉന്നയിച്ചുള്ളൂ. ഈ ബസ് എന്നും തങ്ങളുടെ സമീപപ്രദേശത്തുതന്നെ സര്‍വീസ് നടത്തണം. അത് അംഗീകരിച്ച് ചെങ്ങന്നൂര്‍ ഡിപ്പോയ്ക്ക് ബസ് നല്‍കി. പമ്പയ്ക്കുള്ള രാവിലത്തെ സ്ഥിരം ഷെഡ്യൂളായി ഈ ബസാണ് അയയ്ക്കുന്നത്. രാവിലെ 6.45ന് പത്തനംതിട്ട വഴി പമ്പയ്ക്ക് പോകും.
അവിടെനിന്ന് 10.30ന് കോട്ടയത്തിനും പിന്നീട് കൊട്ടാരക്കരയ്ക്കും ചില ദിവസങ്ങളില്‍ ആലപ്പുഴയ്ക്കും ഇത് ഓടിക്കൊണ്ടേയിരിക്കുന്നു. ഈ മാതൃകയില്‍ പാപ്പനംകോട്, ആലുവ, എടപ്പാള്‍ എന്നീ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്‌ഷോപ്പുകളിലും തൊഴിലാളികള്‍ സൗജന്യമായി ബസുകളുടെ ബോഡി നിര്‍മിച്ചുനല്‍കി. ബസ് ബോഡി നിര്‍മാണം ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. നേരിട്ട് നടത്തുന്നില്ല. കേന്ദ്ര ഗതാഗതനിയമത്തിലൂന്നി ബോഡി നിര്‍മിച്ച വാഹനങ്ങള്‍ വാങ്ങിക്കുകയാണ് രീതി.
Content Highlights: Bus Number 17000; KSRTC Bus Built By Employees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..