വടകര... വടകര... വടകര...ദാ പോവാണ്... പോവാണ്...വടകര മുത്ത് പോവാണ്...കേറിക്കോളീ... കേറിക്കോളീ...മണിമുത്ത് ഇപ്പം പോവും, പാളയത്തും മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലുമൊക്കെ വരുന്നവര്‍ ഇത് ഒരിക്കലെങ്കിലും കേള്‍ക്കാതെ പോവില്ല. യാത്രക്കാരെ ബസിലേക്ക് ക്ഷണിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ഉപജീവനത്തിന്റെ ശബ്ദമാണിത്. നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന കോഴിക്കോട് ബസ്സ്റ്റാന്‍ഡിന്റെ ഓരോ തുടിപ്പുകളുമറിയുന്നവരാണിവര്‍. പൊരിവെയിലിനെയോ മഴയെയോ കൂസാതെ രാപകല്‍ പണിയെടുക്കുന്നവര്‍.
ബസ് പാസഞ്ചേഴ്സ് ഗൈഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പോവണോ വേണ്ടയോ എന്ന മനസ്സോടെ നില്‍ക്കുന്ന യാത്രക്കാരെ ബസിനകത്ത് കയറ്റി ഇരുത്തുന്നതിലാണ് ഇവരുടെ മിടുക്ക്. യാത്രക്കാരെ വിളിക്കുന്നതിന് ഇവര്‍ക്ക് ഒരു താളമുണ്ട്, സ്‌റ്റൈലുണ്ട്. ഈ താളം ചിലപ്പോഴെങ്കിലും യാത്രക്കാരെ ആസ്വദിപ്പിക്കും.
പാളയത്തും മൊഫ്യൂസില്‍ സ്റ്റാന്‍ഡിലുമായി 54 ബസ് പാസഞ്ചേഴ്‌സ് ഗൈഡുമാരുണ്ട്. ബസ് വന്നുപോകുന്ന സമയങ്ങളിലെല്ലാം യാത്രക്കാര്‍ക്ക് വഴികാട്ടികളായി ഇവര്‍ സ്റ്റാന്‍ഡിലുണ്ടാവും. മുപ്പതും നാല്‍പ്പതും വര്‍ഷമായി ഈ ജോലിചെയ്ത് കുടുംബം പുലര്‍ത്തുന്നവരാണിവര്‍. വളാഞ്ചേരിയിലെ ടി. മുഹമ്മദും കുറ്റിക്കാട്ടൂരിലെ വി.പി. ആലിയും ബാലുശ്ശേരിയിലെ വിനോദും ശശിയും പുരുഷുവുമെല്ലാം വര്‍ഷങ്ങളായി ഇവിടെയുണ്ട്.
പതിനേഴാം വയസ്സില്‍ പാളയത്ത് ജോലിക്കെത്തിയയാളാണ് ചെറുവണ്ണൂര്‍ ശാരദാ മന്ദിരത്തിനടുത്ത പി.ആര്‍. സോമന്‍. ഇപ്പോള്‍ 68 വയസ്സായി. ബസ് പാസഞ്ചേഴ്സ് ഗൈഡ് എന്ന കൂട്ടായ്മയെ നയിക്കുന്നത് സോമന്റെ നേതൃത്വത്തിലാണ്. സി.ഐ.ടി.യു.വിന്റെ പോഷകസംഘടനയായ ഇതിന്റെ പ്രസിഡന്റാണ് സോമന്‍. കൊമ്മേരിയിലെ കെ.പി. കോയ സെക്രട്ടറിയും.
ട്ടൊ... കൊണ്ടോട്ടി...
ട്ടൊ... കൊണ്ടോട്ടി എന്ന് വിളിച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്ന കണ്ണഞ്ചേരിയിലെ ചോയിയേട്ടനാണ് ഈ രംഗത്തെ തങ്ങളുടെ വഴികാട്ടിയെന്ന് സോമന്‍ പറയുന്നു. പാളയം സ്റ്റാന്‍ഡില്‍ വന്നുപോയിരുന്ന പഴയ തലമുറയില്‍പ്പെട്ട യാത്രക്കാര്‍ക്ക് ചോയിയേട്ടനെ നന്നായറിയാം. മുപ്പതുവര്‍ഷംമുമ്പ് 25 പൈസയായിരുന്നു ബസ് വിളിക്കാര്‍ക്ക് കൂലി.
പിന്നെയത് അമ്പത് പൈസയായി, ഒരു രൂപയായി. ഇപ്പോള്‍ പത്തുമുതല്‍ നാല്‍പ്പതുരൂപവരെയായി. മുമ്പ് അവരവര്‍ തന്നെയാണ് കൂലി എടുത്തിരുന്നതെങ്കില്‍ ഇന്ന് ഒന്നിച്ച് കൂട്ടിവെച്ച് വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. മിച്ചംവരുന്നത് ഓണം വിഷുപോലുള്ള അവസരങ്ങളില്‍ പങ്കിട്ടെടുക്കും.
42 ബസ് ബേകളാണ് മൊഫ്യൂസില്‍ സ്റ്റാന്‍ഡിലുള്ളത്. ഇവിടേക്ക് ബസുകളെത്തിയാല്‍ ഗൈഡുമാരും റെഡി. കാക്കി പാന്റ്സും മെറൂണ്‍ ഷര്‍ട്ടുമാണ് യൂണിഫോം. കൈയില്‍ ബസുകളുടെ സമയവിവരപട്ടികയുണ്ടാകും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. രാവിലെ എട്ടുമുതല്‍ ഒന്നരവരെയാണ് ആദ്യ ഷിഫ്റ്റ്. അടുത്തദിവസം രാവിലെ എട്ടുവരെ തുടരുന്ന ഷിഫ്റ്റുകളില്‍ എല്ലാസമയത്തും ആളുണ്ടാകും.
വടകരയില്‍ 25 പേരും താമരശ്ശേരിയില്‍ നാലുപേരും ബാലുശ്ശേരിയില്‍ ഒമ്പതുപേരും ഈ തൊഴില്‍ ചെയ്യുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്ടുമാത്രമാണ് ഗൈഡുമാര്‍ക്ക് സംഘടനാ സംവിധാനമുള്ളത്.
ബസുകള്‍ കുറഞ്ഞത് തിരിച്ചടി
കോഴിക്കോട്ടെ രണ്ട് സ്വകാര്യ ബസ് സ്റ്റാന്‍ഡുകളിലായി 1500-ലധികം ബസുകള്‍ ഓടിയ കാലമുണ്ടായിരുന്നു. ഇന്നത് 600 ലേക്ക് ചുരുങ്ങി. കാസര്‍കോട്, തളിപ്പറമ്പ്, പയ്യന്നൂര്‍, കുട്ടുപുഴ, ഗുരുവായൂര്‍, പാലക്കാട്, തൃശ്ശൂര്‍, കോയമ്പത്തൂര്‍ റൂട്ടുകളില്‍ ഓരോ അഞ്ച് മിനിറ്റിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു.

അന്നുള്ള ബസ് കമ്പനികളില്‍ അധികവും ഇന്നില്ല. ഇന്ന് അരമണിക്കൂര്‍ കൂടുമ്പോള്‍മാത്രമാണ് ഓരോ റൂട്ടിലേക്കും സര്‍വീസ്. ബസ് വ്യവസായം പ്രതിസന്ധി നേരിട്ടപ്പോള്‍ അതിന്റെ തിരിച്ചടി ബസ് വിളിക്കാരെയും ബാധിച്ചു. കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ ജില്ലാന്തര സര്‍വീസുകള്‍ ആരംഭിച്ചതും സ്വകാര്യ ബസുകളുടെ എണ്ണം കുറച്ചു.
എന്നും യാത്രക്കാര്‍ക്കൊപ്പം
എല്ലാദിവസവും ബസ് റൂട്ട് വിളിച്ചുപറഞ്ഞ് സ്ഥലം വിടുന്നവരല്ല ഇവര്‍. യാത്രക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും അവരെ സഹായിച്ചും ഇവര്‍ സ്റ്റാന്‍ഡില്‍ തന്നെയുണ്ടാകും. വഴിതെറ്റിയെത്തുന്ന പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം സഹായികളാകും. യാത്രയ്ക്ക് കാശില്ലാത്തവര്‍, ഭക്ഷണംകഴിക്കാതെ അവശരായവര്‍, രോഗികള്‍, എന്നിവര്‍ക്ക് ആശ്രയമാകും. സ്റ്റാന്‍ഡിനകത്തെ സാമൂഹികവിരുദ്ധശല്യം തടയാന്‍ പോലീസിന്റെയും സഹായികളാകും.
സ്റ്റാന്‍ഡിനകത്തെ വായനശാല
യാത്രക്കാര്‍ക്ക് എല്ലാ പത്രങ്ങളും വായിക്കാനുള്ള സൗകര്യം മൊഫ്യൂസില്‍ സ്റ്റാന്‍ഡിന്റെ വടക്കുകിഴക്കെ മൂലയില്‍ ഇവര്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഇവര്‍ നടത്തുന്ന ഈ സേവനം മാതൃകാപരമാണ്. ദിവസം മുപ്പതുരൂപ ഈ ആവശ്യത്തിനുമാത്രമായി സംഘടന നീക്കിവെക്കുന്നു.
അംഗീകാരമായി തിരിച്ചറിയല്‍ കാര്‍ഡ്
ടി.പി. ദാസന്‍ മേയറായിരിക്കുമ്പോഴാണ് ബസ് പാസഞ്ചേഴ്സ് ഗൈഡ് എന്ന പേരില്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഇതുവലിയ അംഗീകാരമായാണ് കാണുന്നത്. നിരന്തരം വാഹനപുകയടക്കമുള്ള മാലിന്യങ്ങള്‍ ശ്വസിക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്‌നങള്‍ നേരിടേണ്ടിവരുന്നവരാണിവര്‍. ശബ്ദമെടുത്തുള്ള ജോലിയായതിനാല്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വേറെയും. ജോലിയിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ച് ക്ഷേമനിധിയടക്കമുള്ള ആനുകൂല്യങ്ങള്‍ വേണമെന്ന ആവശ്യം ഇവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
പ്രായാധിക്യവും രോഗങ്ങളും കാരണം പിന്‍വാങ്ങിയവര്‍ ഈ കൂട്ടായ്മയിലുണ്ട്. വലിയ മെച്ചമൊന്നുമില്ലെങ്കിലും ഇതൊരു തൊഴിലായും അതിലുപരി സേവനമായും കണ്ട് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ശേഷിക്കുന്നവര്‍. എത്രകാലം എന്നറിയില്ല. എങ്കിലും കുറെ പേര്‍ക്ക് തങ്ങള്‍ സഹായവും ആശ്രയവുമാവുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഈ വഴികാട്ടികള്‍.
Content Highlights: Bus Guides In Calicut Bus Stand